സെഞ്ചൂറിയന്‍: തകര്‍ന്ന്, തവിടുപൊടിയായ ഭാരതത്തെ ആദ്യ ദിനത്തില്‍ 200 റണ്‍സിലെത്തിച്ച് ഉപനായകന്‍ കെ.എല്‍. രാഹുല്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം വിക്കറ്റെടുക്കുമ്പോള്‍ ഭാരതം ഓള്ഔട്ടായില്ലെന്നതാണ് ഏക ആശ്വാസം. രണ്ടാം ദിനത്തിലേക്ക് കളി പിരിയുമ്പോള്‍ 70 റണ്‍സെടുത്ത് രാഹുലും ഒരു റണ്‍സുമായി മുഹമ്മദ് സിറാജും ആണ് ക്രീസില്‍. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ എത്തിനില്‍ക്കുകയാണ് ഭാരതം.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് തെംബ ബവൂമ ഭാരതത്തിന് ബാറ്റിങ് നല്‍കുകയായിരുന്നു. തുടക്കത്തിലേ തന്നെ നായകന് രോഹിത് ശര്‍മ്മ(അഞ്ച്)യെ പുറത്താക്കി ദക്ഷിണാഫ്രിക്ക പ്രപഹമേല്പ്പിച്ചു തുടങ്ങി. അവരുടെ പേസ് ബലത്തിന് മാര്‍ക്കിട്ട് ഓപ്പണര്‍ യശസ്വി ജയ്സ്വാളു(17)ം ശുഭ്മാന്‍ ഗില്ലു(രണ്ട്)ം പുറത്തേക്ക് നടന്നു. ഭാരതത്തിന്റെ മൂന്ന് വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ വെറും 24. നാലാം വിക്കറ്റില്‍ ഒരുമിച്ച വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും പൊരുതി നോക്കിയെങ്കിലും അധിക സമയം നീണ്ടുപോയില്ല. ശ്രേയസി(31)ന്റെ കുറ്റി തെറിപ്പിച്ച് കാഗിസോ റബാഡ വീണ്ടും കരുത്തുകാട്ടി. ഭാരത ടോട്ടല്‍ 100 കടന്നതിന് പിന്നാലെ കോഹ്ലിയും(38) റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഉച്ച ഭക്ഷണത്തിന് പിരിയും മുമ്പേ ഭാരതം വല്ലാതെ തകര്‍ന്നു കഴിഞ്ഞിരുന്നു. പിന്നീട് കെ.എല്‍. രാഹുല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തോട് സഹകരിക്കാനായത് ഓള്‍റൗണ്ടര്‍ ഷര്‍ദൂല്‍ ഠാക്കൂറിന് മാത്രം. താരം 24 റണ്‍സ് സംഭാവന ചെയ്ത് ചെറുത്തുനില്ക്കാന് നോക്കിയെങ്കിലും റബാഡ വീണ്ടും വില്ലനായെത്തി. ആര്. അശ്വിന് എട്ടും ജസ്പ്രീത് ബുംറ ഒരു റണ്‍സുമെടുത്ത് പുറത്തായി.
ആദ്യ ദിനം അഞ്ച് വിക്കറ്റ് നേട്ടംകൊയ്ത കാഗിസോ റബാഡയുടെ പേസ് ബൗളിങ് ആണ് സന്ദര്‍ശകരെ തകര്‍ത്തത്. നാന്ദ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റുമായി മികച്ച പിന്തുണ നല്കി.
സെഞ്ചൂറിയനിലെ പിച്ചിന്റെ വേഗത മുതലാക്കാന്‍ രവീന്ദ്ര ജഡേജയെ പുറത്തിരുത്തി സ്പിന്നറായി അശ്വിനെ മാത്രമാണ് രോഹിത് ടീമിലെടുത്തത്. മുഹമ്മദ് ഷമിക്ക് പകരമായി പ്രസിദ്ധ് കൃഷ്ണയും ജഡേജയെ ഒഴിവാക്കിയ സ്ഥാനത്ത് പേസ് ഓള്‍റൗണ്ടര്‍ ഷര്‍ദൂല്‍ ഠാക്കൂറിനെയും ഫൈനല്‍ ഇലവനിലിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: