തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ബോധവത്കരണം നടത്തുന്ന പോലീസിന്റെ പണവും ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കൈക്കലാക്കി.
തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസിന്റെ അക്കൗണ്ടില്‍ നിന്നാണ് 25,000 രൂപ തട്ടിയത്. അക്കൗണ്ടിന്റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ് പണം തട്ടിയത്. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന്റെ പണമിടപാടുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും ബാങ്കില്‍ നിന്നുമെത്തുന്നത് അക്കൗണ്ട്സ് ഓഫീസറുടെ ഔദ്യോഗിക മൊബൈല്‍ നമ്പറിലേക്കാണ്. ഈ നമ്പരിലേക്ക് കഴിഞ്ഞദിവസം ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഒരു സന്ദേശം എത്തി. കെവൈസി ഉടന്‍ പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമന്നായിരുന്നു സന്ദേശം. കെവൈസി പുതുക്കുന്നതിനായി ഒരു ലിങ്കും തട്ടിപ്പുകാര്‍ നല്‍കിയിരുന്നു. ഈ ലിങ്കില്‍ അക്കൗണ്ട്സ് ഓഫീസര്‍ ക്ലിക് ചെയ്യുകയും തുടര്‍ന്ന് വന്ന സന്ദേശത്തിലേക്ക് ഒടിപി നമ്പര്‍ കൈമാറുകയും ചെയ്തു. ഇതോടെ പോലീസിന്റെ ബാങ്കിലെ ജഗതി ബ്രാഞ്ചില്‍ നിന്നും 25,000 രൂപ നഷ്ടപ്പെട്ടു. പണം നഷ്ടമായ വിവരമറിഞ്ഞയുടനെ പോലീസ് 1930 എന്ന കണ്ട്രോള് റൂമം നമ്പരിലേക്ക് വിവരമറിയിച്ചു. അക്കൗണ്ട്സ് ഓഫീസര്‍ സൈബര്‍ പോലീസില്‍ പരാതിയും നല്കി. തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റി പിന്‍വലിക്കുകയാണ് രീതി. പോലീസിന്റെ സമയോചിതമായ നടപടിയിലൂടെ അക്കൗണ്ടില്‍ നിന്നും ചോര്‍ത്തിയ പണം അവരുടെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നത് തടയാന്‍ കഴിഞ്ഞു.
സൈബര്‍ തട്ടിപ്പ് ചതികളില്‍ വീഴരുതെന്നും ഒടിപി നമ്പര്‍ ചോദിച്ചാല്‍ കൈമാറരുതെന്നും നിരന്തര ബോധവത്ക്കരണം നടത്തുന്ന ഓഫീസാണിത്. എന്നിട്ടും കെവൈഎസി ഉടന്‍ പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്ന് പറഞ്ഞ് വ്യാജേന സന്ദേശമെത്തിയപ്പോള്‍ മെസേജിലെ ലിങ്കില്‍ അക്കൗണ്ട്സ് ഓഫീസര്‍ ക്ലിക്ക് ചെയ്യുകയും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോള്‍ ഒടിപി നമ്പര്‍ നല്‍കുകയും ചെയ്തത് പോലീസിനു തന്നെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചതായും അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: