ന്യൂഡല്‍ഹി: ഹത്രാസ് കലാപ ഗൂഡാലോചന കേസിൽ പി എഫ് ഐ ഡൽഹി കമാൻഡർ കമാൽ കെ.പി.യുടെ തീവ്രവാദ ഫണ്ടിങ് തെളിവുകൾ യുപി പൊലീസ് ലക്നൗ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
പി എഫ് ഐ ഹിറ്റ് സ്ക്വാഡ് അംഗങ്ങൾക്ക് ചെല്ലും ചെലവും കൊടുത്തതും ദൗത്യങ്ങൾ ഏൽപിച്ചതും കമാൽ കെ.പി.യാണെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ഹത്രാസ് കേസിൽ ഒളിവിലായിരുന്ന കമാലിനെ മലപ്പുറത്തു നിന്നാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.
പോപ്പുലർ ഫ്രണ്ടിന്റെ ഐ സി ഐ സി ഐ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു കമാലിന്റെ എസ് ബി ഐ, സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വന്നതിന്റെ രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി ഓഫിസ് മാനേജറായിരുന്ന കമാൽ വഴിയായിരുന്നു വിദേശ ഫണ്ട് ഉൾപ്പെടെ എത്തിച്ചിരുന്നത്. ഹത്രാ സ് ദൗത്യത്തിനു സിദ്ദിഖ് കാപ്പൻ സംഘത്തെ നിയോഗിച്ചതും കമാലാണ്. ഇതിനുള്ള പണം നൽകാൻ ക്യാംപസ് ഫ്രണ്ട് ജനറൽ സെക്രട്ടറിയായിരുന്ന റൗഫ് ഷെറീഫിനോട് നിർദേശിച്ചതും കമാലാണ്.
മലപ്പുറത്ത് 2020 സെപ്തംബറിൽ നടത്തിയ തീവ്രവാദ പരിശീലന ക്യാംപ് നടത്തിയതും കമാലാണ്. സിദ്ദിഖ് കാപ്പൻ, അൻഷാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ, നാസറുദ്ദീൻ തുടങ്ങിയവരും ക്യാംപിൽ പങ്കെടുത്തു. ക്യാംപ് സംബന്ധിച്ച് കമാൽ കെ.പി.യും സിദ്ദിഖ് കാപ്പൻ, അൻസറുൽ ഹഖ് എന്നിവരുമായി നടത്തിയ വാട്സാപ് ചാറ്റ് തെളിവായി സമർപ്പിച്ചു.
ഹത്രാസ് കലാപ ഗൂഡാലോചനയുടെ ഭാഗമായി ടൂൾ കിറ്റ് ഉൾപ്പെടുത്തി caard.co വെബ്സൈറ്റ് സജ്ജമാക്കിയതും കമാലാണ്. ഒളിവിൽ പോയ കമാലാണ് സിദ്ദിഖ് കാപ്പൻ കേസു നടത്തിപ്പിനായി അഴിമുഖം എഡിറ്റർ കെ.എൻ. അശോക് മുഖേന നീക്കങ്ങൾ നടത്തി. കെ.എൻ. അശോകിനെ യുപി പൊലീസ് സാക്ഷിയാക്കി ചോദ്യം ചെയ്തപ്പോഴാണ് കമാലിന്റെ ഒളിവു നീക്കങ്ങൾ വെളിപ്പെട്ടത്. കമാലിനെതിരായ കുറ്റപത്രത്തിൽ 27ാം സാക്ഷിയായി കെ.എൻ. അശോകിന്റെ പേരും കോടതിയിൽ സമർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: