ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസി പദ്ധതിയിടുന്നതായി ഇസ്രോ മേധാവി എസ് സോമനാഥ്. ജിയോ ഇന്റലിജൻസ് ശേഖരണത്തിന്റെ ഭാഗമായാണ് വിക്ഷേപണമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ നീക്കങ്ങൾ ട്രാക്ക് ചെയ്യുന്നതിനും ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തിലുള്ള ചിത്രങ്ങൾ എടുക്കുന്നതിനുമാണ് വിക്ഷേപണം.
ഉപഗ്രഹങ്ങളുടെ ഒരു പാളി വിവിധ ഭ്രമപഥങ്ങളിൽ നിലനിർത്താനാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ മേഖലയിലേക്കുള്ള വികസനവും കുതിപ്പുമാണ് ഇസ്രോ ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഐഐടി-ബോംബെ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഒരു രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളും സമീപ മേഖലകളും നിരീക്ഷിക്കുന്നതിനുള്ള ശാസ്ത്ര സാങ്കേതിക വിദ്യകൾ നിലവിൽ പേടകങ്ങൾക്കുണ്ട്.
ഇതിനാൽ തന്നെ പദ്ധതി വിജയിച്ചാൽ എല്ലാം ഉപഗ്രഹങ്ങളിലൂടെ കാണാനാകും. ഏത് രാജ്യത്തിന്റെയും ശക്തിയെന്നത് ചുറ്റും നോക്കികാണുന്നതിനുള്ള കഴിവാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 50 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് ലക്ഷ്യം വയ്ക്കുന്നതെന്ന് എസ് സോമനാഥ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: