തിരുവനന്തപുരം: രാഷ്ടീയ ഗുണ്ടകളെ വിരിയിച്ചെടുക്കാനുള്ള നഴ്സറികളാക്കി സര്‍വകലാശാലകളെ സര്‍ക്കാര്‍ മാറ്റുകയാണെന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവണ്‍ പി. രാജ്. സംസ്ഥാന സര്‍ക്കാരിന്റേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും നയം മാറ്റിയില്ലെങ്കില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ അണിനിരത്തി എബിവിപി ചെറുക്കുമെന്ന് ശ്രാവണ്‍ പി. രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാമ്പസുകളെ എസ്എഫ്ഐയും വൈസ് ചാന്‍സലര്‍മാരും പോലീസിന്റെ സഹായത്തോടുകൂടി ഇടതുവല്ക്കരിക്കുകയാണ്. ഗവര്‍ണറെയും സെനറ്റിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളെയും തടയുന്നു. വിനാശകരമായ വിദ്യാര്‍ത്ഥി പ്രവര്‍ത്തനമാണ് എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്നത്. മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളോട് ഇല്ലാത്ത അയിത്തം എബിവിപിക്കാരോട് എന്തിനാണെന്ന് ശ്രാവണ്‍ ചോദിച്ചു.
എബിവിപി പ്രതിനിധികളടക്കമുള്ള സെനറ്റ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ എസ്എഫ്ഐ ഇനിയും തടഞ്ഞാല്‍ നിയമത്തിന്റെ വഴി തേടും. സിന്‍ഡിക്കേറ്റിലും സെനറ്റിലും വൈസ് ചാന്‍സലര്‍മാര്‍ ഇതിനു മുമ്പ് ശിപാര്‍ശ ചെയ്തവരുടെ പശ്ചാത്തലത്തെ സംബന്ധിച്ച് ആരും അന്വേഷിച്ചിട്ടില്ല. അന്നൊന്നും ആരും ഉപരോധവുമായി വന്നിട്ടില്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരെ സിന്‍ഡിക്കേറ്റിലും സെനറ്റിലും ഉള്‍പ്പെടുത്തുക വഴി കേരളത്തിലെ വിദ്യാഭ്യാസമേഖലയെ കമ്മ്യൂണിസ്റ്റുവത്കരിച്ചിരിക്കുകയാണെന്നും ശ്രാവണ്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയുടെ വക്കിലാണ്. കേരളത്തിലെ പഠനനിലവാരത്തെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവതരമാണ്. മൂല്യനിര്‍ണയത്തെ പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. സര്‍വകലാശാലകളില്‍ ആയിരക്കണക്കിന് സീറ്റുകള്‍ നികത്താനാകാതെ കിടക്കുന്നു. സര്‍ക്കാരിന്റെ നിസഹകരണം മൂലം ഒന്‍പത് സര്‍വകലാശാലകള്‍ സ്ഥിരം വൈസ്ചാന്‍സലര്‍ ഇല്ലാത്ത നാഥനില്ലാ കളരികള്‍ ആയി. ഇത്രയേറെ പ്രതിസന്ധികള്‍ മുന്നിലുള്ളപ്പോഴും സര്‍വകലാശാലകളെ ഇടതു ഏകാധിപത്യത്തിന്റെ കോട്ടകളാക്കുക എന്ന ദുരുദ്ദേശ്യം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്.
ചാന്‍സലറെ തെരുവില്‍ ആക്രമിക്കാന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ഒത്താശ ചെയ്തത് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുമാണ്. എതിര്‍സ്വരങ്ങള്‍ ഉയര്‍ത്തുന്നവരെ അടിച്ചൊതുക്കുന്ന, സ്റ്റാലിനിസ്റ്റ് ശൈലിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ശ്രാവണ്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി.യു. ഈശ്വരപ്രസാദ്, ജില്ലാ സെക്രട്ടറി അനന്തു മുരളീധരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: