Categories: Kerala

കമാലിനെതിരായ കുറ്റപത്രം എന്‍ ഐ എ കോടതിയില്‍ ; കെ.എന്‍. അശോക് കൂറു മാറി സാക്ഷി

Published by

ലക്‌നോ: ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ മുഖ്യപ്രതി കമാല്‍ കെ.പിയുടെ പിണിയാളായിരുന്ന അഴിമുഖം എഡിറ്റര്‍ കെ.എന്‍. അശോക് കൂറുമാറി കേസിലെ സാക്ഷിയായി.
കേസില്‍ സിദ്ദിഖ് കാപ്പനും സംഘവും പിടിയിലായപ്പോള്‍ ഒളിവില്‍ പോയ കമാല്‍ തുടര്‍ നീക്കങ്ങള്‍ക്ക് ഇടനിലക്കാരനാക്കിയത് അശോകിനെയാണ്.
സിദ്ദിഖ് കാപ്പന്‍ കേസില്‍ സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ രംഗത്തിറക്കാന്‍ ചരടു വലിച്ചത് കമാലാണ്. കേസില്‍ ഒരു പ്രതിക്കെങ്കിലും ജാമ്യം കിട്ടിയാല്‍ മറ്റു പ്രതികളുടെ ജാമ്യം എളുപ്പമാകുമെന്ന നിയമപ്പഴുതാണ് കാപ്പനു വേണ്ടി കപില്‍ സിബലിനെ ഇറക്കാന്‍ കാരണം.
സിദ്ദിഖ് കാപ്പന്‍ നിരപരാധിയാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കാനും കമാല്‍ ഉപയോഗിച്ചത് അശോകിനെയാണ്. സിദ്ദിഖ് കാപ്പന്‍ നിരപരാധിയാണെന്നു സ്ഥാപിക്കാന്‍ വസ്തുതകള്‍ വളച്ചൊടിച്ചു വാര്‍ത്താ പരമ്പര ചെയ്യാനായി കമാല്‍ ‘ന്യൂസ് ലൗണ്‍ ട്രി’ പോര്‍ട്ടലിനെ വന്‍തുക നല്‍കി പാട്ടിലാക്കി. കമാലും ന്യൂസ് ലൗണ്‍ ട്രി ലേഖിക ആകാംക്ഷ കുമാറുമായി ഇക്കാര്യത്തില്‍ പല തവണ ഫോണില്‍ സംസാരിച്ചത് അശോകിന്റെ മൊബൈലില്‍ നിന്നാണ്.
കാപ്പന്‍ നിരപരാധിയാണെന്ന തരത്തില്‍ ഒന്‍പതു ഭാഗങ്ങളുള്ള പരമ്പര ന്യൂസ് ലൗണ്‍ ട്രി പ്രസിദ്ധീകരിച്ചു. ഈ വാര്‍ത്തകള്‍ ആധികാരികമെന്ന മട്ടില്‍ കേരളത്തിലെ മാധ്യമങ്ങളും ആഘോഷിച്ചു.
പരമ്പരയില്‍ ഒരിടത്ത് കെ.പി. കമാലിന്റെ അഭിമുഖം ചേര്‍ത്തത് ലേഖികയ്‌ക്ക് കുരുക്കായി.
പിടി കിട്ടാപ്പുള്ളിയായ പ്രതിയുമായി സംസാരിച്ചതിന്റെ പശ്ചാത്തലം തിരക്കി യുപി പൊലീസ് ആകാംക്ഷ കുമാറിനു നോട്ടീസ് നല്‍കി. ആകാംക്ഷയുടെ ഫോണ്‍ വിവരങ്ങളും പരിശോധിച്ചു. കമാല്‍ തന്റെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും അശോകിന്റെ ഫോണില്‍ നിന്നാണ് കമാലിനെ വിളിച്ചതെന്നും ആകാംക്ഷ കുമാര്‍ വെളിപ്പെടുത്തി.
യുപി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അശോക് മണി മണി പോലെ സത്യം പറഞ്ഞു. സിദ്ദിഖ് കാപ്പന്‍ ജയിലിലായിരുന്നപ്പോഴാണ് കമാലുമായി ഫോണ്‍ ബന്ധം ആരംഭിച്ചതെന്നും അശോക് മൊഴി നല്‍കി. കമാലും അശോകുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കമാലിനെ ട്രാക്ക് ചെയ്തതും മലപ്പുറത്തു നിന്നു പിടികൂടിയതും. ചോദ്യം ചെയ്യലുമായി സഹകരിച്ച അശോകിനെ കേസില്‍ സാക്ഷിയാക്കിയാണ് കമാലിനെതിരായ കുറ്റപത്രം ലക്‌നൗ എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by