ലക്നൗ: അയോദ്ധ്യയിൽ നിർമ്മാണം പൂർത്തിയായ അന്താരാഷ്ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇതിന് പുറമെ 15,700 കോടി രൂപയുടെ മറ്റ് വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ഇന്ന് രാവിലെ പത്ത് മണിയോടെ പ്രധാനമന്ത്രി അയോദ്ധ്യയിൽ എത്തും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആകും അദ്ദേഹത്തെ സ്വീകരിക്കുക. ഇതിന് ശേഷമാകും നവീകരണം പൂർത്തിയായ അയോദ്ധ്യ ധാം റെയിൽവേ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി എത്തുക. എയർപോർട്ട് മുതൽ റെയിൽവേ സ്റ്റേഷൻ വരെ റോഡ് ഷോയാണ് സജ്ജമാക്കിയിരിക്കുന്നത്.
11.15-ഓടെ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടന കർമ്മം അദ്ദേഹം നിർവഹിക്കും. ഇതിനൊപ്പം തന്നെ സംസ്ഥാനത്ത് പുതിയ ആറ് വന്ദേഭാരത് ട്രെയിനുകളും രണ്ട് അമൃത് ഭാരത് ട്രെയിനുകളും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. 12.15-ഓടെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും. പൊതുപരിപാടിയിൽ പങ്കെടുക്കവെയാകും 15,700 കോടി രൂപയുടെ വിവിധ മേഖലകളിലെ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: