കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന 354ാം വകുപ്പു കൂടി ചേര്‍ത്ത് പിണറായി സര്‍ക്കാരിന്റെ പൊലീസ് കേസെടുത്തതോടെ അറസ്റ്റ് ചെയ്തേക്കാം എന്ന ഭയമുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സുരേഷ് ഗോപിയുടെ കേസില്‍ ഹൈക്കോടതി ജനവരി എട്ടിന് വാദം കേള്‍ക്കും.
ഒക്ടോബര്‍ 27ന് കോഴിക്കോട് വാര്‍ത്താസമ്മേളനം നടക്കുന്നതിനിടയിലാണ് സുരേഷ് ഗോപി തോളില്‍ കൈവെച്ചെന്ന ആരോപണം വനിതാ മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിയത്. സുരേഷ് ഗോപിയ്‌ക്ക് വളരെ നാളായി അറിയുന്ന ഒരു മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. വീഡിയോയില്‍ തന്നെ വളരെ പ്രസന്നവതിയായി കാണപ്പെട്ടിരുന്ന മാധ്യമപ്രവര്‍ത്തക പിന്നീട് രാത്രിയോടെയാണ് സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് നല്‍കിയത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
വനിതാ മാധ്യമപ്രവര്‍ത്തക കോഴിക്കോട് നടക്കാവ് പൊലീസില്‍ കേസ് നല്‍കിയതോടെ ഇന്ത്യന്‍ ശിക്ഷാ നിയമം 354 എയിലെ രണ്ട് ഉപവകുപ്പനുസരിച്ച് സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നവമ്പര്‍ 18ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം നടക്കാവ് പൊലീസ് വിട്ടയച്ചിരുന്നു.
അതിന് ശേഷം, ഐപിസി 354ാം വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസ് കൂടി ചേര്‍ത്തിരിക്കുകയാണ്. ഇതിനാല്‍ ഈ വകുപ്പുപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും മകളുടെ വിവാഹം ജനവരി 17നാണെന്നും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. മകളുടെ വിവാഹം ഗുരുവായൂരിലും തിരുവനന്തപുരത്തും ആയി നടത്താനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം.കേസില്‍ എട്ടിന് ഹൈക്കോടതി വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: