ന്യൂദല്‍ഹി: വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ജനകോടികള്‍ക്ക് ആശ്വാസമേകാനും കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് അരിയെത്തിക്കുന്നു. കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഭാരത് അരി. നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന് ഓഫ് ഇന്ത്യ), നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എന്‍സിസിഎഫ്) എന്നിവ വഴിയും മൊബൈല്‍ വാനുകളിലുമാണ് അരിയെത്തിക്കുക.
ഭാരത് ആട്ട (ഗോതമ്പുപൊടി), ഭാരത് ദാല്‍ എന്നിവയുടെ വിതരണം വിജയമായതിനാലാണ് ജനങ്ങള്‍ക്ക് അരി നേരിട്ടെത്തിക്കാനും കേന്ദ്രം പദ്ധതിയിടുന്നത്. ദേശീയ തലത്തില്‍ അരിക്ക് ഇപ്പോള്‍ കിലോയ്ക്ക് 43.50 രൂപയാണ്. വില നിയന്ത്രിക്കുക വഴി വിലക്കയറ്റം തടയുകയാണു ലക്ഷ്യം. രാജ്യത്തെ രണ്ടായിരത്തിലേറെ കേന്ദ്രങ്ങളില്‍ ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപയ്ക്കും ഭാരത് ദാല്‍ 60 രൂപയ്ക്കും കേന്ദ്രം വിതരണം ചെയ്യുന്നു. ഇതേ രീതിയിലാകും അരി വിതരണം.
ഈയിടെ ബസുമതിയല്ലാത്ത എല്ലാ അരിയുടെയും സവാളയുടെയും കയറ്റുമതി കേന്ദ്രം തടഞ്ഞിരുന്നു. ആഭ്യന്തര വിപണിയില്‍ ഇവ കൂടുതലെത്തിച്ച് വിലക്കയറ്റം തടയാനായിരുന്നു ഇത്. അതുപോലെ സവാള സംഭരിച്ച് കേന്ദ്രം കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്തിരുന്നു.
വിപണിയില്‍ അരി ലഭ്യതയുറപ്പാക്കാന്‍ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് അരിയെത്തിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റം കുറഞ്ഞ് നാലു ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ദേവേന്ദ്ര പന്ത് പറഞ്ഞു.
കേരളത്തില്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഴി, സബ്സിഡി നിരക്കില്‍ ലഭിച്ചിരുന്ന അരിയടക്കം പതിമൂന്നിലേറെ അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ്, കേന്ദ്രം കുറഞ്ഞ വിലയ്ക്ക് അരി കൊടുക്കാന്‍ പദ്ധതിയിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: