തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ചാന്‍സലര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘ് സ്ഥാപിച്ച ബാനര്‍ ഇരുട്ടിന്റെ മറപറ്റി നീക്കിയത് അധര്മ്മത്തിന് ലഹരിയിലുണ്ടായ സന്തതികളെന്ന് ബിഎംഎസ് സംസ്ഥാന സമിതി അംഗം താന്നിവിള സതികുമാര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ ബിഎംഎസ് സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ പദവി വഹിക്കുന്ന കേരളാ ഗവര്‍ണര്‍ കൂടിയായ സര്‍വകലാശാലയുടെ ചാന്‍സലറെ അപമാനിക്കാന്‍ നിലവിലെ ഡീന്‍ ഇന്‍ ചാര്‍ജ് ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നു. അദ്ദേഹം ഇത് കണ്ടില്ലെന്ന് നടിക്കുന്നത് കോളജിന്റെ ഡീന്‍ ഓഫ് ഫാക്കല്‍റ്റി എന്ന അധികാരം നുണയാന്‍ വേണ്ടിയാണെന്ന് യോഗത്തില്‍ ബിഎംഎസ് തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് മധു എ. പറഞ്ഞു.
ദിവസങ്ങള്‍ ആയിട്ടും വിവാദ ബാനര്‍ നീക്കാന്‍ നടപടിയെടുക്കാത്തത് അവരോടുള്ള വിധേയത്വ മനോഭാവമാണെന്ന് കല്ലിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ചന്തു കൃഷ്ണ വ്യക്തമാക്കി. ചാന്‍സലര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചവരെ കണ്ടെത്തി മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ കൂടിയായ ബിജു പി. പറഞ്ഞു.
സംസ്ഥാന സമിതി അംഗം താന്നിവിള സതികുമാറിന്റെ നേതൃത്വത്തില്‍ സംഘ് പ്രവര്‍ത്തകര്‍ ഇതിലുള്ള കടുത്ത പ്രതിഷേധം കോളജ് ഡീനിനെ നേരില്‍ക്കണ്ട് രേഖപ്പെടുത്തി. സിസിടിവി ക്യാമറകളും 24 മണിക്കൂറും സെക്യൂരിറ്റി സംവിധാനവും രാത്രി പോലീസ് നിരീക്ഷണവുമുള്ള ക്യാമ്പസിനുള്ളില്‍ നടന്ന ഈ പ്രശ്നത്തില്‍ ശക്തമായ അന്വേഷണം സ്വന്തം നിലയ്ക്കും പോലീസും നടത്തണമെന്ന് ഡീനിന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
എംപ്ലോയീസ് സംഘ് സംസ്ഥാന അധ്യക്ഷന്‍ വി.എന്‍. അജിയുടെ അധ്യക്ഷതയില്‍ ആരംഭിച്ച പ്രതിഷേധ പരിപാടിക്ക് വര്‍ക്കേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി ബിജു പി. സ്വാഗതം പറഞ്ഞു. എംപ്ലോയീസ് സംഘ് സംസ്ഥാന ട്രഷറര്‍ സുനില്‍കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. ചാന്‍സലറെ അപമാനിക്കുന്ന ബാനര്‍ നീക്കാനും സംഘ് സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചവരെ കണ്ടെത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവര്‍ത്തകര്‍ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: