ശ്രീനാരായണ ഗുരുദേവന്റെ അനുമതിയോടെയും ആശിര്‍വാദത്തോടെയുമാണ് ചരിത്രപ്രസിദ്ധമായ ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായത്. 1928 ജനുവരി 16ന് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിന്‍ തണലില്‍ ഗുരുദേവന്‍ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീര്‍ഥാടനമെന്ന ആശയം ശിഷ്യര്‍ അദ്ദേഹത്തിന് മുന്നില്‍ വയ്‌ക്കുന്നത്. ഗുരുദേവന്‍ മറ്റൊരു ദിക്കിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ നിര്‍ദ്ദേശപ്രകാരം ഗുരു ശിഷ്യരായ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, മാലിയില്‍ ടി.കെ. കിട്ടന്‍ റൈട്ടര്‍, അദ്ദേഹത്തിന്റെ സഹോദരങ്ങളായ ടി.കെ. കൊച്ചുകുമാരന്‍, ടി.കെ. കുഞ്ചു, ശ്രീനരസിംഹസ്വാമികള്‍, ശ്രീനാരായണ തീര്‍ഥര്‍ സ്വാമികള്‍, കെ.ഗോപാലന്‍ തന്ത്രികള്‍ എന്നിവരാണ് വ്രതാനുഷ്ഠാനങ്ങളോടെയുള്ള ശിവഗിരി തീര്‍ഥാടനം എന്ന ആശയവുമായി ഗുരുദേവനെ കാണാനെത്തിയത്.
ഗുരുവിനെ മുന്നോട്ടുവന്ന് വന്ദിച്ച ഗോവിന്ദന്‍ വൈദ്യരോടും റൈട്ടറോടുമായി ”എന്താ വൈദ്യര്‍, റൈട്ടറുമായിട്ട്” എന്ന് ചോദ്യത്തോടെയാണ് ഗുരുദേവന്‍ സംഭാഷണത്തിന് തുടക്കമിട്ടത്. ശിവഗിരി തീര്‍ത്ഥാടനത്തിനുള്ള അനുമതി തേടിയെത്തിയതാണെന്ന മറുപടി ഇരുവരും നല്കി. ഉപാധികളോടെയാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ഥാടനത്തിനുള്ള അനുമതി അരുളിയത്.
അഷ്ടലക്ഷ്യങ്ങളോടെയുള്ള തീര്‍ഥാടനമാകണം ശിവഗിരിയിലേക്ക് എന്നതായിരുന്നു ഗുരുവിന്റെ ഉപാധി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിയില്‍, ശാസ്ത്ര സാങ്കേതിക പരിശീലനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പാണ്ഡിത്യം ഉള്ളവരെ ശിവഗിരിയില്‍ ക്ഷണിച്ചുവരുത്തി പ്രസംഗ പരമ്പര നടത്തണം. പഞ്ചശുദ്ധി പാലിച്ചെത്തുന്ന തീര്‍ഥാടകര്‍ ഇത് അച്ചടക്കത്തോടെ കേള്‍ക്കണം, കേട്ടത് പ്രവൃത്തിയില്‍ വരുത്തണം എന്നീ ഉപാധികള്‍ പാലിച്ചാവണം മഹാതീര്‍ഥാടനം. ഗുരുദേവന്‍ അവസാനമായി നല്കിയ സന്ദേശവും ഇതാണെന്ന് ചരിത്ര രേഖകള്‍ പറയുന്നു.
1932 ഡിസംബര്‍ 24ന് വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, ടി.കെ.കിട്ടന്‍ റൈട്ടര്‍ ടി.കെ.കുഞ്ചു, ഗോപാലന്‍ തന്ത്രികള്‍ എന്നിവരടങ്ങുന്ന സംഘം നിഷ്ഠകള്‍ പാലിച്ച് നാഗമ്പടം ക്ഷേത്രത്തിലെ തേന്മാവിന്‍ ചുവട്ടില്‍നിന്ന് പദയാത്രയായി ശിവഗിരിയിലേക്ക് തീര്‍ഥാടനം നടത്തി. ഈ പദയാത്രയെ അനുസ്മരിച്ച് എല്ലാവര്‍ഷവും നൂറുകണക്കിനാളുകളാണ് നാഗമ്പടത്ത് എത്തി തേന്മാവിന് വലംവച്ച ശേഷം ശിവഗിരിയിലേയ്‌ക്ക് തീര്‍ഥാടനം നടത്തുന്നത്.
ഇലവുതിട്ടയിലെ മൂലൂരിന്റെ ഭവനമായ കേരളവര്‍മ്മ സൗധത്തില്‍നിന്ന് മൂലൂരിന്റെ പുത്രനായ പി.കെ.ദിവാകരപ്പണിക്കരുടെ നേതൃത്വത്തില്‍ പി.വി.രാഘവന്‍, എം.കെ.രാഘവന്‍, കെ.എസ്.ശങ്കുണ്ണി, പി.കെ.കേശവന്‍ എന്നിവരടങ്ങുന്ന അഞ്ചംഗ തീര്‍ഥാടക സംഘവും ശിവഗിരിയിലേക്ക് പുറപ്പെട്ടിരുന്നു. ദൂരം കുറവായിരുന്നതിനാല്‍ ഈ സംഘം ഡിസംബര്‍ 28ന് ശിവഗിരിയിലെത്തി. നാടമ്പടത്തുനിന്നുള്ള തീര്‍ഥാടകര്‍ 1933 ജനുവരി ഒന്നിനാണ് ശിവഗിരിയിലെത്തിയത്. ഇലവുംതിട്ടയില്‍ നിന്നുള്ള അഞ്ചംഗ സംഘത്തെ ആദ്യ തീര്‍ഥാടകരായി അംഗീകരിച്ച് ശിവഗിരി മഠത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: