ഹൈദരാബാദ് : വിവാഹനിശ്ചയ സല്കാരത്തിന് വധുവിന്റെ കുടുംബം മട്ടന്‍ വിഭവം വിളമ്പിയില്ലെന്ന് ആരോപിച്ച് വരനും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറി. തെലങ്കാനയിലാണ് സംഭവം. നിസാമാബാദ് സ്വദേശിനിയായ യുവതിയുടെയും ജഗ്തിയാല്‍ സ്വദേശിയായ യുവാവിന്റെയുമാണ് വിവാഹം മുടങ്ങിയത്.
നിസാമബാദിലെ വധുവിന്റെ വീട്ടില്‍വെച്ച് നവംബറിലാണ് ഇരുവരുടേയും വിവാഹം ഉറപ്പിച്ചത്. മാംസാഹരത്ത വിരുന്ന് ഒരുക്കിയതില്‍ മട്ടന്‍ വിഭവമായ ആട്ടിന്കാല് ഞെല്ലി (ആടിന്റെ മജ്ജകൊണ്ടുണ്ടാക്കുന്ന വിഭവം) വിളമ്പിയില്ലെന്ന് ആരോപിച്ച് വരന്റെ കുടുംബം ബഹളം വെയ്ക്കുകയായിരുന്നു.
വിരുന്ന് സല്‍ക്കാരത്തില്‍ മട്ടന്‍ വിഭവം വേണമെന്ന് പ്രത്യേകം പറഞ്ഞതാണ്. ഭക്ഷണം വിളമ്പുന്നതിനിടെ ആട്ടിന്കാല് ഞെല്ലി വിളമ്പുന്നില്ലെന്ന് ആരോപിച്ച് വരന്റെ ബന്ധുക്കള്‍ ആദ്യം ബഹളം വെച്ചു. എന്നാല്‍ വിഭവങ്ങളില്‍ ഞെല്ലി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചതോടെ തങ്ങളെ അപമാനിക്കുന്നതാണ് ഇതെന്ന് ആരോപിച്ച് വരന്റെ ബന്ധുക്കള്‍ ബഹളം വെയ്ക്കുകയായിരുന്നു.
വാക്കു തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസെത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പായില്ല. തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്നുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: