കണ്ണൂര്‍: പ്രധാനമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാന് മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
ക്രിസ്മസിനോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാന് ആക്ഷേപവാക്കുകളിലൂടെ ക്രൈസ്തവരെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ്. സജി ചെറിയാന്റെ അഹങ്കാരം നിറഞ്ഞതും അബദ്ധ ജഡിലവുമായ വാക്കുകള്‍ കേരള സമൂഹത്തെ തന്നെ അവഹേളിക്കുന്നതുമാണ്.
പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചത് പൗരധര്മ്മമായാണ് കാണേണ്ടത്. ക്രൈസ്തവ മേലധ്യക്ഷന്മാര് അധികാരികളുടെ ക്ഷണം സ്വീകരിക്കുന്നത് പാര്‍ട്ടി നോക്കി അല്ല എന്ന വസ്തുത മറന്നുകൊണ്ടാണ് സജി ചെറിയാന് ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ചതെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, തലശേരി അതിരൂപത പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറര്‍ ഫിലിപ്പ് വെളിയത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: