മുംബൈ: രാമജന്മഭൂമി ക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതോടെ ഭാരതത്തിലെ അടിമത്തത്തിന്റെ മറ്റൊരു പ്രതീകം കൂടിയാണ് ഇല്ലാതാക്കുന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. നമ്മുടെ രാജ്യത്തെ എല്ലാ സന്യാസിമാരും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച ‘വിക്ഷിത് ഭാരത്’ എന്ന ആശയം ശ്രീരാമന്റെ രാമരാജ്യത്തിന് സമാനമാണ്. ഞായറാഴ്ച ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്.
ജനുവരി 22ന്, ഞങ്ങള്‍ അടിമത്തത്തിന്റെ മറ്റൊരു പ്രതീകം നീക്കം ചെയ്ത് രാംലല്ലയെ അദ്ദേഹത്തിന്റെ ജന്മസ്ഥലത്ത് പ്രതിഷ്ഠിക്കാന്‍ പോകുകയാണ്. ആയിരങ്ങളുടെ പോരാട്ടങ്ങള്‍ക്കും ത്യാഗങ്ങള്‍ക്കും ഒടുവിലാണ് രാമക്ഷേത്രം ഉയര്‍ന്നു വന്നത്. ഇത് എല്ലാ ഇന്ത്യക്കാരുടെയും സ്വപ്ന സാക്ഷാത്കാരമാണെന്നും അദേഹം പറഞ്ഞു.
2047ല്‍ ഒരു ‘വിക്ഷിത് ഭാരത്’ സൃഷ്ടിക്കേണ്ടതുണ്ടെന്ന് നമ്മുടെ പ്രധാനമന്ത്രി പറയുന്നു. ‘വിക്ഷിത് ഭാരത്’ എന്ന ആശയം ശ്രീരാമന്റെ രാമരാജ്യം പോലെയാണ്, അതില്‍ അവസാനത്തെ വ്യക്തിക്കും രാജാവിന്റെ അതേ പദവി ഉണ്ടായിരിക്കും. അവസാനത്തെ ആളെ രാജാവിനെപ്പോലെ തന്നെ കേള്‍ക്കും, രാജാവും അവസാനത്തെ ആളും തമ്മില്‍ വ്യത്യാസം ഉണ്ടാകില്ല. അത്തരമൊരു രാമരാജ്യം സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. ക്ഷേത്രം സനാതന്‍ ധര്‍മ്മത്തിന്റെ പുതിയ പ്രതീകമാകുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: