പത്തനംതിട്ട : ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് സ്‌പോട്ട് ബുക്കിങ്ങിന് നിയന്ത്രണം. ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഈ നടപടി. പോലീസിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് ഈ തീരുമാനം.
ജനുവരി 10 മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മകരവിളക്കിന് മൂന്ന് നാള്‍ മുമ്പ് തന്നെ ഭക്തര്‍ ശബരിമലയിലെത്തി മകരവിളക്ക് ദര്‍ശനത്തിനായി ക്യാമ്പ് ചെയ്യുകയാണ് പതിവ്. തിരുവാഭരണ ദര്‍ശനത്തിനും മകരവിളക്ക് ദര്‍ശനവും കഴിഞ്ഞാണ് ഇവര്‍ മലയിറങ്ങുക. ഇത്തരത്തില്‍ കൂടുതല്‍ ഭക്തര്‍ അയ്യപ്പ ദര്‍ശനത്തിനായി മലകയറിയാല്‍ അത് അയ്യപ്പ ഭക്തരുടെ സുരക്ഷയെയും സുഗമമായ ദര്‍ശന സൗകര്യത്തെയും സാരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് ബുക്കിങ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനത്തിന് എല്ലാ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് സര്‍ക്കാര്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചെങ്കിലും ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിന് പല ബുദ്ധിമുട്ടുകളുമുണ്ടായി. മണിക്കൂറുകളോളം എരുമേലിയിലും സന്നിധാനത്തും കാത്തുകെട്ടിക്കഴിഞ്ഞ ശേഷമാണ് ദര്‍ശനം നടത്താനായത്. ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ഇവരില്‍ പലരും മണിക്കൂറുകളോളം ക്യൂവില്‍ നിന്നത്.
14-ാം തീയതി വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 50000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40000 പേര്‍ക്ക് മാത്രമെ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദര്‍ശനത്തിനായി എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. 14, 15 എന്നീ തിയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവസം ശബരിമല ദര്‍ശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കും.
16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തര്‍ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ടിക്കറ്റ് നിര്‍ബന്ധമാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: