ന്യൂദല്‍ഹി: മുസ്ലിം ലീഗ് ജമ്മു കശ്മീര്‍ (മസറത്ത് ആലം വിഭാഗം) എന്ന സംഘടനയെ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എംഎല്‍ജെകെ-എംഎയിനെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഎപിഎ പ്രകാരം വിലക്കിയത്.
നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും, അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ രാജ്യത്തിന്റെ നിയമങ്ങള്‍ കൊണ്ടു നേരിടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മസറത്ത് ആലം ഭട്ട് അധ്യക്ഷനായ എംഎല്‍ജെകെ-എംഎ എന്നറിയപ്പെടുന്ന മുസ്ലീം ലീഗ് ജമ്മു കശ്മീര്‍ (മസറത്ത് ആലം വിഭാഗം) ഇന്ത്യാ വിരുദ്ധവും പാകിസ്ഥാന് അനുകൂലവുമായ പ്രചരണങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ആഭ്യന്തരവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ജമ്മു കശ്മീരിനെ പാക്കിസ്ഥാനുമായി ലയിപ്പിക്കുന്നതിനും ജമ്മു കശ്മീരില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനും വേണ്ടി ഇന്ത്യയില്‍ നിന്ന് ജമ്മു കശ്മീരിന് സ്വാതന്ത്ര്യം നേടുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്കാണ് എംഎല്‍ജെകെ-എംഎ പ്രവര്‍ത്തിക്കുന്നത് എന്ന വിവരത്തെ തുടര്‍ന്നാണ് ഗ്രൂപ്പിനെതിരായ മന്ത്രാലയത്തിന്റെ നടപടി. 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തന (പ്രിവന്‍ഷന്‍) ആക്ടിന്റെ (യുഎപിഎ) (1967 ലെ 37) സെക്ഷന്‍ 3ന്റെ ഉപവകുപ്പ് (1) നല്കുന്ന അധികാരങ്ങള്‍ വിനിയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിഭാഗം) നിരോധിച്ചത്.
എംഎച്ച്എ അറിയിപ്പ് അനുസരിച്ച്, എംഎല്ജെകെഎംഎ അംഗങ്ങള്‍ ജമ്മു കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു, കൂടാതെ ഗ്രൂപ്പിലെ നേതാക്കളും അംഗങ്ങളും പാകിസ്ഥാനും അതിന്റെ പ്രോക്സി സംഘടനകളും ഉള്‍പ്പെടെ വിവിധ സ്രോതസ്സുകള്‍ വഴി ഫണ്ട് ശേഖരിക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറുനടത്തിയതിലും ഇവര്‍ക്ക് പങ്കുണ്ട്.
എംഎല്ജെകെഎംഎയും അതിന്റെ അംഗങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ ഭരണഘടനാപരമായ അധികാരത്തോടും ഭരണഘടനാ സജ്ജീകരണത്തോടും തികഞ്ഞ അനാദരവ് കാണിക്കുന്നുവെന്ന് വിജ്ഞാപനം ചൂണ്ടിക്കാണിക്കുന്നു.
അതിന്റെ നേതാക്കളും അംഗങ്ങളും, പ്രത്യേകിച്ച് അതിന്റെ ചെയര്മാന് മസരത്ത് ആലം ഭട്ട്, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും സാമുദായിക സൗഹാര്‍ദ്ദത്തിനും വിരുദ്ധമായ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. നിരോധിത തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധം കാണിക്കുന്ന നിരവധി ഇന്‍പുട്ടുകള്‍ ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: