അബുദാബി: അബുദാബി പ്രവാസജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി യൂസഫലി. തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ നിന്നുള്ള യൂസഫലി ദുബായില്‍ എത്തിച്ചേരുന്നത് 1973 ഡിസംബര്‍ 26നാണ്.
ബോംബെ തുറമുഖത്ത് നിന്നും പുറപ്പെട്ട് അദ്ദേഹം ദുബായിലെ റാഷിദ് തുറമുഖത്ത് എത്തുകയായിരുന്നു. അബുദാബിയിലെ കൊട്ടാരത്തിലെത്തി താന്‍ ആദ്യമായി ദുബായിലെത്താന്‍ ഉപയോഗിച്ച പാസ്പോര്‍ട്ട് യുസഫലി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കാണിച്ചുകൊടുത്തിരുന്നു.
ദുബായിലേക്ക് പോകുമ്പോള്‍ 19 വയസ്സ് മാത്രമായിരുന്നു പ്രായം. തന്റെ 50 വര്‍ഷക്കാലത്തിനിടയില്‍ വെറുമൊരു പ്രവാസി ബിസിനസുകാരന് എന്നതിനപ്പുറം ഗള്‍ഫിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന കണ്ണിയായും യൂസഫലി പ്രവര്‍ത്തിച്ചു. അതുകൊണ്ട് തന്നെ പത്മശ്രീ ഉള്‍പ്പെടെ പല പുരസ്കാരങ്ങളും തേടിയെത്തി.
ഇന്ന് വിവിധരാജ്യങ്ങളില്‍ നിന്നുള്ള 69000 പേര്‍ക്ക് ജോലി നല്കുന്ന സ്ഥാപനാണ് യൂസഫലിയുടെ ലുലു. ഇതില്‍ 35000 മലയാളികളും ഉള്‍പ്പെടും. ചെറിയൊരു കടയില്‍ നിന്നും തുടങ്ങിയ ബിസിനസ് ഇപ്പോള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമായി 260 സ്ഥാപനങ്ങള്‍ 24 രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്നു.
പ്രധാനമന്ത്രി മോദിയോടും യോഗി ആദിത്യനാഥിനോടുംഅപൂര്വ്വ സൗഹൃദം പങ്കിടുന്ന ബിസിനസുകാരന് കൂടിയാണ് യൂസഫലി. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാള്‍ യുപിയില്‍ പണിതത് യോഗിയോടുള്ള യൂസഫലിയുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന് ശേഷം കശ്മീരില്‍ യുഎഇയില്‍ നിന്നും വന്‍തുകയുടെ ബിസിനസ് കൊണ്ടുവരുന്നതിന് പിന്നില്‍ യൂസഫലിയുണ്ട്. ഇന്ത്യയില്‍ 10000 കോടി രൂപയുടെ ബിസിനസ് നിക്ഷേപമാണ് മോദിയുമായി കൂടിക്കണ്ടതിന് ശേഷം യൂസഫലി പ്രഖ്യാപിച്ചത്. അത് പടിപടിയായി നടപ്പാക്കുകയാണ് ലുലു ഗ്രൂപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: