ന്യൂദല്‍ഹി : മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ജന്മദിന (സിസംബര്‍ 30) ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച പാഞ്ചാജന്യം ഭാരതം ദേശീയ ജോയിന്റ് സെക്രട്ടറി ബിനു ഒ.എസിന്റെ അധ്യക്ഷതയില്‍ ചേര്‍്ന്ന ചടങ്ങില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.
ഹിന്ദുസ്ഥാന്‍ സമാചാര്‍ വാര്‍ത്താ ഏജന്‍സിയുടെ ദേശീയ ഭാഷാ സമ്മാന്‍ അവാര്‍ഡ് ജേതാവും, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ കെ. രാധാകൃഷ്ണന് പുരസ്കാരവും നേടിയിട്ടുള്ള വ്യക്തിയാണ് കാവാലം ശശികുമാര്‍. മാതൃഭാരതി ദേശീയ ജോയിന്റ് സെക്രട്ടറി സതി സുനില്‍ സ്വാഗതവും പാഞ്ചാജന്യം ഭാരതം ഉത്തം മേഖല സെക്രട്ടറി കാര്‍ത്തിക് ദേവദാസ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ഗുരുകുലം കലാഭരതിയിലെ കുട്ടികള്‍ ഭജനയും അവതരിപ്പിച്ചു.
മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന് സാംസ്കാരിക ആത്മീയ നവോത്ഥാനത്തിന്റെ ഉജ്ജ്വല മൂര്‍ത്തിയാണ്. മലയാള ഭാഷയുടെ മാത്രമല്ല, മലയാളക്കരയുടേയും മലയാളിയുടേയും നവോത്ഥാനത്തിന്റെ പരമാചാര്യന് കൂടിയായ തുഞ്ചത്ത് എഴുത്തച്ഛന് ഇതര രാജ്യങ്ങളും സംസ്ഥാനങ്ങളും അവരവരുടെ ഭാഷാ- സാംസ്കാരിക- ആദ്ധ്യാത്മിക ആചാര്യന്മാര്ക്ക് നല്കുന്ന മാനാദരങ്ങള്ക്ക് തുല്യമായ ആദരങ്ങള്‍ നല്കാന് മടിക്കുന്നതായി കാണുന്നു.
നമ്മുടെ സംസ്കാരത്തില്‍ അഭിമാനിക്കാന്‍ നമുക്ക് എഴുത്തച്ഛന് ഇനിയും ഉന്നതമായ പരിഗണനകള്‍ നല്‍കേണ്ടതുണ്ട്. എഴുത്തച്ഛന്റെ സമാധി സ്ഥലമായ തിരൂരില്‍ ആചാര്യന് ഉചിതമായ തരത്തില്‍ പ്രതിമ സ്ഥാപിച്ച് സ്മാരകം നിര്‍മിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: