ഇന്നേക്ക് 74 വര്‍ഷം മുമ്പ്, ഭാരതത്തിന് വൈദേശിക ഭരണത്തില്‍നിന്ന് എന്നേക്കുമായി രാഷ്ട്രീയ-ഭരണ സ്വാതന്ത്ര്യം ലഭിച്ച ശേഷം അയോദ്ധ്യയില്‍ പൂജാവിഗ്രഹമായി ബാലകരാമന്റെ വിഗ്രഹം പ്രതിഷ്ഠിച്ചു. മുഗള്‍ ഭരണത്തിന്റെ തേര്‍വാഴ്ചയില്‍ ക്ഷേത്രവും വിഗ്രഹവും തകര്‍ക്കപ്പെട്ടതിന് ശേഷം, നെടുനാളത്തെ പോരാട്ടങ്ങള്‍ക്കു ശേഷം എത്രയോ കാലത്തെ ശൂന്യതയ്ക്കൊടുവിലാണ് രാമഭക്തര്‍ സനാഥരായത്.
1949 ഡിസംബര്‍ 22ന്റെ രാത്രിയിലായിരുന്നു അത്. തര്‍ക്ക കെട്ടിടത്തില്‍ ബാലകരാമനെ(രാംലല്ലയെ) പ്രതിഷ്ഠിച്ച സംഘത്തിന്റെ നേതാവായിരുന്നു ബിഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള നാഗബൈരാഗി അഭിരാം ദാസ്. ഊണിലും ഉറക്കത്തിലും അഭിരാംദാസ് പോറ്റിയ സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയായിരുന്നു അത്. ബാബറി മസ്ജിദ് എന്ന് വിളിക്കപ്പെട്ടിരുന്ന ആ കെട്ടിടത്തിന്റെ മധ്യ താഴികക്കുടത്തിനടിയില്‍ രാംലല്ല ഇരിക്കുന്നതായി അദ്ദേഹത്തിന് സ്വപ്നദര്‍ശനമുണ്ടായി. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. രാമാനന്ദി സമ്പ്രദായത്തില്‍പെട്ട ഈ നാഗബൈരാഗി, നിര്‍വാണി അഖാഡയുമയി നിത്യസമ്പര്ക്കത്തിലായിരുന്നു..
കരുത്തന്… ആജാനുബാഹു… നാട്ടുനടപ്പനുസരിച്ച് പരിശീലിച്ച ഗുസ്തിയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. അതില്‍ അഭിരാമിന് എതിരാളികളില്ലായിരുന്നു. അയോദ്ധ്യയില്‍ അദ്ദേഹത്തിന്റെ വിളിപ്പേര് ‘പോരാളി സംന്യാസി’ എന്നായിരുന്നു. ഹിന്ദുമഹാസഭയില്‍ അംഗമായതിനാല്‍ മഹന്ത് ദിഗ്വിജയ് നാഥുമായി അടുപ്പമുണ്ടായിരുന്നു.
രാമജന്മഭൂമിയുടെ ‘രക്ഷകനായ ബാബ’ എന്നാണ് ഇപ്പോള്‍ പലരും ഓര്‍മ്മിക്കുന്നത്. അയോദ്ധ്യയില്‍ രാംലല്ലയുടേതുള്പ്പെടെയുള്ള വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നതിനെതിരെ പോലിസ് ഫയല്‍ ചെയ്ത എഫ്ഐആറില്‍ അഭിരാം ദാസിനെ മുഖ്യപ്രതിയാക്കിയിരുന്നു. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ജനകീയമായ ശ്രമങ്ങള്‍ നടക്കവേ 1981ല്‍ അദ്ദേഹം വിട വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: