മുംബൈ : ഗുജറാത്ത് തീരത്ത് ഡ്രോണ്‍ ആക്രമണത്തിന് ഇരയായ ചരക്കുകപ്പല്‍ മുംബൈ തീരത്തേയ്ക്ക് തിരിച്ചും. കപ്പലിനൊപ്പം ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡും സഞ്ചരിക്കുന്നുണ്ട്. തിങ്കളാഴ്ചത്തേയ്ക്ക് മുംബൈയില്‍ എത്തും, ആശയ വിനിമയം നടത്തിയതായി ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡ് അറിയിച്ചു.
ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ജപ്പാന്റെ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 20 ഇന്ത്യക്കാരാണ് സൗദിയില്‍ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന കപ്പലില്‍ ഉണ്ടായിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ പടര്‍ന്ന തീ പെട്ടെന്ന് അണയ്ക്കാന്‍ സാധിച്ചതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണം. എം.വി. ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലില്‍ സ്ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇസ്രയേലിന്റെ ചരക്കു കപ്പലിനു നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണം പതിവായതോടെ പല കമ്പനികളും ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണം നിര്‍ത്താതെ കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കില്ല എന്നാണ് ഹൂതികളുടെ വാദം. ഹൂതികളുടെ ഈ വെല്ലുവിളിക്ക് പിന്നാലെയാണ് അറബിക്കടലിലും ആക്രമണം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: