കോട്ടയം: ഒരാഴ്ചത്തെ നിയന്ത്രണാതീതമായ തിരക്കും വാഹനങ്ങള്‍ പിടിച്ചിട്ടുള്ള നിയന്ത്രണവും മൂലം അയ്യപ്പന്മാര് ദുരിതമനുഭവിച്ച എരുമേലിയില്‍ ഇന്നലെ തിരക്കൊഴിഞ്ഞു.
തിരക്കിന്റെ പേരില്‍ എരുമേലിയിലെ 23 ഓളം പാര്‍ക്കിങ് മൈതാനങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ടതിന് പുറമേ കുറുവാമൂഴി, കൊരട്ടി, ചരള, എംഇഎസ് ജങ്ഷന്, മുക്കൂട്ടുതറ, പേരുര്‍ത്തോട്, തുലാപ്പള്ളി അടക്കം നിരവധി തീര്‍ത്ഥാടന പാതകളിലും പാലാ, പൊന്‍കുന്നം ഇടത്താവളങ്ങളിലും വാഹനങ്ങള്‍ പിടിച്ചിട്ടതാണ് അയ്യപ്പഭക്തര്‍ക്ക് വലിയ ദുരിതം ഉണ്ടാക്കിയത്. ഇത് വലിയ പ്രതിഷേധത്തിനും വഴിയൊരുക്കി. ക്രിസ്മസ് ദിനത്തില്‍ പാലാ-പൊന്‍കുന്നം റോഡില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഏറെ നേരം തടഞ്ഞിട്ടതും പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധം ശക്തമായതോടെയാണ് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടാന്‍ പോലീസ് തയ്യാറായത്.
എന്നാല്‍ എരുമേലിയില്‍ തീര്‍ത്ഥാടക ചൂഷണം തുടരുകയായിരുന്നു. ഇതിനെതിരെയുള്ള വ്യാപകമായ പ്രതിഷേധം തുടരുകയാണ്. പാര്‍ക്കിങ്, ശൗചാലയം, പേട്ടതുള്ളല്‍ തുടങ്ങി എല്ലായിടത്തും അയ്യപ്പ ഭക്തരെ കൊള്ളയടിക്കുകയാണെന്ന പരാതി ശക്തമായതോടെ റവന്യൂ വകുപ്പും പഞ്ചായത്ത് അധികൃതരും കര്‍ശന നടപടിയുമായി രംഗത്തെത്തിയിരുന്നു.
തീര്‍ത്ഥാടക വാഹനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വന്ന അപാകതയാണ് ഗതാഗതക്കുരുക്കിന് കാരണമായത്. നടുറോഡില്‍ പിടിച്ചിട്ട വാഹനങ്ങളിലെ അയ്യപ്പന്മാര്ക്ക് ഭക്ഷണവും കുടിവെള്ളം ലഭിക്കാതെ വന്നതാണ് അയ്യപ്പന്മാരുടെ റോഡ് ഉപരോധത്തിന് വഴിയൊരുക്കിയത്. നിരവധി സ്ഥലങ്ങളില്‍ ശരണം വിളിയുമായി അയ്യപ്പന്മാര് റോഡ് ഉപരോധ സമരം നടത്തിയാണ് തീര്‍ത്ഥാടക വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോയത്.
പതിവ് പോലെ ഈ വര്‍ഷവും തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പന്മാരാണ് കൂടുതലായി എത്തിയതെന്നാണ് പ്രാഥമിക വിവരം. എരുമേലിയിലെ തീര്‍ത്ഥാടക തിരക്കും വാഹന നിയന്ത്രണത്തിനുമായി പോലീസിനെ കൂടാതെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിനെ രംഗത്തിറക്കിയെങ്കിലും, അവസാനം തൃശ്ശൂരില്‍ നിന്ന് ട്രെയിനിങ് പൂര്‍ത്തിയാക്കാത്ത 100 പോലീസുകാരെ കൂടി ഇറക്കേണ്ടി വന്നു.
മണ്ഡലകാലത്തിന് ശേഷം ആരംഭിക്കുന്ന മകരവിളക്കിന് കൃത്യമായ ആസൂത്രണം ഇല്ലാതെ വന്നാല്‍ തീര്‍ത്ഥാടനം കടുത്ത പ്രതിസന്ധിയിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: