കൂരിരുട്ടിന്റെ മറവില്‍ കഠാരയും കമ്പിപ്പാരയുമായി ആളൊഴിഞ്ഞ ഇടങ്ങള്‍ തേടുന്ന മുഖംമൂടിക്കാര്‍ ഇനി പുതുതലമുറയ്ക്ക് വഴിമാറണം. പോലീസിനെയും നാട്ടുകാരെയും ഭയന്ന് പാത്തുപതുങ്ങിപ്പോയി മോഷണം നടത്തുന്നത് ന്യൂജെന്‍ കള്ളന്മാര്ക്ക് താല്‍പ്പര്യമുള്ള കാര്യമല്ല. കറന്‍സിയെക്കാളും അവര്‍ക്ക് പ്രിയം ‘ഡാറ്റ’ ആണ്. അമൂല്യമായ വിജ്ഞാനശേഖരം, പലപ്പോഴും രഹസ്യസ്വഭാവമുള്ള വിജ്ഞാനശേഖരങ്ങള്‍. അവിടെനിന്ന് മോഷ്ടിച്ചെടുക്കുന്ന ‘ഡാറ്റ’ക്ക് വിപണിയില്‍ തീവില ഉറപ്പ്. പോലീസിനെ പേടിക്കേണ്ട. കാമറയെ ഒളിക്കേണ്ട. കട്ട മുതല്‍ വിറ്റു കാശാക്കാന്‍ ഇടനിലക്കാരനെ തേടുകയും വേണ്ട.
കൃത്രിമ ബുദ്ധിയുടെ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഡിജിറ്റല്‍ കണ്ടുപിടുത്തങ്ങള്‍ വര്‍ധിച്ചതോടെ നാമൊക്കെ വലിയ ധൈര്യത്തിലായിരുന്നു. ഡിജിറ്റല്‍ ആശയവിനിമയവും ബാങ്ക് രേഖകളും സെക്യൂരിറ്റി രഹസ്യങ്ങളുമൊക്കെ ഡിജിറ്റല്‍ സുരക്ഷയുടെ കൂറ്റന്‍ താഴിട്ട് നാം പൂട്ടി. പക്ഷേ ഇരുണ്ടലോകത്തെ സൈബര്‍ ചോരന്മാര് വെറുതെ ഇരിക്കുകയായിരുന്നില്ല. അവര്‍ അതിസൂക്ഷ്മമായ പാസ്വേഡുകള് തകര്‍ത്തു. ഡിജിറ്റല്‍ പൂട്ടുകള്‍ വെട്ടിപ്പൊളിച്ചു. വെബ്സൈറ്റുകള്‍ അടിച്ചുടച്ച് സൈബറിടത്തില്‍ ആസുരതാണ്ഡവം നടത്തി. പക്ഷേ പൂട്ടുകള്‍ പൊളിച്ചതുകൊണ്ടുമാത്രമായില്ലല്ലോ. മിനക്കേടിന് പണം വേണം. അതിന് അവര്‍ കണ്ടെത്തിയ എളുപ്പമാര്‍ഗമാണ് ഡേറ്റാ മോഷണം. അപരന്റെ അതീവസുരക്ഷയുള്ള സൈബറിടങ്ങളില്‍ കടന്നുകയറുക. കിട്ടുന്ന ‘ഡാറ്റ’യത്രയും കട്ടെടുക്കുക. പിന്നെ മോഷണദ്രവ്യം വച്ച് വിലപേശുക. ഒന്നുകില്‍ ചോദിക്കുന്ന പണം. അല്ലെങ്കില്‍ സൈബറിടത്തില്‍ വച്ച് ഡാറ്റ പരസ്യമായി ലേലത്തില്‍ വില്‍ക്കുമെന്ന ഭീഷണി. ഗവേഷണ ശാലകളുടെയും സുരക്ഷാ ഏജന്‍സികളുടെയും സാമ്പത്തിക കേന്ദ്രങ്ങളുടെയുമൊക്കെ ‘ഡാറ്റ’യാണ് അവര്‍ക്ക് ഏറെ പ്രിയം.
ഇക്കുറി പണികിട്ടിയത് വിശ്വവിഖ്യാതമായ ബ്രിട്ടീഷ് ലൈബ്രറിക്കാണ്. ഒക്ടോബര്‍ 31 ന് സൈബര്‍ ചാരന്മാര് ലൈബ്രറിയുടെ വെബ്സൈറ്റ് തകര്‍ത്തു. ഡാറ്റ മോഷ്ടിച്ചു. പ്രതിഫലം നല്കിയാല് കട്ടത് മടക്കിക്കൊടുക്കും. അല്ലെങ്കില്‍ ഏറ്റവും മുന്തിയ തുക നല്കുന്നവന് അത് വില്‍ക്കും. ഇരുപത് ബിറ്റ് കോയിന് അഥവാ 590000 പൗണ്ടാണ് മോചനദ്രവ്യമായി അവര്‍ക്ക് വേണ്ടതത്രേ.
ലോകത്തെ ഏറ്റവും വലിയ വിജ്ഞാനശേഖരങ്ങളിലൊന്നാണ് ബ്രിട്ടീഷ് ലൈബ്രറി. പുസ്തകങ്ങളും പേറ്റന്റുകളും ഗവേഷണ പ്രബന്ധങ്ങളുമടക്കം 200 ദശലക്ഷം സൂക്ഷിപ്പുകള്‍. അതിനുപുറമെ വ്യക്തികളെ സംബന്ധിക്കുന്ന വിവരങ്ങള്‍. യുകെയുടെ വെബ് ആര്‍കൈവ് ചെയ്ത് സൂക്ഷിക്കുന്നതും ബ്രിട്ടീഷ് ലൈബ്രറിയില്‍ത്തന്നെ. കഴിഞ്ഞ ഒരു വര്‍ഷം മാത്രം അവര്‍ ശേഖരിച്ച് സൂക്ഷിച്ചത് 68 ടെറാബൈറ്റ് ‘വെബ് ഡാറ്റ’യെന്ന് കണക്ക്. തങ്ങളെ സൈബര്‍ ചോരന്മാര് ആക്രമിച്ചതും പ്രധാന വിവരങ്ങള്‍ മോഷ്ടിച്ചെടുത്തതും പുറത്തറിയിച്ചത് ബ്രിട്ടീഷ് ലൈബ്രറി തന്നെയായിരുന്നു. തങ്ങളുടെ വെബ്സൈറ്റ് താറുമാറായെന്നും ഡാറ്റ ചോര്‍ന്നുവെന്നും പറഞ്ഞ ലൈബ്രറി തങ്ങളുമായി ബന്ധപ്പെട്ട പാസ്വേഡുകള് മറ്റ് സര്‍വീസുകളില്‍ ഉപോഗിക്കുന്നുണ്ടെങ്കില് ഉടന്‍ മാറ്റണമെന്ന് വരിക്കാരനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
മോചനദ്രവ്യം വാങ്ങി സുഖിക്കുന്ന ഇത്തരം സംഘങ്ങള്‍ (റാന്‍സം വെയര്‍ ഗ്രൂപ്പുകള്‍) തങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കടന്നുകയറി ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം മരവിപ്പിക്കുകയാണ് സാധാരണ ചെയ്യുക. അതിനവര്‍ ഉപയോഗിക്കുക സ്വയം സൃഷ്ടിച്ചെടുത്ത സോഫ്ട് വെയറുകള്‍-മലീഷ്യസ് സോഫ്ട് വെയര്‍ അഥവാ മാല്‍വെയര്‍-ആണ്. അത്തരം മാല്‍വെയറുകള്‍ കടന്നുകയറി മരവിപ്പിച്ച കമ്പ്യൂട്ടര്‍ ശൃംഖല തുറന്നുകൊടുക്കണമെങ്കില്‍ പണം നല്‍കണം. അതും നേരിട്ടല്ല. നിയമാനുസൃതമല്ലാത്ത ക്രിപ്റ്റോ കറന്‍സിയുടെ രൂപത്തില്‍. മറ്റു ചിലര്‍ ‘ഡാറ്റ’ തട്ടിയെടുത്ത ശേഷമാവും വിലപേശല്‍ നടത്തുക.
സൈബര്‍ മോഷണത്തിന്റെ പ്രത്യേകത, കള്ളന്മാരെ എളുപ്പത്തില്‍ കണ്ടെത്താനാവില്ല എന്നതുതന്നെ. ബ്രിട്ടീഷ് ലൈബ്രറിയെ ആക്രമിച്ച സൈബര്‍ ഭീകരര്‍ റഷ്യയിലാണ് ആസ്ഥാനമുറപ്പിച്ചിരിക്കുന്നതെന്ന് കരുതുന്നു. തങ്ങളെ പേര് ‘റൈസിഡ'(ഒരിനം അട്ട) എന്നാണെന്ന് അവര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം പോര്‍ട്ടുഗല്‍ നഗരം, കുവൈത്തിലെ സാമ്പത്തിക മന്ത്രാലയം, ചിലിയിലെ സൈന്യ കേന്ദ്രം തുടങ്ങിയ ലക്ഷ്യങ്ങളില്‍ റൈസിഡ ആക്രമണം നടത്തിയെന്ന് നിരീക്ഷകര്‍ പറയുന്നു.
റൈസിഡയുടെ ഭീഷണിക്കെതിരെ ജാഗ്രത വേണമെന്ന് അമേരിക്കയുടെ എഫ്ബിഐ, യു.എസ്. സൈബര്‍ സെക്യൂരിറ്റി ഏജന്‍സി തുടങ്ങിയവര്‍ നേരത്തെ മുന്നറിയിപ്പ് നല്കി. ചോരന്മാര്‍ക്ക് കീഴടങ്ങുന്നതിനെതിരെയും സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ ബ്രിട്ടനില്‍ തന്നെ ഒരു വര്‍ഷത്തില്‍ 1.2 ദശലക്ഷം പൗണ്ട് ഇപ്രകാരം മോചനദ്രവ്യമായി കള്ളന്മാര്ക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് പറയുന്നു. മോചനദ്രവ്യം ‘ബിറ്റ് കോയിന്’ എന്ന അംഗീകൃതമല്ലാത്ത ഡിജിറ്റല്‍ കറന്‍സിയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ കള്ളന്മാരെ തേടി കണ്ടെത്തുക തികച്ചും ദുഷ്കരമാണ് താനും. ‘സൈബര്‍ ഡാറ്റാ’ ചോരണം കൂടുകയുമാണ്. പ്രമുഖ സ്ഥാപനങ്ങളുടെ കണക്കെടുത്താല്‍ മൂന്നില്‍ ഒന്നും വിവിധ സൈബര്‍ ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണ നിരീക്ഷണത്തിലാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ചാറ്റ് ജിപിടി അടക്കം സൈബര്‍ മേഖലയിലുണ്ടായ കുതിച്ചുചാട്ടവും ആധുനിക വ്യാവസായിക സൈബര്‍ ഉപകരണങ്ങളുടെ വികാസവുമ്മൊക്കെ ഡാറ്റാ ചോരണം എന്ന ക്രിമിനല്‍ പ്രവൃത്തിക്ക് കാരണമാവുന്നുണ്ട്. ഓണ്‍ലൈന്‍ ഡാറ്റ കമ്പനികളുടെ ഡാറ്റ സംരക്ഷണത്തിലെ അനവധാനത മറ്റൊരു കാരണം. ഏറ്റവും പ്രധാനം ധാര്‍മികതയില്‍ ഉണ്ടായ വീഴ്ചയും. ഏതായാലും ഒരു കാര്യം തീര്‍ച്ച. എത്രത്തോളം കരുതിയിരുന്നാലും സൈബറിടത്തില്‍ ആരും അത്ര സുരക്ഷിതരല്ല.
രാസവിഷത്തിന്റെ കൈപ്പുസ്തകം
രാസവസ്തുക്കള്‍ പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയല്ല. അതുകൊണ്ടുതന്നെ അവയുടെ വിഷവീര്യവും സ്വഭാവവും പരിഹാരമാര്ഗങ്ങളുമൊക്കെ കൃത്യമായി രേഖപ്പെടുത്തുന്ന ഒരു രജിസ്റ്ററിന് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗം (യുഎന്‍ഇപി) രൂപംനല്കി. ഇന്റര്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് പൊട്ടന്‍ഷ്യലി ടോക്സിക് കെമിക്കല്‍സ് (ഐആര്പിടിസി). രാസവിഷയങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് 1974 ല്‍ ആരംഭിച്ച രജിസ്റ്ററിന്റെ ആസ്ഥാനം സ്വിറ്റ്സര്‍ലന്റിന്റെ തലസ്ഥാനമായ ജനീവയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: