ന്യൂഡൽഹി: 2023-ൽ രാജ്യത്തിന്റെ ചരിത്ര നേട്ടമായിരുന്നു ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3യുടെ വിജയം. ഇതിന് ശേഷം സെപ്റ്റംബറിൽ വിക്ഷേപണം നടത്തിയ ആദ്യ സൗര ദൗത്യം ജനുവരി ആറിന് ലഗ്രാഞ്ച് പോയിന്റിലെത്തും. അടുത്തതായി പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ പ്രഹേളികകളിൽ ഒന്നായ തമോഗർത്തത്തെക്കുറിച്ചും പഠിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇസ്രോ.
2024 ജനുവരി ഒന്ന് അതായത് നാളെ രാവിലെ തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കുന്നതിനായുള്ള പദ്ധതിയ്‌ക്ക് തുടക്കം കുറിയ്‌ക്കുകയാണ് ഭാരതം. പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഒരു നൂതന ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രത്തിനാണ് തുടക്കം കുറിക്കുന്നത്. ഇതോടെ ഇത്തരത്തിലൊരു കേന്ദ്രമുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും.
XPoSAT അല്ലെങ്കിൽ X-ray Polarimeter സാറ്റലൈറ്റ് എന്നാണ് പേടകത്തിന് നൽകിയിരിക്കുന്ന പേര്. ഇസ്രോയുടെ റോക്കറ്റായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലാകും ഇത് വിക്ഷേപിക്കുക. ഒരു വർഷത്തിനുള്ളിൽ പ്രപഞ്ചം പര്യവേഷണം ചെയ്യുന്നതിനുള്ള ഭാരതത്തിന്റെ മൂന്നാം ദൗത്യമാണിത്. ഇവയിൽ ആദ്യത്തേത്ത് 2023 ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ആയിരുന്നു. പിന്നാലെ സെപ്റ്റംബർ 2-ന് വിക്ഷേപിച്ച സൗരദൗത്യം ആദിത്യ-എൽ1 ആണ് രണ്ടാമത്തേത്.
വളരെ ഉയർന്ന മാസുള്ള നക്ഷത്രങ്ങളെയാണ് തമോഗർത്തങ്ങൾ അഥവാ ബ്ലാക്ക്ഹോളുകൾ എന്ന് പറയപ്പെടുന്നത്. ഉയർന്ന ഗുരുത്വാകർഷണമുള്ളതിനാൽ തന്നെ പ്രകാശം പോലും പുറത്തേക്ക് കടക്കില്ല.ഈ മേഖലയാണ് തമോദ്വാരം അല്ലെങ്കിൽ തമോഗർത്തം അഥവാ ബ്ലാക്ക് ഹോൾ എന്ന് അറിയപ്പെടുന്നത്. പ്രകാശം പ്രതിഫലിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യാത്തതിനാൽ തമോദ്വാരം പുറംലോകത്തിന് അദൃശ്യമായിരിക്കും.എന്നാൽ ചുറ്റുമുള്ള വസ്തുക്കളിൽ അതുണ്ടാക്കുന്ന മാറ്റങ്ങളിലൂടെ സാന്നിധ്യം മനസ്സിലാക്കാനാകും. ബ്ലാക്ക്ഹോളിൽ നിന്നും നിന്നും ഒരു നിശ്ചിത അകലത്തിനുള്ളിൽ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്ഹോൾ തനിക്കുള്ളിലേക്കു വലിച്ചു ചേർക്കും. എന്നാൽ ഈ പരിധിക്ക് പുറത്തുള്ളവയ്‌ക്ക് രക്ഷപ്പെടാം. ഇവന്റ് ഹൊറൈസൻ എന്നാണ് ഈ പരിധിയെ വിളിക്കുക.ഭൂമിയോട് ഏറ്റവും അടുത്തു നിൽക്കുന്ന ബ്ലാക്ക് ഹോൾ 1000 പ്രകാശ വർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: