തിരുവനന്തപുരം: പ്രതിഷേധത്തിന്റെ ചിത്രം എടുത്തതിന് ജന്മഭൂമി ഫോട്ടോഗ്രാഫര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസ്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ വസതിയില്‍ നടത്തിയ പ്രതിഷേധ പരിപാടിയുടെ ചിത്രം എടുത്തതിന് അനില്‍ ഗോപിക്കെതിരെയാണ് കേസ്സെടുത്തത്. കലാപശ്രമം, ക്രിമിനല്‍ അതിക്രമം, നിയമവിരുദ്ധമായ ഒത്തുചേരല്‍, പൊതുസേവകന്റെ കടമ നിര്‍വഹണം തടസ്സപ്പെടുത്തല്‍, ഗൂഡാലോചന, അതിക്രമിച്ചു കയറല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പെടുത്തിയാണ് കേസ്സ്.
കേസിലെ പ്രതിയെന്നു സംശയിക്കുന്നതിനാല്‍ വ്യാഴാഴ്ച ഹാജരാകണമെന്നു കാണിച്ച് മ്യൂസിയം പോലീസ് അനിലിന് നോട്ടീസ് നല്‍കി. വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ മോര്‍ച്ച ഡിജിപിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഡിജിപിയുടെ വസതി വളപ്പില്‍ കടന്നതിനാണ് കേസ്.
ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി, ക്യാമറാ മാന്‍ നിഥിന്‍ എന്നിവര്‍ക്കെതിരെയും കേസടുത്തിട്ടുണ്ട്.
പ്രതിഷേധ വിവരം അറിഞ്ഞ് പ്രമുഖ മാധ്യമങ്ങളുടെ എല്ലാം പ്രതിനിധികള്‍ എത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. സുരക്ഷാ ജീവനക്കാരോ പോലീസോ ഒരു വിധ തടസ്സവും പറഞ്ഞതുമില്ല. പോലീസിന്റെ സുരക്ഷാ വീഴ്ച എന്നതിലപ്പുറം നിലനില്‍പ്പില്ലാത്ത കേസിലാണ് കടമ നിര്‍വഹിക്കാന്‍ എത്തിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികളാകുന്നത്. ജന്മഭൂമി, ജനം പ്രതിനിധികളെ മാത്രമേ കേസില്‍ പെടുത്തിയിട്ടുള്ളു എന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: