ന്യൂദല്‍ഹി: ജനങ്ങളില്‍നിന്ന് പ്രവര്‍ത്തന ഫണ്ട് ശേഖരിക്കാനുള്ള കോണ്‍ഗ്രസിന്റെ ക്രൗഡ് ഫണ്ടിങ് വീണ്ടും പാളി. ഒരാഴ്ചകൊണ്ട് ആകെ ശേഖരിച്ചത് 5.35 കോടി രൂപ മാത്രം.
ഓണ്‍ലൈന്‍ വഴി ഫണ്ട് ശേഖരിക്കുന്നതിന്റെ തുടക്കം വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസ് പരസ്യപ്പെടുത്തിയ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അത് ബിജെപിയിലേക്കാണ് പോകുന്നതെന്ന കണ്ടെത്തലാണ് കോണ്‍ഗ്രസിനെ നാണം കെടുത്തിയത്. തുടര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രശ്നം പരിഹരിച്ചെങ്കിലും ജനങ്ങള്‍ കോണ്‍ഗ്രസിന് പണം നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.
ഒരാഴ്ച കൊണ്ട് രാജ്യമൊട്ടാകെ സമാഹരിച്ചത് 5.35 കോടി രൂപയാണെന്ന് പാര്‍ട്ടി ഖജാന്‍ജി അജയ് മാക്കന് എക്സിലൂടെ അറിയിച്ചു. ആദ്യ ദിനം 1.45 കോടിയാണ് ലഭിച്ചത്.
ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് മഹാരാഷ്ട്രയില്‍ നിന്നാണ്, 82.48 ലക്ഷം രൂപ. സംഭാവന നല്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം ഇല്ല. രാജസ്ഥാനില്‍ നിന്ന് 57.73 ലക്ഷം, ഉത്തര്‍പ്രദേശില്‍ നിന്ന് 47.07 ലക്ഷം, ഹരിയാനയില്‍ നിന്ന് 46.84 ലക്ഷം, കര്‍ണാടകയില്‍ നിന്ന് 31.56 ലക്ഷം എന്നിങ്ങനെയാണ് സംഭാവന.
ഡിസംബര്‍ 18ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ക്രൗഡ് ഫണ്ടിങ്ങിന് തുടക്കമിട്ടത്. സമാഹരിച്ച തുകയില്‍ 1.38 ലക്ഷം രൂപ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ തന്നെ നല്‍കിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: