Categories: India

രാഷ്‌ട്രമന്ദിരത്തിനായി നയിച്ചവര്‍; ആവേശം പകര്‍ന്ന് നായര്‍സാബിന്റെ ചങ്കൂറ്റം

തുടര്‍ച്ചയായ അതിക്രമങ്ങളില്‍ പലപ്പോഴും ആടിയുലഞ്ഞുപോയ ഹിന്ദുമനസിന് അചഞ്ചലമായ മുന്നേറ്റത്തിന് വഴിയൊരുക്കിയത് അന്ന് ഫൈസാബാദ് കളക്ടറായിരുന്ന ഈ കുട്ടനാട്ടുകാരന്റെ കാരിരുമ്പിന്റെ കരുത്തുള്ള ദൃഢനിശ്ചയമായിരുന്നു.

Published by

യോദ്ധ്യയില്‍ മലയാളിക്കെന്ത് കാര്യമെന്ന് കേരളത്തില്‍ ചിലര്‍ ചോദിക്കുന്നു. അയോദ്ധ്യയില്‍ മലയാളിക്കാണ് കാര്യമെന്ന് ചരിത്രം പറഞ്ഞുതരും. ആലപ്പുഴ കൈനകരി കണ്ടങ്കളത്തില്‍ കരുണാകരന്‍ നായര്‍ എന്ന കെ.കെ. നായരുടെ ചങ്കൂറ്റത്തിന്റെ കൂടി ഫലമാണ് അയോദ്ധ്യയിലുയരുന്ന രാമക്ഷേത്രം.

തുടര്‍ച്ചയായ അതിക്രമങ്ങളില്‍ പലപ്പോഴും ആടിയുലഞ്ഞുപോയ ഹിന്ദുമനസിന് അചഞ്ചലമായ മുന്നേറ്റത്തിന് വഴിയൊരുക്കിയത് അന്ന് ഫൈസാബാദ് കളക്ടറായിരുന്ന ഈ കുട്ടനാട്ടുകാരന്റെ കാരിരുമ്പിന്റെ കരുത്തുള്ള ദൃഢനിശ്ചയമായിരുന്നു. ബല്‍റാംപൂരിലെ രാജാവ് മഹാരാജാ പതേശ്വരി പ്രസാദ് സിങ്, ആചാര്യന്‍ മഹന്ത് ദിഗ്വിജയ്‌നാഥ് എന്നിവര്‍ ചേര്‍ന്ന് 1948ല്‍ രാമരാജ്യപരിഷത്ത് രൂപീകരിക്കുമ്പോള്‍ അതിന് പ്രേരണയായതും കെ.കെ. നായരായിരുന്നു.

മുഗള്‍ അക്രമിയായ ബാബര്‍ പവിത്രമായ രാമക്ഷേത്രം തകര്‍ത്തപ്പേള്‍ തുടങ്ങിയ അടങ്ങാത്ത ഭക്തജനപ്രതിരോധം കെട്ടടങ്ങാതെ സൂക്ഷിച്ചതിന് പിന്നില്‍ കെ.കെ. നായരുടെ ധീരമായ നിലപാടുകളുണ്ട്. 1949 ജൂണ്‍ ഒന്നിനാണ് അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ ജില്ലാകളക്ടറായി അദ്ദേഹം ചുമതലയേറ്റത്. ശ്രീരാമജന്മഭൂമി അദ്ദേഹം സന്ദര്‍ശിച്ചു. സാഹചര്യങ്ങള്‍ പഠിച്ചു. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ശിപാ
ര്‍ശ 1949 ഒക്ടോബര്‍ 10ന് അദ്ദേഹം സര്‍ക്കാരിന് സമര്‍പ്പിച്ചു.

എന്നാല്‍ കേന്ദ്രം ഭരിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന് നിലപാട് വേറെയായിരുന്നു. അഖണ്ഡനാമജപത്തിലേര്‍പ്പെട്ടിരുന്ന സംന്യാസിമാരെ 1949 ഡിസംബര്‍ 22ന് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കാന്‍ നിര്‍ദേശം നല്കിയാണ് നെഹ്‌റു രാമഭക്തരോട് പ്രതികരിച്ചത്. കെട്ടിടത്തിനുള്ളിലെ രാമവിഗ്രഹം നീക്കിയേപറ്റൂ എന്ന് നെഹ്‌റു ശഠിച്ചു. പ്രതിഷ്ഠ മാറ്റണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദവല്ലഭ പന്ത് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കെ.കെ. നായര്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

നാമജപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ അവകാശികളാണെന്നും അവരെ ഇറക്കിവിട്ടാല്‍ രക്തപ്പുഴ ഒഴുകുമെന്നും അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. ഗോവിന്ദ വല്ലഭ പന്ത് സര്‍ക്കാര്‍, കളക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പോരാടാനായിരുന്നു കെ.കെ. നായരുടെ തീരുമാനം. അദ്ദേഹം കോടതിയില്‍ പോയി. അനുകൂല ഉത്തരവുനേടി. നെഹ്‌റുവിന്റെയും പന്തിന്റെയും മുന്നിലൂടെ വീണ്ടും ജോലിയില്‍ കയറി. അനീതി അനുവദിക്കില്ലെന്ന് ആ വിജയത്തിലൂടെ പ്രഖ്യാപിച്ച അദ്ദേഹം രാമനീതി നേടിയെടുക്കാനുള്ള പോരാട്ടത്തിനുവേണ്ടി പദവി ഉപേക്ഷിച്ച് ജനങ്ങളിലേക്കിറങ്ങി.

നെഹ്‌റുവിന്റെ ‘ഔറംഗസേബ് കല്പന’യെ സധൈര്യം തള്ളിയ കെ.കെ നായര്‍ അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി. ഫൈസാബാദിലെ ജനങ്ങള്‍ക്ക് പ്രിയങ്കരനായി. മുസ്ലീമെന്നോ ഹിന്ദുവെന്നോ ഭേദമില്ലാതെ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. ഭഗവാന്‍ രാമന്റെ കാര്യത്തിനായി പദവി ത്യജിച്ച പോരാളിയായി അവര്‍ അദ്ദേഹത്തെ ഹൃദയത്തില്‍ സ്വീകരിച്ചു. അയോധ്യയിലെ വീടുകളില്‍ ഇപ്പോഴും ആ പഴയ കളക്ടറുടെ ചിത്രം അവര്‍ സൂക്ഷിക്കുന്നതിന്റെ കാരണം അതാണ്.

പിന്നീട് അദ്ദേഹം ജനസംഘത്തിന്റെ ഭാഗമായി. 1952ല്‍ കെ.കെ. നായരുടെ ഭാര്യ ശകുന്തള നായര്‍ ജനസംഘം ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭാംഗമായി. 1967ലെ നാലാം ലോക്സഭയില്‍ കെ.കെ. നായരും ശകുന്തള നായരും ലോക്സഭാംഗങ്ങളായി. കെ. കെ.നായര്‍ ബഹ്രക് മണ്ഡലത്തില്‍നിന്നും ശകുന്തള നായര്‍ കൈസര്‍ ഗഞ്ച് മണ്ഡലത്തില്‍നിന്നുമാണ് ജയിച്ചത്. കെ.കെ. നായരുടെ ഡ്രൈവറേയും അവര്‍ ഫൈസാബാദില്‍ എംഎല്‍എയായി സ്വീകരിച്ചു.

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിലും അദ്ദേഹം അണിനിരന്നു. ജയിലില്‍ പോയി. 1977ല്‍ മരിക്കുംവരെ അദ്ദേഹം ജനസംഘം പ്രവര്‍ത്തകനായി തുടര്‍ന്നു. ഉത്തര്‍പ്രദേശുകാര്‍ അദ്ദേഹത്തെ നായര്‍ സാബ് എന്ന് വിളിച്ചു. ഏകമകന്‍ മാര്‍ത്താണ്ഡ വിക്രമന്‍ നായര്‍ കൊല്‍ക്കത്തയിലെ അപ്പലൈറ്റ് ട്രിബ്യൂണലായിരുന്നു. ഇപ്പോള്‍ ദല്‍ഹിയിലാണ് താമസം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by