മൃദംഗ ചക്രവര്‍ത്തിയെന്നു പുകള്‍പെറ്റ പാലക്കാട് മണി അയ്യരുടെ അനന്യമായ ബാണിയുടെ ഇന്നുള്ള ശക്തമായ സാന്നിദ്ധ്യമാണ് തിരുവനന്തപുരം വി. സുരേന്ദ്രന്. ചൊല്‍ക്കെട്ടുകളുടെ പൂര്‍ണ്ണതയും നടകള്‍ വായിക്കുന്നതിലെ ഔചിത്യവും വെന്നിക്കൊടി നാട്ടുന്ന പാലക്കാട് മണി അയ്യരുടെ തഞ്ചാവൂര്‍ ബാണി സുരേന്ദ്രന്റെ പക്കല്‍ സുവ്യക്തം, സുഭദ്രം.
തിരുവനന്തപുരത്തെ വിഖ്യാതമായ സ്വാതി തിരുനാള്‍ സംഗീത നാടക അക്കാദമിയില്‍ നിന്നും മൃദംഗത്തില്‍ ഉയര്‍ന്ന നിലയില്‍ ബിരുദം നേടിയ സുരേന്ദ്രന് പിന്നീട് പാലക്കാട് മണി അയ്യരുടെ അടുക്കല്‍ ഗുരുകുല സമ്പ്രദായത്തിലാണ് ഉപരിപഠനം നടത്തിയത്. മണി അയ്യരുടെ തന്നെ ശിഷ്യനായിരുന്ന സ്വാതി തിരുനാള്‍ അക്കാദമിയില്‍ മൃദംഗപഠനത്തിനുള്ള പാഠ്യക്രമം രൂപീകരിച്ച മാവേലിക്കര വേലുക്കുട്ടി നായരായിരുന്നു സുരേന്ദ്രന്റെ ആദ്യ ഗുരുനാഥന് എന്നത് കലര്‍പ്പില്ലാത്ത മൃദംഗവായനശൈലിക്ക് ഒരു കാരണമായിരിക്കാം.
ആദ്യം കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പോടെ ആരംഭിച്ച ആ ഗുരുകുലവാസം 13 വര്‍ഷം നീണ്ടുനിന്നത് ഭക്ത്യാദരപൂര്‍വ്വമാണ് സുരേന്ദ്രന് ഓര്‍ത്തെടുക്കുന്നത്. പുതുതായി ചോറിട്ട (മൃദംഗത്തിന്റെ ശബ്ദഭംഗിക്കും വൈവിധ്യത്തിനും കാരണമായ വലന്തയില് മദ്ധ്യത്തില്‍ കാണുന്ന കറുത്ത വൃത്തത്തെയാണ് ചോറ് എന്നു പറയുന്നത്) അടിസ്ഥാന മൃദംഗപാഠങ്ങളായ പാഠക്കൈകള്‍ വായിച്ച് ആ ചോറിളക്കുകയായിരുന്നു ആദ്യ നാളുകളില്‍ ഗുരുനാഥന് നല്‍കിയിരുന്ന ചുമതലയെന്ന് സുരേന്ദ്രന് പറയുന്നത് തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ്. ആ പരിശീലനം ചൊല്‍ക്കെട്ടുകള്‍ വായിക്കുന്നതിലെ വ്യക്തത ഉറപ്പാക്കാന്‍ എത്ര സഹായകമായിട്ടുണ്ടെന്ന് പറയാവതല്ല.
ഗുരുനാഥന്റെ കൂടെ ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ നടത്തിയ യാത്രകളും, അദ്ദേഹത്തിന്റെ സഹായിയായി സ്റ്റേജിന്റെ ഓരത്തിരുന്ന് കച്ചേരികള്‍ ധാരാളമായി കേട്ടതും സംഗീത വ്യക്തിത്വത്തിലും വാദനശൈലിയിലും ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ലെന്ന് സുരേന്ദ്രന് അനുസ്മരിക്കുന്നു. വ്യത്യസ്ത ഗായകര്‍ക്കും ആലാപനശൈലികള്ക്കും അകമ്പടി വായിക്കുന്നതിലെ വൈവിധ്യങ്ങളിലേക്കും സാധ്യതകളിലേക്കുമുള്ള കിളിവാതിലുകളെന്നാണ് ഈ സംഗീതയാത്രകളെ സുരേന്ദ്രന് വിശേഷിപ്പിക്കുന്നത്.
കച്ചേരിയുടെ ആസ്വാദ്യതയ്ക്ക് മൃദംഗം വായനയ്ക്കിടയില്‍ ശ്രദ്ധാപൂര്‍വ്വം സ്രിഷ്ട്ടിക്കുന്ന നിശ്ശബ്ദതകള്‍ എത്ര പ്രധാനമാണെന്ന് മനസ്സിലായത് ഇത്തരത്തില്‍ സ്ഥിരമായും ധാരാളമായും കേട്ട കച്ചേരികളിലൂടെയാണ്. പാട്ടുകാരന്, അല്ലെങ്കില്‍ മുഖ്യ കലാകാരന് പാടി തുടങ്ങിയാലുടന്‍ മൃദംഗവും വായിച്ചു തുടങ്ങുന്ന രീതിയായിരുന്നില്ല മണി അയ്യരുടേത്. (മണിസ്വാമി അല്ലെങ്കില്‍ സ്വാമി എന്നായിരുന്നു മണി അയ്യരെ എല്ലാവരും സംബോധന ചെയ്തിരുന്നത്.) പാട്ടിന്റെ കാലപ്രമാണവും ഗായകന്റെ മൂഡും മനസ്സിലാക്കി അനുയോജ്യമായ നടകളോടെ ആ പെര്‍ഫോമെന്‍സിലേക്ക് തടസ്സമേതുമില്ലാതെ ആകര്‍ഷകമായ തന്മയത്വത്തോടെ കടന്നുകയറുക എന്ന ആ രീതിയുടെ ഫലദായകത്വം വായിച്ചു കേട്ടാലേ മനസ്സിലാവുകയുള്ളൂ.
മറ്റ് സംഗീതജ്ഞരോടുള്ള ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലെ ആഭിജാത്യം, ആരാധകരോടുള്ള സമീപനം, പരിപാടികള്‍ക്ക് എത്തുന്നതിലെ കൃത്യനിഷ്ഠത, മൃദംഗം ശ്രുതിശുദ്ധമായി പരിപാലിക്കുന്നതിലെ സൂക്ഷ്മത തുടങ്ങിയ സംഗീതസംബന്ധിയായ എല്ലാ മേഖലകളിലും ഒരു സാധനാപാഠമായിരുന്നത്രേ മണിസ്വാമിയെ അനുഗമിച്ചുകൊണ്ട് നടത്തിയ ഒട്ടനവധി സംഗീത യാത്രകള്‍.
കോഴിക്കോട്ട് രണ്ടു ദിവസം തുടര്‍ച്ചയായി കച്ചേരികള്‍ക്കു വായിക്കാന്‍ മണിസ്വാമി ഒരിയ്ക്കല്‍ – 70കളില്‍ ആയിരിക്കണം – വന്നത് ഈ ലേഖകന്‍ വ്യക്തമായി ഓര്‍ക്കുന്നു. അന്ന് ഞാന്‍ സുരേന്ദ്രന് മാഷുടെയടുത്ത് മൃദംഗം സാധകം ചെയ്തുവരുന്ന കാലമാണ്. പാലക്കാട് മണി അയ്യരുടെ എല്ലാ കാര്യങ്ങളിലും മാഷ് കാണിച്ചിരുന്ന ബഹുമാനപൂര്‍വ്വമായ ശ്രദ്ധയും ശുഷ്ക്കാന്തിയും അന്നത്തെ പുതുതലമുറക്കാരായ ഞങ്ങള്‍ക്ക് അമൂല്യമായ സാധനാപാഠം തന്നെയായിരുന്നു. കച്ചേരിക്ക് മൃദംഗം തയ്യാറാക്കിവയ്ക്കുന്നതു മുതല്‍ കച്ചേരി കഴിഞ്ഞ് അത് ഭദ്രമായി തിരിച്ച് വാസസ്ഥലത്തോ അതേ ദിവസംതന്നെ മടക്കമാണെങ്കില്‍ ട്രെയിന്‍ കമ്പാര്‍ട്ട്മെന്റിലോ എത്തിക്കുന്നതുവരെ ശിഷ്യന്റെ ചുമതലയായിരുന്നു. വാദ്യോപകരണം കൈകാര്യം ചെയ്യുന്നതില്‍ ഒരു ആത്മവിശ്വാസവും, അത് പരിപാലിക്കുന്നതില്‍ ഒരു വൈദഗ്ധ്യവും ആര്‍ജിക്കാനുള്ള പ്രായോഗിക പരിശീലനം തന്നെയായിരുന്നു ഇത്തരം ചുമതലകള്‍.
സ്വാമിയുടെ അടുത്തുള്ള ഗുരുകുലവാസക്കാലത്താണ് സുരേന്ദ്രന് കോഴിക്കോട് ആകാശവാണി നിലയത്തില്‍ നിലയവിദ്വാനായി സ്ഥിരം ജോലി ലഭിക്കുന്നത് – 70കളുടെ തുടക്കത്തില്‍. അക്കാലത്ത് പ്രശസ്തമായ വിധത്തില്‍ ആരംഭിച്ച കോഴിക്കോട് ത്യാഗരാജോത്സവ സംഘാടനത്തില്‍ ജി. എസ്. ശ്രീകൃഷ്ണന്, പുതുക്കോട് എസ്. കൃഷ്ണന്, എം. ഉണ്ണിക്കൃഷ്ണന് തുടങ്ങിയ മുതിര്‍ന്ന കലാകാരന്മാരോടൊപ്പം അന്ന് ചെറുപ്പക്കാരായിരുന്ന സുരേന്ദ്രനും പാലാ സി. കെ. രാമചന്ദ്രനും സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിരുന്നത്.
പിന്നീട് തൃശ്ശൂര്‍, തിരുവനന്തപുരം ആകാശവാണി നിലയങ്ങളില്‍ ജോലി ചെയ്ത സുരേന്ദ്രന് അവിടെ കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന ഗ്രേഡിന് അര്‍ഹനായിട്ടുണ്ട്. പല പ്രാവശ്യം ആകാശവാണിയുടെ അഭിമാന സംഗീതപരിപാടികളായ ദേശീയ സംഗീത പരിപാടി, റേഡിയോ സംഗീത സമ്മേളന പരിപാടികള്‍ എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം നവരാത്രി മണ്ഡപക്കച്ചേരികളുടെയും, ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവക്കച്ചേരികളുടെയും നേരിട്ടുള്ള പ്രക്ഷേപണത്തില്‍ വളരെ വിദഗ്ധമായി പങ്കെടുത്തിട്ടുണ്ട്.
ഇപ്പോള്‍ എട്ടാമത് ദശാബ്ദത്തിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കുന്ന സുരേന്ദ്രന് അനവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവയ്ക്ക് കിരീടംവയ്ക്കുന്ന വിധമാണ് ഇക്കഴിഞ്ഞ വര്‍ഷം കേന്ദ്ര സംഗീത നാടക അക്കാഡമി അവാര്‍ഡും ചെമ്പൈ സ്മാരക അവാര്‍ഡും തേടിയെത്തിയത്.
കോഴിക്കോട്ടെ ‘സാധകം’ എന്ന സംഗീത സഭ സുരേന്ദ്രനെ പ്രത്യേകം ആദരിക്കുകയുണ്ടായി. ഗുരുവിന്റെ പൂര്‍ണ്ണമായ അനുഗ്രഹവും സംഗീതരസികരുടെ അകമഴിഞ്ഞ പ്രോത്സാഹനവുമാണ് തനിക്ക് ഇപ്പോഴും സംഗീതസപര്യ തുടരാനുള്ള ഊര്‍ജ്ജം നല്‍കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ സുരേന്ദ്രന് എടുത്തുപറഞ്ഞത് ഏറെ ഹൃദയസ്പൃക്കാവുകയും ചെയ്തു.
പിന്നീട് അരങ്ങേറിയ നെടുങ്കുന്നം ശ്രീദേവ് എന്ന യുവസംഗീതജ്ഞന്റെ കച്ചേരിക്ക് ആകര്‍ഷകമാം വിധത്തില്‍ സുരേന്ദ്രന് ഒരുക്കിയ പക്കം ഏറെ ആസ്വാദ്യകരമായിരുന്നു. ചൊല്ക്കെട്ടുകളിലെ വ്യക്തതയും നടകള്‍ വായിക്കുന്നതിലെ ചാരുതയും വിവധ തീരുമാനങ്ങളുടെയും കോരുവകളുടെയും വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു സുരേന്ദ്രന്റെ വായന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: