കേരളം സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോഴും ധൂര്‍ത്തിനും ആര്ഭാടത്തിനും കുറവുവരുത്താത്ത ഇടതുമുന്നണി സര്‍ക്കാരിന് കോടതിയില്‍ ഉത്തരംമുട്ടിയിരിക്കുന്നു. നാലഞ്ചുമാസങ്ങളായി വാര്‍ദ്ധക്യ പെന്ഷന് മുടങ്ങിയതിനെതിരെ അടിമാലി സ്വദേശിയായ മറിയക്കുട്ടി ഹര്‍ജിയുമായി സമീപിച്ചപ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിന്റെ കഴുത്തിനുപിടിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് പെന്ഷന് മുടങ്ങാന്‍ കാരണമെന്നും, കേന്ദ്രവിഹിതം ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞത് കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് രൂക്ഷമായ വിമര്‍ശനമാണ് കോടതി സര്‍ക്കാരിനെതിരെ നടത്തിയത്. പണമില്ലെന്നു പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്ന് ചോദിച്ച കോടതി, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിക്കൊണ്ടിരിക്കുന്ന നവകേരള സദസ്സിനുവേണ്ടി കോടികള്‍ പിരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ പെന്ഷന് പണമില്ലെന്ന് പറയരുതെന്നും, ഇത് കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി. മറിയക്കുട്ടിയുടെ മൂന്നുമാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവെങ്കിലും കൊടുക്കണമെന്നായി ഹൈക്കോടതി. തുച്ഛമായ തുകയാണ് അവര്‍ ചോദിക്കുന്നതെന്നും, സര്‍ക്കാരിന് അത് ഒന്നുമല്ലെങ്കിലും മറിയക്കുട്ടിക്ക് വലിയ തുകയാണെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയെപ്പോലുള്ള പാവങ്ങള്‍ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നില്ലെന്ന് കോടതി ചോദിച്ചത് ഇടതുമുന്നണി ഭരണത്തിന്റെ മനുഷ്യത്വമില്ലായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
മറിയക്കുട്ടിക്ക് പെന്‍ ഷന് കൊടുക്കാത്തതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത് അവരുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നാണ്. യഥാര്‍ത്ഥത്തില്‍ പാവപ്പെട്ട ഈ വൃദ്ധയോട് രാഷ്ട്രീയപ്രേരിതമായി പെരുമാറിയത് സര്‍ക്കാരാണ്. വിധവാ പെന്ഷന് മുടങ്ങിയതിനെതിരെ മറിയക്കുട്ടിയും മറ്റൊരു വൃദ്ധയും അടിമാലി ടൗണില്‍ ഭിക്ഷയെടുത്തിരുന്നു. മരുന്നുവാങ്ങുന്നതിനുള്ള പണത്തിനുവേണ്ടിയായിരുന്നു ഇത്. ഇടതുഭരണത്തില്‍ എല്ലാവരും സംതൃപ്തരാണെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിക്കുന്നതായിരുന്നു മറിയക്കുട്ടിയുടെ ഈ പ്രതിഷേധം. ഇടതുമുന്നണി സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമല്ലെന്ന് പകല്‍പോലെ വ്യക്തമാവുകയായിരുന്നു. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ഈ വയോധികയെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നതിനു പകരം അവര്‍ക്കെതിരെ കള്ളക്കഥകള്‍ മെനയുകയാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സിപിഎം മുഖപത്രം ‘ദേശാഭിമാനി’ ചെയ്തത്. മറിയക്കുട്ടിക്ക് ഏക്കറുകണക്കിന് സ്ഥലമുണ്ടെന്നും, അവരുടെ മകള്‍ വിദേശത്താണെന്നുമൊക്കെ കഥ മെനഞ്ഞ ഈ പത്രം വെട്ടിലായി. തനിക്ക് ഭൂമിയുണ്ടെങ്കില്‍ അതിന്റെ രേഖ നല്‍കണമെന്ന ആവശ്യവുമായി മറിയക്കുട്ടി വില്ലേജ് ഓഫീസറെ സമീപിച്ചു. ഭൂമിയില്ലെന്ന് എഴുതി നല്‍കുകയും ചെയ്തു. ഇതോടെ വെട്ടിലായ സിപിഎമ്മും ദേശാഭിമാനിയും നിരുപാധികം മാപ്പ് പറഞ്ഞു. എന്നാല്‍ മാപ്പ് അംഗീകരിക്കില്ലെന്നും എല്ലാം കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നുമായി മറിയക്കുട്ടി. ഇത്തരമൊരു തിരിച്ചടി കിട്ടിയ സര്‍ക്കാര്‍ മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് കോടതിയില്‍ വാദിച്ചത് പരിഹാസ്യമാണ്. പാവങ്ങളോടുള്ള വിദ്വേഷം ഒരു കാരണവശാലും കയ്യൊഴിയില്ലെന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണിത്.
സര്‍ക്കാരിനെ കോടതി കയറ്റിയ മറിയക്കുട്ടി ഒരു വിഐപിയാണെന്നും, അങ്ങനെതന്നെയാണ് അവരുടെ പരാതി പരിഗണിക്കുന്നതെന്നും പറഞ്ഞ കോടതി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. കോടതി നടപടിയോടുള്ള മറിയക്കുട്ടിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. പിണറായി വിജയന് വിദേശയാത്ര നടത്താന്‍ നമ്മുടെ നികുതിപ്പണം വേണം. എന്നാല്‍ പാവപ്പെട്ട ഞങ്ങള്‍ക്ക് തരാനുള്ള പെന്ഷന് സര്‍ക്കാരിന് കാശില്ല. അതിന് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയേണ്ട. ഞങ്ങളുടെ പേരു പറഞ്ഞ് പെട്രോളിന് നികുതി കൂട്ടിയ കാശ് എവിടെപ്പോയി എന്ന മറിയക്കുട്ടിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ. ജനങ്ങളുടെ കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും യാതൊരു സഹതാപവുമില്ലാത്ത ഒരു ഭരണകൂടത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതാണ് മറിയക്കുട്ടിയുടെ ഹര്‍ജിയും അതിലുള്ള കോടതി ഇടപെടലുകളും. എന്തായിരുന്നാലും സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി സംബന്ധിച്ച ചില സത്യങ്ങള്‍ കോടതിയില്‍ സര്‍ക്കാരിന് തുറന്നുപറയേണ്ടിവന്നു. ആവശ്യത്തിന് പണമില്ലാത്തതുകൊണ്ടാണ് പെന്ഷന് മുടങ്ങുന്നതെന്നാണ് കോടതിയെ അറിയിച്ചത്. വിധവാ പെന്‍ഷനില്‍ 300 രൂപ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമാണന്നും പറഞ്ഞിരിക്കുന്നു. എന്നാല്‍ കോടതിക്ക് പുറത്ത് ഇതൊന്നും സര്‍ക്കാര്‍ സമ്മതിക്കില്ല. സമ്പദ്വ്യവസ്ഥ ശക്തമാണെന്നും വികസനത്തിലേക്ക് കുതിക്കുകയാണെന്നുമാണ് പ്രചാരണം. 1600 രൂപയാണ് വിധവാ പെന്ഷന്. ഇതിന്റെ പോലും 20 ശതമാനം കേന്ദ്രമാണ് വഹിക്കുന്നത് എന്നുവരുമ്പോള്‍ പിണറായി സര്‍ക്കാരും സിപിഎമ്മും കൊണ്ടുനടക്കുന്ന കേന്ദ്രവിരോധത്തിന്റെ പൊള്ളത്തരമല്ലേ വെളിവാകുന്നത്. സാധുക്കളായ ജനങ്ങളെ പട്ടിണിയിലേക്കു തള്ളിവിട്ട് പാര്‍ട്ടി വളര്‍ത്തുകയും നികുതിപ്പണം ധൂര്‍ത്തടിക്കുകയും ചെയ്യുന്ന ഒരു ഭരണസംവിധാനത്തെ തുടരാന്‍ അനുവദിക്കുന്നത് സമ്പൂര്‍ണനാശത്തിനിടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: