എല്ലാ പൂജകളുടെയും സാമാന്യസ്വഭാവം ഒന്നുതന്നെ ആണെങ്കിലും ഓരോരോ മൂര്‍ത്തിക്കും വെവ്വേറെ മൂലമന്ത്രവും ബീജാക്ഷരങ്ങളും ശക്തിമന്ത്രവും നിര്‍മ്മാല്യധാരിയും ഉണ്ട്. കൂടെത്തന്നെ മൂര്‍ത്തികളുടെ ആവാഹന മന്ത്രങ്ങളും ആയുധഭൂഷണധ്യാനമന്ത്രങ്ങളും വ്യത്യാസപ്പെട്ടിരിക്കും. അവകള്‍ ഗുരുമുഖത്തുനിന്നുതന്നെ പഠിക്കേണ്ടിയിരിക്കുന്നു. വൈഷ്ണവമൂര്‍ത്തികള്‍, ശൈവമൂര്‍ത്തികള്‍, ശാക്തേയങ്ങളായ ദേവീവര്‍ഗങ്ങള്‍, ഗണപതിവര്‍ഗങ്ങള്‍. ശാസ്തൃവര്‍ഗങ്ങള്‍, സുബ്രഹ്മണ്യന്‍, ശങ്കരനാരായണന്‍ ഇങ്ങനെ ഏഴു വര്‍ഗങ്ങളില്‍പ്പെടുന്ന മുന്നൂറില്‍പരം മന്ത്രമൂര്‍ത്തികളുടെ പ്രതിഷ്ഠകള്‍ കേരളീയ ക്ഷേത്രങ്ങളില്‍ ഉള്ളതായാണ് കണക്കാക്കപ്പെ ട്ടിരിക്കുന്നത്. ഇവയ്‌ക്കെല്ലാം ഈഷദീഷദ് വ്യത്യാസങ്ങളോടെ യുള്ള മൂലമന്ത്രാദികളുമുണ്ട്. അവകള്‍ മനസ്സിലാക്കുന്നതിന് പുടയൂര്‍ ഭാഷ, തന്ത്രസമുച്ചയം, പരമേശ്വരാനുഷ്ഠാനം, ശേഷസമുച്ചയം എന്നീ ഗ്രന്ഥങ്ങള്‍ ആധികാരികമായി ഗണിച്ചുവരുന്നു. ഇവകള്‍ക്ക് ആധാരമായി ഭൈരവയാമളം, രുദ്രയാമളം, ശാരദാതിലകം, മന്ത്രാര്‍ണ്ണവം, മന്ത്രമഹോദധി തുടങ്ങിയ പ്രശസ്തങ്ങളായ ഗ്രന്ഥങ്ങളും നിലവിലുണ്ട്.
പൂജാവിധിയില്‍ കൈമുദ്രകളും ശീലിക്കേണ്ടിയിരിക്കുന്നു. മുദ്രകള്‍ എല്ലാ മൂര്‍ത്തികള്‍ക്കും പൂജകള്‍ക്കും സമാനങ്ങളാണെങ്കിലും അവ ഒട്ടു വളരെയുണ്ട്. (സപരിവാരം പൂജകളില്‍ ഒട്ടാകെ അറുപത്തിയെട്ട് മുദ്രകള്‍ വിവരിച്ച് പറഞ്ഞിട്ടുണ്ട്.) എല്ലാ മൂര്‍ത്തികള്‍ക്കും അഭിഷേകത്തിന് ഉപയോഗിക്കുന്ന വൈദികമന്ത്രങ്ങളും സൂക്തങ്ങളും ഒന്നുതന്നെയാണ്.
മന്ത്രങ്ങള്‍ക്കെല്ലാം ആരംഭത്തില്‍ ഓംകാരവും അന്ത്യത്തില്‍ നമഃ എന്നും ചേര്‍ക്കണം. മൂര്‍ത്തികളുടെ ചതുര്‍ത്ഥ്യന്തങ്ങളായ നാമങ്ങളോട് ചേര്‍ത്താണ് നമഃ പ്രയോഗിക്കേണ്ടത്. ഇതേപോലെ ഒറ്റ അക്ഷരമുള്ള ബീജമന്ത്രങ്ങള്‍ക്ക് (ഉദാ: വം, ലം, ഹം, യം, രം, ഠം, ഹ്രീം, ശ്രീം ഇത്യാദികള്‍) ദ്വിതീയാന്തങ്ങളോടാണ് നമഃ ചേര്‍ക്കേണ്ടത്. പത്മമിട്ടുള്ള പൂജകളില്‍ പഞ്ചവര്‍ണ്ണത്തിലുള്ള പത്മപ്പൊടികളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വെള്ളപ്പൊടിയും (ഉണക്കലരിപ്പൊടി) മഞ്ഞള്‍പ്പൊടിയും നിര്‍ബന്ധമാണ്. സാധാരണ പൂജകള്‍ക്ക് അഷ്ടദളമോ സ്വസ്തികമോ കടുംതുടിയോ ആയാലും മറ്റു പത്മത്തിന്റെ നടുക്ക് നെല്ലും അരിയും (അക്ഷതമായാലും മതി കോടിവസ്ത്രമോ അഥവാ പട്ടുവസ്ത്രമോ വച്ച് അതിന്റെ മുകളില്‍ കൂര്‍ച്ചം വച്ച് (മൂന്ന് ദര്‍ഭപ്പുല്ലുകള്‍ എടുത്ത് ഒരുമിച്ച് പിരിച്ച് അശ്ര ങ്ങള്‍ പ്രത്യേക തരത്തില്‍ കെട്ടിയാണ് കൂര്‍ച്ചം ഉണ്ടാക്കുന്നത്) അതിന്റെ പുറത്തുവേണം പ്രധാനവിളക്ക് വയ്‌ക്കാന്‍. ഗുരു, ഗണപതികള്‍ക്കുള്ള വിളക്കുകളില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ തിരി ഇട്ട് കത്തിച്ചാല്‍ മതി. വിഷ്ണുപൂജയ്‌ക്ക് എട്ടുതിരിയിട്ടു കത്തിക്കണം. ദീപം തെളിക്കാനുള്ള മന്ത്രം അഷ്ടാക്ഷരമാണ്. ശിവന് അഞ്ചുതിരിയിട്ട് ദീപം കൊളുത്തിയാല്‍ മതി, മന്ത്രം പഞ്ചാക്ഷരം. ദുര്‍ഗയ്‌ക്ക് അഞ്ചുതിരി മതി. മന്ത്രം ത്രിഷ്ടുപ്പ് എന്ന വേദമന്ത്രം. എല്ലാ മൂര്‍ത്തികള്‍ക്കും മുമ്പില്‍ ദീപം വേണം. എന്നാല്‍ ശിവന് മുമ്പിലും പുറകിലും വേണം. രാവിലെയുള്ള പൂജകള്‍ പൂര്‍വ്വാഭിമുഖമായും സന്ധ്യകഴിഞ്ഞുള്ളവ പശ്ചിമാഭിമുഖമായും (ക്ഷേത്രങ്ങളില്‍ എപ്പോഴും ബിംബത്തിന് അല്പം വലത്തുമാറി എന്നാല്‍ ഏതാണ്ട് അഭിമുഖമായും) ഇരുന്നുവേണം നടത്താന്‍ വിഗ്രഹങ്ങള്‍ അഷ്ടബന്ധമിട്ട് ഉറപ്പിച്ചാണ് സാധാരണ പ്രതി ഷ്ഠിക്കുന്നത്. അവ എടുത്തുമാറ്റാവുന്നവയല്ല. അവ ‘അചലബിംബ ങ്ങളെന്നു പറയപ്പെടുന്നു. എന്നാല്‍ എടുത്തുമാറ്റാവുന്ന ചലബിംബ ങ്ങളുമുണ്ട്. മന്ത്രാരാധനകൊണ്ട് ചൈതന്യനിര്‍ഭരമായ മൂര്‍ത്തിയുടെ തേജസ്സ് അല്പാല്പം അദ്ദേഹത്തെ ദര്‍ശിച്ച് തൊഴുതു നില്ക്കുന്ന ഭക്തരിലേയ്‌ക്ക് സംക്രമിപ്പിക്കപ്പെടുന്നു എന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ മൂര്‍ത്തിചൈതന്യത്തില്‍ കുറവു സംഭവിക്കാതിരിക്കാനാണ് നിത്യപൂജകള്‍ എന്ന് അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. കൂടെത്തന്നെ ചൈതന്യവര്‍ദ്ധനവിന് കലശാഭിഷേകം, വേദജപങ്ങള്‍, ഭൂതബലികള്‍, ലക്ഷാര്‍ച്ചനകള്‍, നാമജപങ്ങള്‍, ഭജനകള്‍, അന്നദാനം, ക്ഷേത്രോത്സവങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നു. ഏറ്റവും പ്രധാനം തന്ത്രിയുടെ പ്രതിഷ്ഠാസമയത്തെ സങ്കല്പം അറിഞ്ഞുള്ള പുസ്തകള്‍ തന്നെയാണ്. ആയത് മൂലമന്ത്രോപദേശത്തോടെ പൂജകപരമ്പരകള്‍ സ്വംശീകരിക്കുകയാണ് പതിവ്. ഹിരണ്യകശിപുവിനെ വധിക്കാന്‍ ഭവാന്‍ തൂണിലും തുരുമ്പിലും അവസ്ഥിതനായിരിക്കുന്നു. എന്ന പ്രഹ്ലാദ വചനം സത്യമാക്കിച്ചെയ്യാന്‍ (സത്യം വിധാതും നിജഭൃത്യഭാഷിതം എന്ന് ഭാഗവതം) തൂണില്‍ നിന്ന് ശത്രുനിഗ്രഹോദ്യുക്തനായി പുറത്തേക്ക് ചാടിയ ഘോരനരസംഹമൂര്‍ത്തിയെ സങ്കല്പിച്ചും, ഹിരണ്യവധം കഴിഞ്ഞ് പ്രഹ്ലാദസ്തുതികൊണ്ട് പ്രസന്ന നായിരിക്കുന്ന, അനുഗ്രഹോദ്യുക്തനായിരിക്കുന്ന ശാന്തനരസിംഹ മൂര്‍ത്തിയെ സങ്കല്പിച്ചും ഉള്ള പ്രതിഷ്ഠകള്‍ ഉണ്ട്. മൂര്‍ത്തികള്‍ കാഴ്ചയില്‍ സമാനമായിരിക്കും. എന്നാല്‍ അവയുടെ മൂലമന്ത്രവും ധ്യാനശ്ലോകവും മറ്റും വിഭിന്നങ്ങളായിരിക്കും. അതു മനസ്സിലാ ക്കാതെ നരസിംഹ വിഗ്രഹങ്ങള്‍ക്കെല്ലാം ഒരേ മന്ത്രങ്ങള്‍ ഉപയോഗിച്ച് പൂജചെയ്താല്‍ ചൈതന്യക്ഷതി സംഭവിക്കും. സന്താന ഗോപാലമൂര്‍ത്തിയും വേണുഗോപാലമൂര്‍ത്തിയും വൈകുണ്ഠത്തില്‍ യോഗനിദ്രയില്‍ വര്‍ത്തിക്കുന്ന അനന്തശായിയായ ശ്രീപത്മ നാഭനും ശ്രീവല്ലഭനും എല്ലാം വൈഷ്ണവമൂര്‍ത്തികളാണെങ്കിലും മൂലമന്ത്രങ്ങളും ധ്യാനങ്ങളും മറ്റു പല മന്ത്രങ്ങളും ഭിന്നങ്ങളാണ്. അതേ പോലെ തപസ്വിയായ ശിവനും സപത്‌നീകനായ ശിവനും കിരാതമൂര്‍ത്തിയും വേറെ വേറെയാണ്. ശബരിമലയിലും അച്ചന്‍ കോവിലിലും പ്രതിഷ്ഠകള്‍ രണ്ടു സങ്കല്പങ്ങളിലാണ്. ചുരുക്കത്തില്‍ പൂജകള്‍ പൊതുവേ മൂര്‍ത്തിയറിഞ്ഞു പൂജകന്‍ നടത്തേണ്ട താവശ്യമാണെന്നു സാരം.
ഇങ്ങനെ നൂറ്റാണ്ടുകള്‍കൊണ്ട് വ്യത്യാസങ്ങള്‍ വിസ്മരിക്ക പ്പെട്ട് അന്യോന്യം ഏകോപിതമായി നൈഗമികവും (വൈദികവും) ആഗമികവും (പ്രാഗ്‌വൈദികവും) ആയ ആചാരാനുഷ്ഠാനങ്ങള്‍ ഒന്നായിത്തീര്‍ന്നു. ആ അനുഷ്ഠാനങ്ങളില്‍ നിന്നും ധര്‍മ്മസംഹിതകളില്‍ നിന്നും ഉയിര്‍ക്കൊണ്ട ജീവിതവീക്ഷണത്തിനും മൂല്യ ചിന്തയ്‌ക്കും അവയ്‌ക്ക് അനുരോധമായി ജീവിച്ച ഭാരതീയ ജനതയുടെ സാധനാസമാശ്രിതമായ പാരമ്പര്യത്തിനും പൈതൃകത്തിനും സംസ്‌കൃതിക്കുമാണ് ഹിന്ദുമതമെന്നും ഹിന്ദുധര്‍മ്മമെന്നും ഹിന്ദുസംസ്‌കാരമെന്നുമൊക്കെ ഇപ്പോള്‍ പറഞ്ഞുവരുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: