അയോധ്യ: ജനകപുരിയിലെയും മിഥിലയിലെയും ജനങ്ങള്‍ രാമക്ഷേത്രത്തിലേക്ക് എത്തുക വീടുകളില്‍ നിന്ന് സമാഹരിച്ച സിന്ദൂരവുമായിട്ടാകുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം കാമേശ്വര് ചൗപാല്‍. സീതയുടെ ജന്മനാടെന്ന് വിശ്വസിക്കുന്ന നേപ്പാളിലെ ജനകപുരിയില്നിന്നും സീതാദേവി വളര്‍ന്ന ബിഹാറിലെ മിഥിലയിലും വലിയ ഒരുക്കങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
ആയിരത്തോളം സ്ത്രീകളുടെ നേതൃത്വത്തില്‍ അയോധ്യയിലേക്ക് സിന്ദൂരയാത്ര നടത്താനാണ് പരിപാടി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഫെബ്രുവരി 13നാണ് ഈ ഐതിഹാസിക ഗ്രാമങ്ങളില്‍ നിന്ന് രാമഭക്തര്‍ അയോധ്യയില്‍ ദര്‍ശനത്തിന് എത്തുന്നത്.
ജനുവരി 30ന് മിഥിലയിലെ ഗരിബ്നാഥ് ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന യാത്ര 13ന് അയോധ്യയിലെത്തിച്ചേരും. വിശ്രമകേന്ദ്രങ്ങളായ മോതിപൂര്, സാഹേബ്ഗഞ്ച്, മോതിഹാരി, ഗോപാല്‍ഗഞ്ച്, ഹത, കുശിനഗര്‍, ഗെരഖ്പൂര്‍, ഭണ്ഡാര എന്നിവിടങ്ങളില്‍ രാമകഥാപ്രവചനവും ഉണ്ടാകും.
രാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്നനും ഉപഹാരങ്ങളുമായി ജനകമഹാരാജാവിന്റെ നാട്ടുകാര്‍ അയോധ്യയിലെത്തുന്നതിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന യാത്രയാകും ഇത്. രാമദര്‍ശനത്തിന് മുന്നോടിയായി മിഥിലയിലെ വിദേഹ നഗരം, മുസാഫര്‍പൂര്‍, ദര്‍ഭംഗ ജില്ലകളില്‍ ഒരു നുള്ള് സിന്ദൂരം നല്‍കൂ, സീതാദേവിയെ പൂജിക്കൂ എന്ന സന്ദേശവുമായി ഓരോ വീടുകളിലും സമ്പര്‍ക്കം നടത്തും.
ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന സിന്ദൂരം അയോധ്യയില്‍ പൂജിച്ച് ഇതേ ഗ്രാമങ്ങളിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് തന്നെ സമ്മാനിക്കും. ശ്രീരാമന് മിഥിലയിലേക്ക് വന്നു എന്ന് കരുതപ്പെടുന്ന പാതയിലൂടെയാകും സിന്ദൂര യാത്ര അയോധ്യയിലേക്ക് പോവുക. നേപ്പാളിലെ ജനകപുരിയില്‍ നിന്നുള്ള പ്രതിനിധികളും യാത്രയില്‍ പങ്കെടുക്കും. രാമനും സഹോദരര്‍ക്കും മധുരപലഹാരങ്ങള്‍, പഴങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ സമ്മാനമായി കരുതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: