ആലപ്പുഴ: ഒന്നര വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയും, അമ്മയുടെ പുരുഷ സുഹൃത്തും അറസ്റ്റില്‍. അര്‍ത്തുങ്കല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പ്രതികളെ അര്‍ത്തുങ്കല്‍ പോലീസ് പിടികൂടിയത്. പിന്നീട് കുത്തിയതോട് പോലീസിന് കൈമാറി.
കുട്ടിയുടെ അമ്മ ആലപ്പുഴ സ്വദേശി, സുഹൃത്ത് കണിച്ചുകുളങ്ങര ചക്കുപറമ്പ് വീട്ടില്‍ കൃഷ്ണകുമാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്. കൃഷ്ണകുമാര്‍ ഇതിനു മുമ്പും മറ്റുകേസുകളില്‍ പ്രതിയായിട്ടുണ്ട്. ഐപിസി 324, 326 വകുപ്പുകള്‍ പ്രകാരവും ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
സാരമായി പരിക്കേറ്റ കുഞ്ഞ് നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തിയോട് സ്വദേശിയുടെ മകന് ഒന്നരവയസുകാരനാണ് പരിക്കേറ്റത്. കുഞ്ഞിന്റെ കൈയില്‍ പൊട്ടലും ശരീരം മുഴുവന്‍ ചൂരല്‍ കൊണ്ട് അടിച്ച പാടുകളുമുണ്ട്.
കുട്ടിയുടെ അമ്മയും, അച്ഛനും ഏതാനും നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ആലപ്പുഴയില്‍ അമ്മയോടൊപ്പമായിരുന്നു കുഞ്ഞ് കഴിഞ്ഞിരുന്നത്. ഇവിടെ അമ്മയുടെ സുഹൃത്ത് കൃഷ്ണകുമാറും താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിനെ അച്ഛന്റെ കുത്തിയത്തോട്ടിലെ വീട്ടിലെത്തി കൃഷ്ണകുമാര്‍ ഏല്‍പ്പിച്ചു. അപ്പോഴാണ് മകന്റെ ശരീരത്തിലെ ചൂരല്‍ പാടുകള്‍ വീട്ടുകാര്‍ ശ്രദ്ധിച്ചത്.
ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. കുഞ്ഞ് അതിക്രൂര മര്‍ദനത്തിന് വിധേയനായിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് കുഞ്ഞിന്റെ മൊഴി പ്രകാരം പോലീസ് കേസെടുത്തത്.
കുട്ടിയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കള്‍ സമ്മതിച്ചാല്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: