ശബരിമല: സന്നിധാനത്തു സൗജന്യമായി വൈ ഫൈ സേവനം ലഭ്യമാക്കി ദേവസ്വം ബോര്‍ഡ്. ബിഎസ്എന്‍എല്ലുമായി സഹകരിച്ചുള്ള പദ്ധതിക്ക് നടപ്പന്തലില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടക്കം കുറിച്ചു.
ശബരിമലയിലെത്തുന്ന ഭക്തര്‍ നേരിടുന്ന മൊബൈല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുതകുന്നതാണ് ദേവസ്വം ബോര്‍ഡിന്റെ പദ്ധതി.
നിലവില്‍ നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങളിലാണ് 100 എംബിപിഎസ് വേഗത്തില്‍ വൈഫൈ ലഭ്യമാക്കിയിട്ടുള്ളത്. 30 മുതല്‍ മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭിക്കും.
ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് ആദ്യത്തെ അരമണിക്കൂര്‍ വൈഫൈ സൗജന്യമായിരിക്കും. തുടര്‍ന്ന് ഒരു ജിബിക്ക് 9 രൂപ വച്ചു നല്കണം. 99 രൂപയുടെ ബിഎസ്എന്‍എല്‍ റീച്ചാര്‍ജ് നടത്തിയാല്‍ ദിവസം 2.5 ജിബി വച്ചുപയോഗിക്കാവുന്ന പ്ലാനും പ്രയോജനപ്പെടുത്താം. ബിഎസ്എന്‍എല്‍ വൈഫൈ അല്ലെങ്കില്‍ ബിഎസ്എന്‍എല്‍ പിഎം വാണി എന്ന വൈഫൈ യൂസര്‍ ഐഡിയില്‍ കയറി കണക്ട് എന്നു ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു വെബ്പേജ് തുറന്നുവരും. അതില്‍ 10 അക്ക മൊബൈല്‍ നമ്പര്‍ നല്കുമ്പോള്‍ ആറക്ക പിന്‍ എസ്എംഎസായി ലഭിക്കും. അതുപയോഗിച്ചു വൈ ഫൈ കണക്ട് ആക്കാം. നടപ്പന്തലിലെ രണ്ടു കേന്ദ്രങ്ങള്‍ കൂടാതെ പാണ്ടിത്താവളത്തെ ബിഎസ്എന്‍എല്‍ എക്സ്ചേഞ്ച് (2), ജ്യോതിനഗറിലെ ബിഎസ്എന്‍എല്‍ സെന്റര്‍(4), മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള ആറു ക്യൂ കോംപ്ലക്സുകള്‍ എന്നിവിടങ്ങളിലായി 14 ഇടത്ത് വൈഫൈ സൗകര്യം ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: