അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്കൊരുങ്ങുന്ന ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ താഴത്തെ നിലയ്ക്ക് പതിനാല് വാതിലുകള്‍. മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ നിന്നെത്തിച്ച തടികളിലാണ് ഈ വാതിലുകള്‍ കൊത്തിയെടുത്തത്. പതിനാലു വാതിലുകളിലും ചെമ്പ് പാളി പതിപ്പിച്ച് സ്വര്‍ണം പൂശും.
ദല്‍ഹിയിലെ കേന്ദ്രത്തിലാണ് സ്വര്‍ണം പൂശുന്ന പ്രവര്‍ത്തനം നടക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള രാമഭക്തരാണ് ഈ ജോലി ചെയ്യുന്നത്. എല്ലാ വാതിലുകളിലും കൊത്തുപണികളുണ്ട്. താമരയില്‍ ദേവതാരൂപങ്ങളാണ് കൊത്തിയെടുക്കുന്നത്. എല്‍ ആന്‍ഡ് ടി കമ്പനിയാണ് വാതിലുകളുടെ രൂപകല്പന ചെയ്തിരിക്കുന്നത്.
ശ്രീകോവിലിന്റെ വാതിലുകളുടെ ഉയരം എട്ട് അടിയും വീതി 12 അടിയുമാണ്. മറ്റ് വാതിലുകള്‍ക്ക് ഉയരം എട്ട് അടിയില്‍ താഴെയും വീതി 12 അടിയുമാണ്. രണ്ട് പാളികളായാണ് വാതിലുകളുടെ രൂപകല്പന. ഭാരതീയ വാസ്തുവിദ്യയില്‍ വിഖ്യാതമായ നാഗര ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം.
ഒഡീഷയിലെ ഭുവനേശ്വറില്‍ സ്ഥിതി ചെയ്യുന്ന മഹാലിംഗരാജക്ഷേത്രത്തിന്റെ നിര്‍മ്മാണം ഈ രീതിയിലാണ്. നാഗര ശൈലിയിലുള്ള ക്ഷേത്രങ്ങളില്‍ ഇരുമ്പും സിമന്റും ഉപയോഗിക്കാറില്ല. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ നാലു ദിക്കുകളിലും വ്യത്യസ്ത വാതിലുകളുണ്ടാകും.
ക്ഷേത്ര താഴികക്കുടത്തിന്റെ വീതി 34 അടിയും നീളം 32 അടിയുമാണ്. ക്ഷേത്രമുറ്റത്ത് നിന്നുള്ള താഴികക്കുടങ്ങളുടെ ഉയരം 69 അടി മുതല്‍ 111 അടി വരെയാണ്. മക്രാന മാര്‍ബിളാണ് ശ്രീകോവിലില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ തൂണുകളുടെ എണ്ണം 392 ആണ്. 2100 കിലോഗ്രാം വരുന്ന കൂറ്റന്‍ മണിയാണ് ക്ഷേത്രത്തില്‍ ഉപയോഗിക്കുക. മണിയുടെ വീതി അഞ്ച് അടിയും ഉയരം ആറ് അടിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: