കോഴഞ്ചേരി: ഭാരതം വിശ്വഗുരുസ്ഥാനത്തേക്ക് അതിവേഗം കുതിക്കുന്ന ഈ കാലഘട്ടത്തില്‍ ചട്ടമ്പിസ്വാമികളുടെ ആശയങ്ങള്‍ക്ക് കാലിക പ്രസക്തിയുണ്ടെന്ന് ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതമഹാമണ്ഡലത്തില്‍ നടന്ന പരമഭട്ടാരക ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആചരണസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മജിക്ക് മുന്‍പ് ലോകപ്രശസ്തരായ രവീന്ദ്രനാഥ ടാഗോറും സ്വാമി വിവേകാനന്ദനും, അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത രണ്ടേ രണ്ടു വ്യക്തികള്‍ ചട്ടമ്പിസ്വാമി തിരുവടികളും ശ്രീനാരായണ ഗുരുവും ആണ്. ചട്ടമ്പിസ്വാമികളുടെ ഭാരത പര്യടനത്തെ അതിന്റെ സമഗ്രതയോടെ കൈകാര്യം ചെയ്ത് പ്രചരിപ്പിക്കാന്‍ കേരളീയര്‍ക്കിന്നും കഴിഞ്ഞിട്ടില്ല. പാഠ്യവിഷയമാക്കേണ്ട ചിന്തകളാണ് ഇരുവരുടേതും. കേരളത്തിന്റെ അതിര്‍ത്തി കടന്ന് ഇതര ദേശങ്ങളിലേക്ക് ചട്ടമ്പിസ്വാമികളുടെ ദര്‍ശനങ്ങള്‍ എത്തിയിട്ടുണ്ട്, എന്നിട്ടും കേരളജനത ആ കാഴ്ചപ്പാടുകളെ സ്വീകരിച്ചിട്ടില്ല. ചട്ടമ്പിസ്വാമികളുടെ ആത്മദര്‍ശനം സാംസ്കാരിക പരിവര്‍ത്തനത്തിനുളള ആഹ്വാനമാണ് നല്‍കുന്നത്. കാല്ശതമാനത്തില്ത്താഴെ നിരീശ്വരത ഉള്ളതുകൊണ്ടും ആത്മീയതയില്‍ മുന്നിട്ടുനില്ക്കുന്നതുകൊണ്ടുമാണ് നമ്മുടെ ഭാരതം സാംസ്കാരികമായി മുന്നേറുന്നത്. ചരിത്രമുറങ്ങുന്ന ചെറുകോല്‍പ്പുഴ പുതുതലമുറയിലേക്ക് ആത്മീയത പകര്‍ന്നു കൊടുക്കുകയാണ് ഈ മഹാഗുരുവര്‍ഷത്തില്‍ ലക്ഷ്യമാക്കേണ്ടതെന്നും ശ്രീധരന്‍പിളള പറഞ്ഞു.
ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ അധ്യക്ഷനായിരുന്നു. ഡോ. സുരേഷ് മാധവ്, ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആര്. വിക്രമന്‍പിള്ള , വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, അഡ്വ. കെ. ഹരിദാസ്, പ്രോഗ്രാം കണ്‍വീനര്‍ എന്‍.ജി. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: