അയോധ്യ: ഈ മാസം മുപ്പതിന് അയോധ്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുണ്യ നഗരത്തെ ലോകോത്തര മായി വികസിപ്പിക്കുന്നതിന് 11,100 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം രാഷ്്ട്രത്തിനു സമര്‍പ്പിക്കും.
അയോധ്യ ധാം ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാമക്ഷേത്രത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് പുനര്‍നിര്‍മ്മിച്ചതും വീതികൂട്ടി മനോഹരമാക്കിയതുമായ നാല് റോഡുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മുപ്പതിന് ഉച്ചയ്ക്ക് 12.15നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരുമണിത്ത് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. അകത്തളങ്ങള്‍ ഭഗവാന് ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകള്‍, ചിത്രങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു.
അയോധ്യ ധാം ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് എന്നറിയപ്പെടുന്ന പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം ഘട്ടത്തിന് 240 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷന് കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശു പരിപാലന മുറികള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ആധുനിക സവിശേഷതകളും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: