Categories: Main Article

ഇന്ന് അടല്‍ജി ജന്മദിനം: വ്യത്യസ്തനായ അടല്‍ജി

1924 ഡിസംബര്‍ 25 ഉത്തര്‍പ്രദേശില്‍ മുളച്ച തൈ ആണ് അടല്‍ ബിഹാരി വാജ്‌പേയ്. ജനനം മുതല്‍ മരണം വരെ പേര് അക്ഷരത്തിലും അര്‍ത്ഥത്തിലും അന്വര്‍ത്ഥമാക്കിയ ആള്‍. അടല്‍ എന്നാല്‍ ദൃഢചിത്തന്‍. ബിഹാരി എന്നാല്‍ ഉല്ലാസവാന്‍!

ദൃഢചിത്തതയ്‌ക്ക് ഒരുദാഹരണം. 1939ല്‍ ആണ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയില്‍ ചേരുന്നത്. 1941ല്‍ ഒന്നാം വര്‍ഷ ഒടിസിയില്‍ പങ്കെടുത്തു (സംഘാടക പരിശീലന ശിബിരം). ശിബിരം കഴിഞ്ഞു വന്ന അടല്‍ പൂണൂല്‍ ഉപേക്ഷിച്ചു. പാരമ്പര്യ ചിട്ടവട്ടങ്ങള്‍ കര്‍ക്കശമായി പാലിച്ചിരുന്ന കുടുംബത്തിലാണ് ജനനം. വിവരമറിഞ്ഞ, അദ്ധ്യാപകനായ, കര്‍ക്കശക്കാരനായ അച്ഛന്‍ ചുട്ട അടി കൊടുത്തു. മകന്‍ കൂട്ടാക്കിയില്ല. എല്ലാവര്‍ക്കും ഇടാന്‍ സ്വാതന്ത്ര്യമുള്ളപ്പോഴേ താന്‍ പൂണൂല്‍ ധരിക്കൂ എന്നു ശഠിച്ചു. പിന്നീട് ഒരിക്കലും അതു ധരിച്ചില്ല. സംഘ ശിബിരത്തില്‍നിന്നു കിട്ടിയ സമത്വബോധമായിരുന്നു പ്രേരണ.

ജനതാ സര്‍ക്കാര്‍ വന്നപ്പോള്‍ വിദേശകാര്യ മന്ത്രിയായി. ആയിടയ്‌ക്ക് ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തി. സല്‍ക്കാര ശേഷം ചില മരുമക്കള്‍ തങ്ങളെ കാറില്‍ വീട്ടിലെത്തിക്കണമെന്ന് പറഞ്ഞു. ‘ഈ കാര്‍ വിദേശകാര്യ മന്ത്രിയുടേതാണ്. നിങ്ങളുടെ അമ്മാവന്റെ വകയല്ല’ എന്നായിരുന്നു മറുപടി. ഭാര്യയെയും മക്കളെയും മരുമക്കളെയും ബന്ധുക്കളെയുമെല്ലാം അധികാരസ്ഥാനങ്ങളിലും സാമ്പത്തിക ലാഭത്തിലും വാഴിക്കാന്‍ പണിയെടുക്കുന്ന മറ്റെല്ലാ രാഷ്‌ട്രീയക്കാര്‍ക്കുമുള്ള സന്ദേശമായി വേണം അതിനെ കാണാന്‍. അപ്പോഴേ അനുസ്മരണം അര്‍ത്ഥപൂര്‍ണമാകൂ. വീട്ടിലെത്തിയാല്‍ മറ്റെല്ലാ സ്ഥാനമാനങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങളോടൊപ്പം ആഹ്ലാദം പങ്കിടും. വീട്ടില്‍ ബന്ധുക്കള്‍ മാത്രം. രാഷ്‌ട്രീയമില്ല. രാഷ്‌ട്രീയത്തില്‍ രാഷ്‌ട്രം മാത്രം. ബന്ധുക്കളില്ല.
മൂന്നു കാര്യങ്ങളാണ് ബിജെപി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു കൊടുത്ത ശാസനമെന്ന് എല്‍.കെ.അദ്വാനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസം ഭിന്നിപ്പായി മാറാതിരിക്കാന്‍ ‘ആദ്യം രാഷ്‌ട്രം, പിന്നെ പാര്‍ട്ടി, ഒടുവില്‍ മാത്രം താന്‍’ എന്നതായിരിക്കണം കാഴ്ചപ്പാട്. മറ്റു രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പല ശൈലികളും അറിയാതെയെങ്കിലും കടന്നുകൂടുമ്പോഴും പാര്‍ട്ടി ഒരു വിശാലവൃക്ഷമായി വളരുന്നത് ഈ ശാസനം നിലനില്‍ക്കുന്നതുകൊണ്ടാണ്. അടിയന്തിരാവസ്ഥയില്‍ അടല്‍ജിയെ ഇന്ദിരാഗാന്ധി അറസ്റ്റു ചെയ്തു, ജയിലിലാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ജയിലില്‍ തന്നെ കാണാന്‍ വന്നരോട്, ‘ഇന്ദിരാഗാന്ധി നമുക്ക് ആഹാരവും വസ്ത്രവും തരും. നമ്മള്‍ പണം ചെലവു ചെയ്യേണ്ടതില്ല’ എന്ന് തമാശരൂപേണ അദ്ദേഹം പറഞ്ഞു.

വിദേശകാര്യ മന്ത്രിയായിരിക്കേ ചൈനാപര്യടനം നടത്തി. തന്നെ സ്വീകരിച്ച അവിടത്തെ വിദേശകാര്യമന്ത്രിക്കുള്ള മറുപടിപ്രസംഗത്തില്‍ ശക്തമായി അവരെ കുറ്റപ്പെടുത്തി. ‘പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അനുഭവിച്ച പീഡകള്‍ക്കും അവമതികള്‍ക്കും ഞങ്ങളുടെ രാജ്യത്തെ ജനങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും മാപ്പു നല്‍കില്ല’ എന്നു തുറന്നടിച്ചു. അന്യരാജ്യത്തു ചെല്ലുമ്പോള്‍ ഭരണപ്രതിപക്ഷ ഭേദം പാടില്ലെന്ന പാഠം നമ്മുടെ മറ്റു പാര്‍ട്ടികള്‍ക്കു മനസ്സിലാകുമോ? അവിടെ നെഹ്‌റുവും കോണ്‍ഗ്രസ്സും ഒന്നുമല്ല, ‘നമ്മുടെ’ പ്രധാനമന്ത്രിയും രാജ്യവുമാണ്. മടങ്ങിവന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കവേ അദ്ദേഹം പ്രഖ്യാപിച്ചത്, ‘ഒരു വ്യക്തി എന്ന നിലയ്‌ക്കോ എന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ചോ ആ മനുഷ്യനോട് എനിക്കു സംസാരിക്കാന്‍ ഒരിക്കലും സാധിക്കില്ല. എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഞാനവിടെ പ്രസംഗിച്ചത്.’ ഇതാണ് അടല്‍ജി. അതാണ് സ്വയംസേവകന്‍!

1995ലെ സ്വാതന്ത്ര്യദിനത്തില്‍ ഒരു ഗ്രാമത്തിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയി. ഗ്രാമങ്ങളുടെ ശോചനീയാവസ്ഥ വിവരിച്ചശേഷം അദ്ദേഹം പറഞ്ഞു, ‘ഇന്നു നമ്മള്‍ രണ്ടു വ്യത്യസ്ത രാജ്യങ്ങളിലാണ് ജീവിക്കുന്നത്; ഭാരതത്തിലും ഇന്ത്യയിലും. ഭാരതീയര്‍ ഗ്രാമങ്ങളിലും ഇന്ത്യക്കാര്‍ ദല്‍ഹിയിലുമാണ് ജീവിക്കുന്നത്. ഇന്ത്യയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് ഭാരതത്തെ മോചിപ്പിക്കണം.’ വര്‍ത്തമാനകാല അനുഭവങ്ങള്‍ ഗ്രാമങ്ങളെ നമ്മള്‍ വീണ്ടെടുക്കുന്നതിന്റെ മണിനാദമല്ലേ കേള്‍പ്പിക്കുന്നത്!

അടല്‍ജിയുടെ വ്യക്തി വൈശിഷ്ട്യത്തെപ്പറ്റി പലരും വാചാലരായിട്ടുണ്ട്. ഒരിക്കല്‍ വയലാര്‍ രവിയുടെ താമസസ്ഥലത്ത് പ്രാതലിനു ക്ഷണിക്കപ്പെട്ടു. ദോശയും സാമ്പാറും മേഴ്‌സി രവി വിളമ്പി. ഇടയ്‌ക്ക് ഫോണ്‍ എടുക്കാന്‍ മുറിയിലേക്കു പോയ മേഴ്‌സി രവി മടങ്ങി വന്നപ്പോള്‍ അതിഥിയെ കാണാനില്ല. നോക്കുമ്പോള്‍ അടുക്കളയില്‍ താന്‍ കഴിച്ച പാത്രം കഴുകുന്നു! സ്തബ്ധയായിപ്പോയ അവര്‍ പാത്രം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. അടല്‍ജി അനുവദിച്ചില്ല. ‘നമ്മള്‍ രണ്ടാളും രോഗികളാണ്. ഒരാള്‍ മറ്റൊരാളെ ട്രീറ്റു ചെയ്യുന്നു എന്നു കണക്കാക്കിയാല്‍ മതി.’ സ്വയംസേവകത്വത്തിന്റെ മറ്റൊരടയാളം.

ആദരവോടെ വായിച്ചിരിക്കേണ്ട പാഠപുസ്തകമാണ് വാജ്‌പേയ് എന്ന് ഡോ: സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ കമ്മ്യൂണിസ്റ്റു നേതാക്കളായ പാലൊളി മുഹമ്മദ് കുട്ടിയും എം.എ.ബേബിയും അന്നത്തെ പ്രധാനമന്ത്രിയായ അടല്‍ജിയുടെ ഓഫീസില്‍ ചെന്നു. ആവശ്യം പറഞ്ഞപ്പോഴേ അംഗീകരിച്ചു. ‘ഞങ്ങളെ വാതില്‍ വരെ അനുഗമിച്ച് യാത്രയാക്കുകയും ചെയ്തു.’ അത്തരമൊരു സമീപനം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നു പാലൊളി രേഖപ്പെടുത്തിയിട്ടുണ്ട്.

1998ലെ പൊഖ്‌റാന്‍ അണുപരീക്ഷണം ലോകപോലീസുകാര്‍ക്കെല്ലാം ഏറ്റ അടിയായിരുന്നു. അടല്‍ജി ഭാരതത്തിന്റെ ആത്മാവിനെ തട്ടിയുണര്‍ത്തി. ആത്മാഭിമാനം ഉയര്‍ത്തി. ഒറ്റ മാസംകൊണ്ട് 16000 കോടി ഡോളര്‍! തടയപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കുന്നുകൂടി. ഭാരതത്തിലെ സര്‍വസാധാരണക്കാരന്റെ മടിശ്ശീല അഴിച്ചാല്‍, ഡോളര്‍തിന്ന് അഹങ്കരിച്ചു നടക്കുന്നവര്‍ ചൂളിപ്പോകുമെന്ന് കാട്ടിക്കൊടുത്തു. ഉപരോധക്കാര്‍ കുണ്ടിലൊളിച്ചു. ആയിടയ്‌ക്ക് ന്യൂയോര്‍ക്കില്‍ യു.എന്‍.സമ്മേളനത്തിനു ചെന്ന അടല്‍ജിയെ കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് അവസരം ചോദിച്ചു. നേരമില്ലെന്ന് മുഖത്തടിച്ചു പറയാന്‍ ‘ദൃഢചിത്തന്’ മടിയുണ്ടായില്ല.

മലയാളികളെന്ന നിലയില്‍ നമ്മുടെ പ്രശ്‌നങ്ങളെന്താണെന്ന് നമ്മളേക്കഴിഞ്ഞും അദ്ദേഹം മനസ്സിലാക്കി. 1965ല്‍ ഇലസ്‌ട്രേറ്റഡ് വീക്കിലിയിലെ ലേഖനത്തില്‍ അദ്ദേഹം വിശദീകരിച്ചു. ‘യുവാക്കളുടെ പ്രശ്‌നമാണ് കേരളത്തിന്റെ പ്രശ്‌നം. അവര്‍ വിദ്യാസമ്പന്നരാണ്. തൊഴിലില്ലാത്തവരും ബുദ്ധിമാന്മാരുമാണ്. പക്ഷെ രോഷാകുലരും. അവര്‍ക്കു സാമര്‍ത്ഥ്യമുണ്ട്. എന്നാല്‍ വികാരഭരിതരാകാനാണിഷ്ടം. പണിയെടുക്കും. പക്ഷെ സ്വന്തം കാര്യം മാത്രം നോക്കും. സാമ്പത്തിക ബാധ്യതകളും രാഷ്‌ട്രീയ അരാജകത്വവുംകൂടി കേരളീയരെ പരാജയബാധിതരാക്കിയിരിക്കുന്നു. വിചിത്രമായ ദോഷൈകദൃഷ്ടി അവരെ പിടികൂടിയിരിക്കുന്നു… അളവറ്റ പ്രകൃതി വിഭവങ്ങളെ മെരുക്കിയെടുത്ത് കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെടുത്താന്‍ ഒരു ശ്രമവും നടന്നിട്ടില്ല… കേരളത്തിലെ സാമ്പത്തിക ദുരിതത്തിനു കാരണം രാഷ്‌ട്രീയം തന്നെയാണ്… ജനങ്ങള്‍ സാമുദായികസ്പര്‍ദ്ധ മറന്ന് മലയാളികള്‍ എന്ന നിലയ്‌ക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലേ കേരളത്തിന്റെ ചരിത്രത്തില്‍ പുതിയൊരധ്യായം തുടങ്ങൂ.’ രാഷ്‌ട്രീയം മാറ്റിവച്ച് ഈ വാക്കുകള്‍ക്ക് കേരളത്തിന്റെ രാഷ്‌ട്രീയനേതൃത്വം ചെവികൊടുക്കുമോ?. 1986 ലെ ദീപാവലി ദിവസം ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, ഏറ്റവും വലിയ ആഗ്രഹമെന്തെന്ന്. ഉത്തരം: ‘മരിക്കുമ്പോള്‍ ചിരിച്ചുകൊണ്ടാവണം. ചിരിക്കുമ്പോഴാവണം മരണം!’

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക