തിരുവനന്തപുരം: സ്വന്തം സ്വത്വവും പാരമ്പര്യവും തിരികെ പിടിക്കാന്‍ സനാതന ധര്മികളെപ്പോലെ പോരാട്ടം നടത്തേണ്ടി വന്നിട്ടുള്ള മറ്റൊരു ജനതയും ഉണ്ടാവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
ശ്രീരാമനേയും ശ്രീകൃഷ്ണനേയും വിശ്വസിക്കുന്ന ഹൈന്ദവര്‍ക്ക് ആരാധാനഭൂമിയുടെ വീണ്ടെടുപ്പിനായി നൂറ്റാണ്ട് നീണ്ട നിയമപോരാട്ടം നടത്തേണ്ടിവരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പോരാട്ടങ്ങള്‍ക്ക് വര്‍ഗീയ നിറം നല്‍കാനുള്ള ബോധപൂര്‍വമായ ശ്രമം കേരളത്തില്‍ ചിലര്‍ നടത്തുന്നു. കുന്നംമഠത്തില്‍ നട ദേവീക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയുടെ സ്വാധീനത്തില്‍, അയോധ്യയില്‍ രാമക്ഷേത്രത്തിനായി സുപ്രീംകോടതി തീരുമാനം എടുത്തു എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ അയോധ്യയും മഥുരയും രാമജന്മഭൂമിയും കൃഷ്ണജന്മഭൂമിയുമെന്നതിന് ചരിത്രം തെളിവുനല്‍കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മറച്ചുവയ്ക്കപ്പെടുന്നു. ക്രൈസ്തവര്‍ക്ക് ബത്ലഹേം പോലെ, മുസ്ലിങ്ങള്‍ക്ക് മെക്ക പോലെ ഹൈന്ദവര്‍ക്ക് പുണ്യപാവനകേന്ദ്രങ്ങളാണ് ഇവയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശങ്കരാചാര്യരെ സവര്‍ണരുടെ പ്രതീകവും ഗുരുദേവനെ അവര്‍ണരുടെ പ്രതീകവുമാക്കി പോലും വിഭജനം സൃഷ്ടിച്ചു. ശങ്കരന്റെ മതമാണ് എന്റെ മതവും എന്ന് ഗുരുദേവന് പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ നമുക്ക് ഇടയില്‍ ഉണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളസമൂഹത്തില്‍ അഹിംസയും സത്യവും ഇല്ലാതാവുന്ന കാലത്ത് ഭാഗവതസപ്താഹം പോലുള്ള കൂടിച്ചേരലുകള്‍ അനിവാര്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭരണാധികാരികള്‍ പോലും നുണപറയുന്ന കാലത്ത് സഹാനുഭൂതിയും സ്നേഹവും പടര്‍ത്താന്‍ ഇത്തരം യജ്ഞങ്ങള്‍ക്ക് സാധിക്കുമെന്നും വി. മുരളീധരന് ചൂണ്ടിക്കാട്ടി.
ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം അധ്യക്ഷന്‍ ബ്രഹ്മപാദാനന്ദസരസ്വതി യജ്ഞത്തിന് ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് എസ്. ബാബുക്കുട്ടന് നായരുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ശ്രീമതി നമ്പൂതിരി, കെ.ജി. അനില്‍കുമാര്‍, ശ്രീകാര്യം ശ്രീകണ്ഠന്, അയ്യപ്പന്‍പിള്ള, വേണുഗോപാലന്‍നായര്‍, ചന്ദ്രിക സുശീലന്, ശ്രീകാര്യം ശ്രീകുമാരി, സായി പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഹോരക്കാട് ഗോവിന്ദന് നമ്പൂതിരിയാണ് മുഖ്യയജ്ഞാചാര്യന്‍. കൈപ്പിള്ളി നാരായണന് നമ്പൂതിരി, മുണ്ടിയൂര്‍ ശ്രീധരന് നമ്പൂതിരി എന്നിവര്‍ സഹ യജ്ഞാചാര്യന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: