സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഭാരത ടീം നാളെ ടെസ്റ്റ് പരമ്പരയ്‌ക്കിറങ്ങും. ടീമില്‍ ഉള്‍പ്പെട്ട വിരാട് കോഹ്‌ലി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ശേഷം തിരികെ ചേര്‍ന്നു. വ്യക്തിപരമായ ആവശ്യത്തിനായി 19ന് ലണ്ടനിലേക്ക് പുറപ്പെട്ട കോഹ്‌ലി ടെസ്റ്റിന് രണ്ട് ദിവസമുള്ളപ്പോള്‍ തന്നെ തിരിച്ചെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും അനുവാദം ചോദിച്ചാണ് താരം ലണ്ടനിലേക്ക് പുറപ്പെട്ടത്.
കുടുംബപരമായ ആവശ്യത്തിനെന്ന് അറിയിച്ചുകൊണ്ടായിരുന്നു ഭാരത നിരയിലെ പ്രധാന താരമായ കോഹ്‌ലി ലണ്ടനിലേക്ക് തിരിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20, ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ട കോഹ്‌ലി 15നാണ് ഭാരതത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയിലെത്തിയത്. തുടര്‍ന്ന് ലണ്ടനിലേക്ക് തിരിക്കും വരെ പരിശീലന സെഷനുകളില്‍ മറ്റ് താരങ്ങളെക്കാള്‍ കൂടുതല്‍ സമയം താരം ചിലവിട്ടിരുന്നു- ബിസിസിഐ വ്യക്തമാക്കി.
രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബോക്‌സിങ് ഡേ ദിനമായ നാളെ സെഞ്ചൂറിയനിലെ സ്‌പോര്‍ട്‌സ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് ആരംഭിക്കുക. രണ്ടാം മത്സരം ജനുവരി മൂന്നിന് കേപ്പ്ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തിലാണ്.
പരിമിത ഓവര്‍ ക്രിക്കറ്റുകളില്‍ നേട്ടം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ഭാരത ടീം. മൂന്ന് മത്സര ട്വന്റി20 പരമ്പരയിലെ ഒരു കളി മഴമുടക്കിയപ്പോള്‍ പരമ്പര 1-1 സമനിലയില്‍ കലാശിച്ചു. നേട്ടം ഇരുടീമുകളും പങ്കുവച്ചു. ഏകദിന പരമ്പരയില്‍ 2-1ന് ഭാരതം പരമ്പര സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു വി. സാംസണിന്റെ മികവിലായിരുന്നു ഭാരതം വിജയവും പരമ്പരയും സ്വന്തമാക്കിയത്.
ടെസ്റ്റ് പരമ്പരയ്‌ക്കായി ആദ്യം പ്രഖ്യാപിച്ച ഭാരത ടീമില്‍ രണ്ട് തവണ മാറ്റങ്ങള്‍ വരുത്തിയിരുന്നു. മെഡിക്കല്‍ ഫിറ്റ്‌നസിലെ പോരായ്മയെ തുടര്‍ന്ന് പരിചയ സമ്പന്നനായ പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ആദ്യം ഒഴിവാക്കി. പിന്നീട് പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്ക്‌വാദിനെ ഒഴിവാക്കി, വ്യക്തിപരമായ കാരണത്താല്‍ ഇഷാന്‍ കിഷനെയും പിന്‍വലിച്ചു.
ഭാരത ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ(വൈസ് ക്യാപ്റ്റന്‍), പ്രസിദ്ധ് കൃഷ്ണ, കെ.എസ്. ഭരത്(വിക്കറ്റ് കീപ്പര്‍), അഭിമന്യു ഈശ്വരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: