കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് നാളെ തുടക്കമാകും. ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ 12 ദിവസമാണ് ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്.
നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. ശ്രീമഹാദേവനും ശ്രീപാര്‍വതി ദേവിക്കും ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും കെടാവിളക്കില്‍ നിന്ന് പകര്‍ത്തിയ ദീപവും പ്രത്യേകം അലങ്കരിച്ച രഥത്തില്‍ താലം, പൂക്കാവടി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും.
രാത്രി 8 ന് തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ തിരുവാഭരണങ്ങള്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തിയശേഷം ആചാരപൂര്‍വ്വം നടതുറക്കും. ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനകളിലെ പ്രതിനിധികളും, സമുദായ തിരുമേനിയും, ദേവിയുടെ തോഴി സങ്കല്‍പ്പമായ പുഷ്പിണിയും, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിന് സാക്ഷിയാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ ഉച്ചക്ക് 1.30 വരെയും, ഉച്ചക്ക് 2 മുതല്‍ രാത്രി 9 വരെയും ദര്‍ശനം സാധ്യമാകും. ക്ഷേത്രത്തില്‍ ഇന്ന് പാരമ്പര്യ രീതിയില്‍ തയ്യാറാക്കുന്ന എട്ടങ്ങാടി നിവേദ്യം ഉണ്ടാകും.
ചേന, ചേമ്പ്, ചെറുകിഴങ്ങ്, കാച്ചില്, കൂര്‍ക്ക, ഏത്തപ്പഴം എന്നിവ തീക്കനലില്‍ ചുട്ടെടുത്ത് വന്‍പയര്‍, മുതിര, എള്ള്, ശര്‍ക്കര എന്നിവ ചേര്‍ത്താണ് എട്ടങ്ങാടി നിവേദിക്കുന്നത്. വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് സ്ത്രീകള്‍ എട്ടങ്ങാടി തയ്യാറാക്കുന്നത്.
നടതുറപ്പ് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രവും പരിസരവും ഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പു മേധാവികളും ക്ഷേത്രത്തിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. പോലീസ് സേനക്ക് പുറമെ സ്വകാര്യ സെക്യുരിറ്റി ജീവനക്കാരും വളണ്ടിയര്‍മാരും കര്‍മ്മനിരതരായി 24 മണിക്കൂറും ക്ഷേത്ര പരിസരത്ത് സേവനത്തിന് ഉണ്ടാകും.
കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സര്‍വീസുകള്‍ നടത്തും. തിരക്കൊഴിവാക്കാന്‍ വെര്‍ച്വല്‍ ക്യു ബുക്കിങ് ഏര്‍പ്പടുത്തിയിട്ടുണ്ട്. ജനുവരി 6 ന് രാത്രി 8 ന് നടതുറപ്പ് മഹോത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: