ന്യൂദല്‍ഹി: ഭാരത പാരാ അമ്പെയ്ത്ത് താരം ശീതള്‍ ദേവി ഈ വര്‍ഷത്തെ മികച്ച വനിതാ താരത്തിനുള്ള ലോക പുരസ്കാരം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഭാരത താരമാണ് ജമ്മുകശ്മീരില്‍ നിന്നുള്ള 16 കാരി ശീതള്‍ ദേവി. ഇക്കഴിഞ്ഞ ഏഷ്യന്‍ പാരാ ഗെയിംസിലെ വനിതാ അമ്പെയ്ത്തില്‍ സ്വര്‍ണനേട്ടം കൈവരിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ലോകത്താകമാനമുള്ള ഏഴര ലക്ഷം പേരുടെ വോട്ടിങ്ങിനെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നിര്‍ണയിക്കുന്നത്. നവംബര്‍ പകുതിയോടെ വോട്ടിങ് ആരംഭിച്ചിരുന്നു. പോയ വര്‍ഷത്തിലെ സീസണിലാണ് ശീതള്‍ ദേവി മികച്ച നേട്ടം കൊയ്തത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന വനിതകള്‍ക്കായുള്ള ലോക അമ്പെയ്ത്ത് പാരാ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഈ നേട്ടത്തോടെ താരത്തിന് ഇക്കൊല്ലം നടക്കുന്ന പാരിസ് പാരാലിംപിക് ഗെയിംസില്‍ പങ്കെടുക്കാന്‍ യോഗ്യത നേടാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: