തൃശൂര്‍: പദ്ധതികള്‍ കൊണ്ടുവരിക മാത്രമല്ല അതിന്റെ പ്രയോജനം താഴെ തട്ടിലുള്ള എല്ലാവരിലും എത്തിക്കുന്നതിനും കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര രാസവസ്തു രാസവളം, പുതു പുനരു ഉപയോഗ ഊര്‍ജ്ജവകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ വികസന, ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഉദ്ദേശിച്ചു നടപ്പിലാക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രയുടെ ഭാഗമായി തൃശ്ശൂര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവര്ക്കും ഒപ്പം എല്ലാവരുടെയും വികസനം’ എന്നതാണ് കേന്ദ്ര ഗവണ്മെന്റിന്റെ ആപ്തവാക്യമെന്നു പറഞ്ഞ ഖുബ. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്യ ഭേദമന്യേ എല്ലാവര്ക്കും വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയെ ഒരു ഉത്പാദക കേന്ദ്രമായി ഉറ്റുനോക്കുകയാണ്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഒരു ലക്ഷത്തി പതിനായിരം ആയി ഉയര്‍ന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ ഗുണഭോക്താക്കളിലും ഫലപ്രദമായി എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പ്രധാനമന്ത്രി വികസിത് ഭാരത് സങ്കല്പ യാത്രയ്ക്ക് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ തൃശ്ശൂര്‍ അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, കനറാ ബാങ്ക് തൃശ്ശൂര്‍ മേഖലാ അസിസ്റ്റന്റ് മാനേജര്‍ കെ.എസ് രാജേഷ്, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ മോഹന ചന്ദ്രന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, വാര്‍ഡ് മെമ്പര്‍ ഹിതേഷ് കെ ടി തുടങ്ങിയവര്‍ സംസാരിച്ചു. അപേക്ഷകര്‍ക്ക് അനുവദിക്കപ്പെട്ട വായ്പകളുടെ അനുമതിപത്രങ്ങള്‍ കേന്ദ്ര സഹമന്ത്രി ചടങ്ങില്‍ കൈമാറി. വിവിധ കലാപരിപാടികളും അരങ്ങേറി.
ഉച്ചക്ക് ശേഷം നെന്മണിക്കര പഞ്ചായത്തില്‍ നടന്ന വികസിത് ഭാരത് സങ്കല്പ യാത്രയിലും കേന്ദ്ര സഹമന്ത്രി പങ്കെടുത്തു. കര്‍ഷകര്‍, യുവാക്കള്‍, വനിതകള്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ഉന്നമനമാണ് പ്രധാനമന്ത്രിയുടെ പ്രഥമ പരിഗണനമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ മോഹന ചന്ദ്രന്, എസ്.ബി.ഐ അഡ്മിന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രവി കിരണ്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: