ചരിത്ര സ്മാരകങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാജസ്ഥാന് ഓര്‍ത്തെടുക്കാന്‍ ഒരുപാട് കഥകളുണ്ട്. കോട്ടകള്‍, തടാകങ്ങള്‍, ഛത്രികള്‍, നഗരങ്ങള്‍ എന്നിങ്ങനെ രാജാക്കന്മാരുടെ നാടിന്റെ കാഴ്ചകള്‍ ഇന്നും കൗതുകം തന്നെയാണ്. ഒരു കാലത്ത് ചിട്ടയോടെ നിര്‍മ്മിച്ച പലതും അധിനിവേശങ്ങള്‍ക്ക് വിധേയമായിട്ടും തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ ചുരുക്കം ചിലവ നഷ്ടപ്രതാപത്തിന്റെ ഓര്‍മകള്‍ പേറുന്നു. ജയ്‌സാല്‍മീറിലെ കുല്‍ധര എന്ന ഗ്രാമത്തിന് പറയാനുള്ളത് ചരിത്രവും കഥകളും വേര്‍തിരിച്ചെടുക്കാന്‍ പറ്റാത്തവിധം നിഗൂഡമായ ഒരു ഭൂതകാലമാണ്.
ജയ്സാല്‍മീറില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരെ ഥാര്‍ മരുഭൂമിയിലെ ഈ ഗ്രാമം ഒറ്റദിനം കൊണ്ടാണ് ജനങ്ങള്‍ ഉപേക്ഷിച്ചുപോയത്. ഒരു കാലത്ത് സര്‍വ്വ പ്രതാപത്തോടെ വാണിരുന്ന, എന്തു പ്രശ്നത്തിനും ഗ്രാമ മുഖ്യന്റെ മുന്നില്‍ പരിഹാരം കണ്ടിരുന്ന ഒരു ജനത. പക്ഷേ ഇന്ന് അവിടെയെത്തിയാല്‍ കാണാനാവുന്നത് തകര്‍ന്ന നിരവധി വീടുകളും, അവയ്‌ക്ക് നടുവില്‍ ആരാധനാമൂര്‍ത്തിയില്ലാതെ നിലകൊള്ളുന്ന അവരുടെ ക്ഷേത്രവുമാണ്. ജനങ്ങള്‍ ഉപേക്ഷിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞും കുല്‍ധാര ഇന്നും അവിടെയുണ്ട്. പക്ഷേ കാലം മറ്റൊരു പേരു ചാര്‍ത്തിയെന്നുമാത്രം, രാജസ്ഥാനിലെ പ്രേതഗ്രാമം.
കുല്‍ധര എന്ന സമ്പന്ന ഗ്രാമം
പതിമൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ, ഒരു കാലത്ത് പാലിവാല്‍ ബ്രാഹ്മണര്‍ അധിവസിച്ചിരുന്ന സമ്പന്ന ഗ്രാമമായിരുന്നു കുല്‍ധര. പാലിയില്‍ നിന്ന് ജയ്‌സാല്‍മീര്‍ മേഖലയിലേക്ക് കുടിയേറിയ ബ്രാഹ്മണരാണ് കുല്‍ധാരാ ഗ്രാമത്തില്‍ താമസമാക്കിയത്. പാലിയില്‍ നിന്ന് ഇവിടെത്തിയ ഈ കുടിയേറ്റക്കാരെ പാലിവാളുകള്‍ എന്നാണ് വിളിച്ചിരുന്നത്. ഗ്രാമീണര്‍ കൂടുതലും വ്യാപാരികളും കര്‍ഷകരുമായിരുന്നു.
എല്ലാ നിലയിലും സമ്പന്നതയുടെ ഉന്നതിയിലായിരുന്നു അന്നത്തെ കുല്‍ധാര. കാക്നി നദിയില്‍ നിന്നുള്ള ജലം ആയിരുന്നു അവരുടെ ജീവനാഡി. ഈ നദി വറ്റുമ്പോഴൊക്കെ പടിക്കിണറുകള്‍ മാത്രമായിരുന്നു ജല സ്രോതസ്സ്. കാരണം വ്യക്തമല്ലെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ ഗ്രാമത്തെ ജനങ്ങള്‍ പൂര്‍ണമായും കൈവിട്ടു. കുറഞ്ഞുവരുന്ന ജലലഭ്യത കാര്‍ഷിക ഉല്‍പ്പാദനക്ഷമതയെ വളരെയധികം ബാധിച്ചത് കുല്‍ധാരയെ ഉപേക്ഷിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയിരുന്നു എന്ന വാദമുള്ളപ്പോഴും ഏറ്റവും പ്രചാരമുള്ളത് മറ്റൊരു കഥയ്‌ക്കാണ്.
കാരണം പെണ്‍കുട്ടിയോ?
കഥകളില്‍ ഏറ്റവും പ്രചാരത്തിലുള്ളത് കുല്‍ധാരയിലെ സര്‍പഞ്ചിന്റെ (ഗ്രാമമുഖ്യന്റെ)മകളുമായി ബന്ധപ്പെട്ട കഥയാണ്. അതി സമ്പന്നതയില്‍ കഴിയുമ്പോഴും കുല്‍ധാരയിലെ ജനങ്ങളുടെ അവസാനവാക്ക് അവരുടെ ഗ്രാമമുഖ്യനായിരുന്നു. അവിടെ എന്തു പ്രശ്നത്തിനും അവര്‍ പരിഹാരം കണ്ടിരുന്നു. പക്ഷെ ഒരേ ഒരു കാര്യത്തില്‍ തീരുമാനം എടുത്തത് ജനങ്ങള്‍ ആയിരുന്നു. അതാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്ന കുല്‍ധാര.
കുല്‍ധാര ഗ്രാമത്തിന്റെ എല്ലാമായിരുന്നു ഗ്രാമമുഖ്യന്റെ മകള്‍. ഒരിക്കല്‍ നാട്ടിലെ മന്ത്രിയായ സലീംസിങ്ങിന് ഗ്രാമുഖ്യന്റെ മകളില്‍ മോഹമുദിക്കുന്നു. തന്റെ ഇംഗിതം ഭടന്മാര്‍ മുഖേന ഗ്രാമമുഖ്യനെ അറിയിക്കുന്നു. വിവാഹിതനായ, ഒന്നിലധികം ഭാര്യമാരുള്ള സലിംസിങ്ങിന് തന്റെ പതിനാറുവയസ്സുകാരി മകളെ വിവാഹം കഴിച്ചു കൊടുക്കുന്നത് അദ്ദേഹത്തിന് ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു. തന്റെ ആവശ്യം നിരാകരിച്ച കുല്‍ധാരയിലെ ഗ്രാമുഖ്യനേയും ജനങ്ങളേയും പല രീതിയില്‍ സലിംസിങ്ങ് ഉപദ്രവിച്ചുകൊണ്ടിരുന്നു.
നദിയില്‍ നിന്ന് വെള്ളമെടുക്കുന്നത് തടയുക, ഗ്രാമത്തിന് മേലുള്ള നികുതി അമിതമായി വര്‍ദ്ധിപ്പിക്കുക തുടങ്ങി കുല്‍ധാരയുടെ മേല്‍ അമിതഭാരം ഏര്‍പ്പെടുത്തി. സലിം സിങ്ങിന്റെ വാളുകള്‍ക്ക് ഇരയാകുകയോ അല്ലെങ്കില്‍ പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോകുകയോ ചെയ്യും എന്ന അവസ്ഥയില്‍ കുല്‍ധാരയുള്‍പ്പെടെ എണ്‍പത്തിനാല് ഗ്രാമങ്ങളിലെ ഗ്രാമമുഖ്യന്മാരും ഗ്രാമവാസികളും ഒന്നാകെ ഒരു തീരുമാനം എടുത്തു. അടുത്തദിനം നേരം വെളുത്തത് കുല്‍ധാരയെ ആളൊഴിഞ്ഞ പ്രദേശമാക്കിയായിരുന്നു. ഇതുവരെ കെട്ടിയുയര്‍ത്തിയവയെല്ലാം ഉപേക്ഷിച്ച് ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഇരുപതിനായിരത്തോളം വരുന്ന ജനങ്ങള്‍ എവിടേക്കോ അപ്രത്യക്ഷമായി.
തങ്ങള്‍ പൂജിച്ചിരുന്ന ക്ഷേത്രത്തിലെ വിഗ്രഹം ഉള്‍പ്പെടെ എടുത്ത് യാത്രയായ അവര്‍ കുല്‍ധാരയെ നോക്കി ഒന്നുകൂടെ പറഞ്ഞു. ഇനി ഇവിടെ ഒരാള്‍ക്കും താമസിക്കാന്‍ ഇടവരാതിരിക്കട്ടെ. ബ്രാഹ്മണ ശാപമേറ്റ പ്രദേശം, ഈ ഗ്രാമത്തില്‍ അന്തിയുറങ്ങുന്നവരുടെ കുടുംബാംഗങ്ങള്‍ അകാലത്തില്‍ മരിക്കും എനിങ്ങനെയുള്ള വിശ്വാസങ്ങള്‍ താര്‍ മരുഭൂമിയിലെ ഈ മണ്ണിനെ ജനങ്ങളില്‍ നിന്നകറ്റി.
സമ്പന്നയില്‍നിന്നും നിഗൂഡതയിലേക്ക്
കുല്‍ധാര എന്ന പേര് ഇന്ന് അറിയപ്പടുന്നത് ഇന്ത്യയിലെതന്നെ പ്രേതബാധയുള്ള സ്ഥലങ്ങളുടെ പട്ടികയിലാണ്. ഗ്രാമം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചവര്‍ക്കൊക്കെ അപകടങ്ങള്‍ സംഭവിച്ചു എന്നും പറയപ്പെടുന്നു. ഇന്നും വൈകുന്നേരം മുതല്‍ രാവിലെ വരെ ആര്‍ക്കും ഇവിടേക്ക് പ്രവേശനം ഇല്ല. രാത്രിയില്‍ ഇവിടേക്കുള്ള വഴിചോദിച്ചാല്‍ പോലും നിരുത്സാഹപ്പെടുത്തുന്ന മറുപടിയാവും ഗ്രാമവാസികളില്‍ നിന്നും ഇന്നും ലഭിക്കുക.
നിരവധി പാരാനോര്‍മല്‍ ആക്ടിവിസ്റ്റുകളുടെയും സഞ്ചാരികളുടേയും ഇഷ്ടകേന്ദ്രമാണ് ഇന്ന് കുല്‍ധാര. ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റിയിലെ 18 അംഗ സംഘം ഒരു രാത്രി ഇവിടെ ചെലവഴിച്ചിരുന്നു.
ചില അസാധാരണ പ്രവര്‍ത്തനങ്ങളെ അവര്‍ക്ക് നേരിടേണ്ടിവന്നതായി അവര്‍ അവകാശപ്പെട്ടു. പ്രശസ്തനായ പാരാനോര്‍മല്‍ ആക്ടിവിസ്റ്റ് ഗൗരവ് തിവാരിയും സംഘത്തിലുണ്ടായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഗൗരവിനെ ദല്‍ഹിയിലെ തന്റെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതു കുല്‍ധാരയുമായി ചേര്‍ത്തുനിര്‍ത്തി പിന്നീട് കഥകളുണ്ടാക്കിയത് പ്രേത നഗരം എന്ന പ്രചാരണത്തിന് കൂടുതല്‍ ആക്കംകൂട്ടി.
ടൂറിസം ഭൂപടത്തിലേക്ക്
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിച്ചുവരുന്ന ഈ പ്രദേശം 2010ല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ന് ജയ്സാല്‍മീറിലെ പ്രധാന ആകര്‍ഷണമാണ് കുല്‍ധാര. ഗ്രാമമുഖ്യന്റേതടക്കം ചില വീടുകള്‍ പുനര്‍നിര്‍മ്മിച്ചു. നഗരമതിലിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാണാം.
ആ മണ്ണിലലിഞ്ഞ മനുഷ്യരുടെ സ്മാരകങ്ങളും, ആരാധനാമൂര്‍ത്തിയില്ലാത്ത ക്ഷേത്രവും, വീടുകളും ഇന്നും അവിടെ നിലനില്‍ക്കുന്നു. ഗ്രാമത്തെ കുറിച്ചുള്ള കഥകളും പാലിവാള്‍ ബ്രാഹ്മണരുടെ ജീവിതരീതിയും കുല്‍ധാരയില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. സ്ഥലത്തെ വെള്ളത്തിന്റെ ലഭ്യതക്കുറവോ ഭൂകമ്പമോ ഒക്കെയാവാം കാലങ്ങള്‍ കഴിയുംതോറും ഈ ഗ്രാമത്തെ ഉപേക്ഷിക്കപ്പെടാന്‍ കാരണമായതെന്ന വാദവും നിലവിലുണ്ട്. ഒരാളും അറിയാതെ ഒരു ഗ്രാമം എങ്ങനെ ഒഴിഞ്ഞുപോകും എന്ന ചോദ്യം ഇതിന് ശക്തിപകരുന്നു.
നിരവധി സിനിമകളുടെ ലൊക്കേഷന്‍ കൂടിയാണ് ഇന്ന് കുല്‍ധാര. ഇവിടെ എത്തുന്ന സഞ്ചാരികളുടെ തിരക്ക് ഒരുകാലത്ത് ആളുകള്‍ നിങ്ങിപ്പാര്‍ത്തിരുന്ന ഒരു ഗ്രാമത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോലെയാണ്, പക്ഷേ അവ പകല്‍ സമയങ്ങളില്‍ മാത്രം. രാത്രിയായാല്‍ കുല്‍ധാര ഇന്നും വിജനമാണ്. കുല്‍ധാരയുടെ കഥയറിയാവുന്ന കാക്‌നി നദിയാവട്ടെ ബ്രാഹ്മണ ശാപം പോലെ വറ്റിവരണ്ട് ഇന്ന് ഒരു പേരുമാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: