കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയ സ്ഥലത്ത് കേന്ദ്രസംഘത്തിന്റെ പരിശോധന ആരംഭിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദക്ഷിണ മേഖല ഡയറക്ടര്‍ ജയചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള, കര്‍ണാടക മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഘം കാസര്‍കോട് വെള്ളൂര്‍ പഞ്ചായത്തിലെ മിഞ്ചിപ്പദവ് എന്ന സ്ഥലത്ത് പരിശോധന നടത്തിയത്. 2000ത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ തുടര്‍ന്ന് അവശേഷിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി കുഴിച്ച് മൂടിയ സ്ഥലത്താണ് സംഘം പരിശോധന നടത്തിയത്. തൊട്ടടുത്തുള്ള കിണറുകളിലെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതോടൊപ്പം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഗോഡൗണില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു.
2024 ജനുവരി രണ്ടിനകം പഠനം നടത്തി റിപ്പോര്‍ട്ട് നല്കാനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം. ഉടുപ്പിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ബോഗ് ആണ് പരാതിയുമായി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. വിഷം നിര്‍വീര്യമാക്കാതെ അശാസ്ത്രീയമായി കുഴിച്ചുമൂടിയതിനാല്‍ ഭാവിയില്‍ ഭൂഗര്‍ഭ ജലത്തില്‍ എന്‍ഡോസള്‍ഫാന്‍ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇത് ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുമെന്നുമാണ് ഷാന്‍ബോഗ് പരാതിയില്‍ വ്യക്തമാക്കുന്നത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ ഇപ്പോഴും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ഡോ. രവീന്ദ്രനാഥ് ഷാന്‍ബോഗ് ചൂണ്ടിക്കാട്ടുന്നത്.
സാമ്പിളുകള്‍ പരിശോധിച്ച് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടിയുണ്ടാവുക. ഷാന്‍ബോഗ് നല്കിയ പരാതിയില്‍ അദ്ദേഹം നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനത്തിന്റെ തെളിവുകള്‍ കൂടി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: