ന്യൂദല്‍ഹി: വ്യക്തിപരമായ ആക്രമണങ്ങള്‍ നീതിയുടെ പാത പിന്തുടരുന്നതില് നിന്ന് തന്നെ തടയില്ലെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍. ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ 2023 ബാച്ചിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായുള്ള ഭരണഘടനാ പദവിയില്‍ പോലും, ആളുകള്‍ തന്നെ വെറുതെ വിടുന്നില്ല!. തന്റെ ചിന്താഗതി മാറ്റുന്നതിനോ, തന്റെ പാതയില്‍ നിന്ന് വ്യതിചലിക്കുന്നതിനോ ഇത് കാരണമാകില്ല. നാം എപ്പോഴും നീതിയുടെ പാതയില്‍ തന്നെ മുന്നോട്ട് പോകണം. നിരവധി കഷ്ടപ്പാടുകള്‍ അനുഭവിച്ചവനാണ്. കഷ്ടപ്പാടുകളെ എങ്ങനെ മുന്‍കൂട്ടികണ്ട് തരണം ചെയ്യണമെന്ന് അറിയാം. എല്ലാ അപമാനങ്ങളും സഹിച്ച് ഭാരത് മാതാവിനെ സേവിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ നേട്ടങ്ങളില്‍ നാം അഭിമാനിക്കണം. ലോകം നമ്മെ പുകഴ്ത്തുമ്പോള്‍, ചിലര്‍ നമ്മെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കും. അതില്‍ ഒരിക്കലും വിഷമിക്കരുത്. നമ്മുടെ വളര്‍ച്ചക്ക് അത്തരക്കാര്‍ ഒരിക്കലും തടസമാകരുത്. അവര്‍ സ്ഥിരം വിമര്‍ശകരാണ്. സത്യം അറിയാമെങ്കിലും അത് പറയാത്ത, അറിവുള്ള ഒരു മനുഷ്യനെക്കാള്‍ അപകടകരമായ മറ്റൊന്നില്ല. മറ്റുള്ളവരുടെ അറിവില്ലായ്മയെ അവര്‍ മുതലെടുക്കുന്നു. നമ്മുടെ സംസ്കാരം സംസാരിക്കുക, സംവദിക്കുക, പോരാടരുത്, നേരിടരുത്, സഹകരിക്കുക എന്നതാണ്!. ഇത് എല്ലാവരുടെയും രാജ്യമാണ്, എല്ലാവരും ഒരുമിച്ച് വികസിക്കുമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ പാര്‍ലമെന്റ് കവാടത്തില്‍ വെച്ച് ടിഎംസി അംഗം കല്യാണ്‍ ബാനര്‍ജിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ചേര്‍ന്ന് മിമിക്രി കാണിച്ച് അപമാനിച്ചിരുന്നു. ഇന്‍ഡി സഖ്യത്തിലെ എംപിമാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. സംഭവത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: