മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ബോക്സിങ് ഡേ ടെസിറ്റിന്റെ ആദ്യദിനം മത്സരത്തിന്റെ രസം കെടുത്തി മഴ. മത്സരത്തിന്റെ മൂന്നിലൊന്ന് സമയമാണ് മഴ അപഹരിച്ചത്. ഇതേ തുടര്‍ന്ന് പാകിസ്ഥാനെതിരായ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 66 ഓവറുകളേ കളി നടന്നുള്ളൂ. ആതിഥേയരായ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 എന്ന ഭേദപ്പെട്ട നിലയിലാണ്.
ഓസീസ് നിരയില്‍ ആരും ആധിപത്യം പുലര്ത്തിട്ടില്ല. ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് അവകാശപ്പെടാന്‍ പാകിസ്ഥാനും സാധിച്ചില്ല. ഇരുപക്ഷത്തിനും അവകാശപ്പെടാനാവാതെയാണ് മെല്‍ബണിലെ ഇന്നലത്തെ ബോക്സിങ് ഡേ സമാപിച്ചത്.
ടോസ് പാകിസ്ഥാനായിരുന്നു. ഓസീസിനെ ബാറ്റ് ചെയ്യാന്‍ അനുവദിച്ചു. മികച്ച തുടക്കമാണ് ലഭിച്ചത്. പരമ്പരയോടെ വിരമിക്കുന്ന ഓപ്പണര്‍ ഡേിവഡ് വാര്‍ണര്‍ കൊതിപ്പിക്കുന്ന തുടക്കം നല്കിയ ശേഷം അഘാ സല്‍മാന്റെ പന്തില്‍ പുറത്തായി. 83 പന്തുകള്‍ നേരിട്ട വാര്‍ണര്‍ മൂന്ന് ബൗണ്ടറിയുടെ ബലത്തില്‍ 38 റണ്‍സെടുത്തു. 27.1 ഓവറില്‍ ഓസീസ് ടോട്ടല്‍ 90ലെത്തിയപ്പോഴായിരുന്നു ആദ്യ വിക്കറ്റ് വീണത്. 108 റണ്‍സായപ്പോള്‍ അടുത്ത ഓപ്പണര്‍ ഉസ്മാന് ഖവാജ(42)യെയും നഷ്ടപ്പെട്ടു. ഹസന് അലിക്കായിരുന്നു വിക്കറ്റ്. സ്റ്റീവന്‍ സ്മിത്ത് മികവ് കാട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 26 റണ്‍സ് കൂട്ടിചേര്‍ത്ത് പുറത്തായി. ആദ്യ ദിനം പൂര്‍ത്തിയാകുമ്പോള്‍ മാര്നല് ലഭൂഷെയ്നും(44) ട്രാവിസ് ഹെഡും(ഒമ്പത്) ആണ് ക്രീസില്‍. ഓസീസ് ടോട്ടല്‍ 66 ഓവറുകളില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: