തിരുവനന്തപുരം: കാസര്‍കോട്ടു നിന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവകേരള സദസ് ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ വന്‍ സംഘര്‍ഷം. കല്യാശേരിയില്‍ തുടങ്ങിയ സംഘര്‍ഷം സമാപനം നടന്ന വട്ടിയൂര്‍ക്കാവ് വരെ തുടര്‍ന്നു.
സമാപനത്തില്‍ തലസ്ഥാനം യുദ്ധക്കളമായി. ഹെല്‍മെറ്റുകൊണ്ടുള്ള അടി, പൂച്ചെട്ടിയാല് മര്‍ദനം. യാത്ര തലസ്ഥാനത്തെത്തിയപ്പോള്‍ ടിയര്‍ ഗ്യാസ് പൊട്ടിക്കലും വെള്ളംചീറ്റലും. യാത്രയെത്തുന്നതിനു മുമ്പ് നിരവധി പ്രതിപക്ഷ നേതാക്കളെ കരുതല്‍ തടങ്കലില്‍വച്ച് അടിയന്തരാവസ്ഥയ്ക്കു സമാനമാക്കി. തുടക്കം മുതല്‍ ഒടുക്കം വരെ ഇത്തരത്തില്‍ സംഘര്‍ഷമുണ്ടായ യാത്ര സംസ്ഥാന ചരിത്രത്തിലില്ല.
ഇന്നലെ തലസ്ഥാനത്തെ ഉപറോഡുകളെല്ലാം അടച്ച് വാഹനം തടഞ്ഞും കെഎസ്ആര്‍ടിസി ബസുകളെ തിരിച്ചുവിട്ടും യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കാവുന്നതെല്ലാം പോലീസ് ചെയ്തു. മറ്റു ജില്ലകളില്‍ നിന്നും ക്രമസമാധാനപാലനത്തിനായി പോലീസിനെ എത്തിച്ചതോടെ പോലീസ് രാജായി. എന്തും ചെയ്യാവുന്ന തരത്തില്‍ പോലീസിനെ കയറൂരി വിട്ടു. കഴിഞ്ഞ ദിവസം കാട്ടാക്കടയില്‍ നവകേരള സദസിന് അകമ്പടി പോയ പോലീസ് വാഹന വ്യൂഹത്തിലെ ഒരു വാഹനത്തിന്റെ ഡോര്‍ തുറന്നുവച്ച് കരിങ്കൊടി കാണിച്ചവരെ ഇടിച്ചിട്ടിരുന്നു.
സംസ്ഥാനത്തെ ഭരണം സ്തംഭിപ്പിച്ച് കാബിനറ്റ് ഒന്നടങ്കം നടത്തിയ നവകേരള സദസ് ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു ഓരോ ദിവസവും കടന്നുപോയത്. പോലീസിനെക്കൂടാതെ മുഖ്യമന്ത്രിക്കും സംഘത്തിനും സംരക്ഷകരായി ഡിവൈഎഫ്ഐക്കാരും ക്വട്ടേഷന്‍ സംഘങ്ങളും അണിചേര്‍ന്നതോടെ സംസ്ഥാനം കലാപ കലുഷിതമായി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ആഡംബര ബസിനു കയറാന്‍ പലയിടത്തും സ്കൂള്‍ മതിലുകള്‍ പൊളിച്ചു.
പ്രതിഷേധിച്ചവരെ സിപിഎമ്മിന്റെ യുവജന സംഘടനകള്‍ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിച്ചതാണ് അക്രമം ഇത്രയധികം വ്യാപിക്കാനിടയാക്കിയത്. സംഘര്‍ഷത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ മിണ്ടാതിരിക്കുക, എണീറ്റു പോകുക, രൂക്ഷമായി നോക്കുക, തട്ടിക്കയറുക എന്നിങ്ങനെയുള്ള മുഖ്യമന്ത്രിയുടെ കലാപരിപാടികളും നവകേരള സദസിന് സ്വന്തം. മുഖ്യമന്ത്രിയുടെ ഗണ്മാന് വരെ പുറത്തിറങ്ങി പ്രതിഷേധക്കാരെ മര്‍ദിച്ചതും പോലീസ് ചരിത്രത്തിലാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: