കൊച്ചി: ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകരെ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കന്നുകാലികളെ പോലെയാണ് കണക്കാക്കുന്നതെന്ന് ബിജെപി ദേശീയ സെകട്ടറി അനില്‍ ആന്റണി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ കാര്യത്തില്‍ ഹൈന്ദവവിശ്വാസികളെ അവഹേളിക്കുന്ന സിപിഎമ്മും സര്‍ക്കാരും രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ന്യൂനപക്ഷപ്രീണനം നടത്തുകയാണ്. ഈ കാര്യത്തില്‍ സിപിഎമ്മും സംസ്ഥാന കോണ്‍ഗ്രസും ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ദേശീയ വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് മനസാണ്. എന്നാല്‍ ഹമാസ് തീവ്രവാദികളുടെ കാര്യത്തില്‍ ഒരുമനസാണ്. ഹമാസിനായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ വലിയ സമ്മേളനങ്ങള്‍ നടത്തുന്ന ഇവര്‍ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി നയിക്കുന്ന മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും. രാജ്യത്തെ ഓരോ വീടും മോദി സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താവാണ്. രണ്ടാം മോദി സര്‍ക്കാര്‍, ബ്രിട്ടനെ പിന്തള്ളി രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാക്കിയെങ്കില് മൂന്നാം മോദി സര്‍ക്കാര്‍ ഭാരതത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: