ന്യൂദല്‍ഹി : കേന്ദ്രവും അസം സര്‍ക്കാരും യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമും (ഉള്‍ഫ) തമ്മില്‍ ചരിത്രപരമായ ത്രികക്ഷി സമാധാന കരാര്‍ ഇന്ന് ഒപ്പുവച്ചു. വടക്കുകിഴക്കന്‍ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനാണ് കരാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവെച്ചത്.
അസമിന്റെ ഭാവിയുടെ സുവര്‍ണ ദിനമാണ് ഇന്ന് എന്നത് സന്തോഷകരമായ കാര്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച അമിത് ഷാ പറഞ്ഞു. അസമും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ദീര്‍ഘകാലം അക്രമത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ദല്‍ഹിയും വടക്കുകിഴക്കും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തീവ്രവാദം, അക്രമം, സംഘര്‍ഷം എന്നിവയില്‍ നിന്ന് മുക്തമായ വടക്കുകിഴക്ക് എന്ന കാഴ്ചപ്പാടോടെയാണ് പ്രധാനമന്ത്രിയുടെ മാര്ഗനിര്ദേശത്തിന് കീഴില്‍ ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിച്ചതെന്ന് അമിത്ഷാ പറഞ്ഞു.
വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സമാധാനവും അതിര്‍ത്തിയുമായി ബന്ധപ്പെട്ട ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചതായി ആഭ്യന്തരമന്ത്രി പറഞ്ഞു. തൊള്ളായിരത്തിലധികം തീവ്രവാദികള്‍ കീഴടങ്ങി. ഈ കരാറോടെ, അസമിലെ ഏറ്റവും പഴയ വിമത ഗ്രൂപ്പായ ഉള്‍ഫ അക്രമത്തിന്റെ പാത ഉപേക്ഷിക്കാന്‍ സമ്മതിച്ചു.
ഉള്‍ഫ സംഘര്‍ഷത്തില്‍ ഈ രാജ്യത്തെ പൗരന്മാരായിരുന്ന 10,000ത്തോളം പേര് ഇരുഭാഗത്തുനിന്നും കൊല്ലപ്പെട്ടുവെന്നും എന്നാല്‍ ഇന്ന് ഈ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അസമിന്റെ സമഗ്ര വികസനത്തിനായി വലിയ പാക്കേജും നിരവധി വലിയ പദ്ധതികളും ഏര്‍പ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. കരാറിലെ എല്ലാ വ്യവസ്ഥകളും മോദി സര്‍ക്കാര്‍ പാലിക്കും . 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അസമില്‍ അക്രമ സംഭവങ്ങള്‍ 87 ശതമാനവും മരണങ്ങള് 90 ശതമാനവും തട്ടിക്കൊണ്ടുപോകല്‍ 84 ശതമാനവും കുറഞ്ഞു.
ഉള്‍ഫയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആഭ്യന്തര മന്ത്രാലയം സമയബന്ധിതമായ പരിപാടി തയാറാക്കുമെന്നും അതിന്റെ നിരീക്ഷണത്തിനായി കമ്മിറ്റി രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: