വൈഷ്ണവര്‍ക്ക് ഒരു വര്‍ഷത്തില്‍ പ്രധാനമായി നാലു ഏകാദശികള്‍ അതിവിശിഷ്ടമെന്നു കരുതി വ്രതം ആചരിക്കാറുണ്ട്. ആഷാഢമാസത്തിലെ ശയനൈകാദശി, കാര്‍ത്തികമാസത്തിലെ ഉത്ഥാന ഏകാദശി, ഭാദ്രപ്രദമാസത്തിലെ പരിവര്‍ത്തന ഏകാദശി, ധനുമാസത്തിലെ വെളുത്ത പക്ഷത്തില്‍ വരുന്ന സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നിവയാണവ. എല്ലാ പാക്ഷികങ്ങളിലും ഏകാദശി വൈഷ്ണവര്‍ ആചരിക്കാറുണ്ട്. വിഷ്ണുലോകമായ വൈകുണ്ഠത്തിലേക്കുള്ള വാതില്‍ തുറക്കുന്ന ദിവസമാണ് സ്വര്‍ഗവാതില്‍ ഏകാദശി.
കൃഷ്ണവതാര കാലത്ത് ശ്രീകൃഷ്ണഭഗവാന് മഹാഭാരതയുദ്ധത്തിന്റെ തുടക്കത്തില്‍ അര്ജുനന് ഗീതോപദേശം നല്കിയതും ഒരു സ്വര്‍ഗവാതില്‍ ഏകാദശി തിഥിയിലാണ്. അതുകൊണ്ടാണ് ഈ ഏകാദശി ഗീതാജയന്തിയായും ആചരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രം എന്ന് തന്നെ അറിയപ്പെടുന്ന ജില്ലയിലെ ജ്യോതിസര്‍ എന്ന സ്ഥലത്ത് ഗീതോപദേശത്തിന് സാക്ഷിയായിരുന്ന അശ്വത്ഥവൃക്ഷം (ആല് മരം)ഇന്നുമുണ്ട്.
സ്വര്‍ഗവാതില്‍ ഏകാദശി ദിവസത്തില്‍ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തിയാല്‍ ആ വ്യക്തിക്ക് മരണാനന്തരം വിഷ്ണു ലോകത്തെത്താമെന്നാണ് വിശ്വാസം. അന്നേ ദിവസം വിഷ്ണു ക്ഷേത്രത്തില്‍ നെയ്വിളക്ക് തെളിക്കുന്നതും പുണ്യപ്രദമാണ്. സ്വര്‍ഗവാതില്‍ ഏകാദശി നാളില്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നവര്‍ ഒരു വാതിലില്‍ കൂടി പ്രവേശിച്ച് ആരാധനയ്ക്കും ദര്‍ശനത്തിനും ശേഷം മറ്റൊരു വാതിലില്‍ കൂടി പുറത്ത് കടക്കുന്നത് സ്വര്‍ഗവാതില്‍ കടന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ദിവസത്തിന് മോക്ഷദ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി എന്നും കൂടി വിളിക്കുന്നത്.
തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി
തിരുപ്പതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ വലതുവശത്ത് വൈകുണ്ഠ ദ്വാരം എന്ന് എഴുതിയിട്ടുള്ള അടഞ്ഞു കിടക്കുന്ന ഒരു സ്വര്‍ണ്ണവാതില്‍ കാണാം. വൈകുണ്ഠ ഏകാദശി മുതല്‍ പത്ത് ദിവസത്തേക്ക് മാത്രമാണ് ഈ വാതില്‍ തുറക്കുന്നത്. ഈ വാതിലില്‍ കൂടി പ്രവേശിച്ച് ഗര്ഭഗൃഹത്തിന് തൊട്ടു പിറകില്‍ കൂടി ശ്രീകോവിലിന് ചുറ്റുമുള്ള പ്രദക്ഷിണവഴിയേ നടന്ന് മറുഭാഗത്തെ വാതിലില്‍ കൂടി പുറത്തിറങ്ങാം. ഈ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് മുക്കോടി പ്രദക്ഷിണവീഥി എന്നും പേരുള്ള ഈ ചുറ്റമ്പലത്തിലേക്ക് കടന്ന് വലം വക്കുവാന് കഴിയും.
മലയാളികള്‍ പൊതുവേ ആചരിക്കുന്ന ഏകാദശി വ്രതത്തെക്കുറിച്ചും ഒരു സൂചന താഴെ കൊടുക്കുന്നു.
ചാന്ദ്രമാസ കാലഗണനയിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവാസിക്കും പൗര്‍ണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തില്‍ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികള്‍ ഒരു ചാന്ദ്രമാസത്തില്‍ വരുന്നു. ഒരു വര്‍ഷത്തില്‍ സാധാരണ 24 ഏകാദശികള്‍ ഉണ്ടാകും ചില വര്‍ഷങ്ങളില്‍ 25 എണ്ണവും വരാം. ഹൈന്ദവ വിശ്വാസങ്ങളില്‍ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചുള്ള ഒരനുഷ്ഠാനമാണ് ഏകാദശി വ്രതം. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും, ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ സമയഭാഗത്തെ ഹരിവാസരം എന്നും പറയുന്നു. (ഒരു നാഴിക 24 മിനിട്ട് ) ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ഏകാദശിയും ഒരിക്കലൂണ് ആയാലും. ഏകാദശിനാള്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. ഭജന, സത്സംഗം , പുണ്യക്ഷേത്രദര്‍ശനം ഇവ നടത്തി ദ്വാദശിനാള്‍ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷ ഏകാദശിയാണ് ഉത്തമമെന്ന് കരുതപ്പെടുന്നത് .എല്ലാ മാസവും ഗൃഹസ്ഥരായുള്ളവര് ശുക്ലപക്ഷ ഏകാദശിയും, വാനപ്രസ്ഥര്, സന്ന്യാസിമാര്‍, വിധവകള്‍ മുതലായവര്‍ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവര്‍ക്കും ഏകാദശി വ്രതാനുഷ്ഠാനം പരമൗഷധമായി വിധിച്ചിട്ടുണ്ട് .
സംസാരാഖ്യമഹാഘോരദുഃഖിനാം സര്‍വ്വദേഹിനാം
ഏകാദശ്യുപവാസോയം നിര്‍മ്മിതം പരമൗഷധം.
മകരം, മീനം, മേടം എന്നീ മാസങ്ങളിലേതെങ്കിലും മാസത്തില്‍ വേണം ഏകാദശിവ്രതം ആരംഭിക്കുവാന്‍. ഏകാദശി നാളില്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം ദശമി ദിവസം മുതല്‍ തന്നെ വ്രതം തുടങ്ങണം. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവൂ.
ഏകാദശി നാളില്‍ രാവിലെ മൂന്ന് മണി മുതല്‍ വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്‍ണ്ണമായ ഉപവാസമാണ് വേണ്ടത്. പകല്‍ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി തുളസി തീര്‍ത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്ണുസൂക്ത ജപം, ഭാഗ്യസൂക്തജപം പുരുഷസൂക്ത ജപം തുടങ്ങിയവയും ഇവകൊണ്ടുള്ള അര്‍ച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കില്‍ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂര്‍വ്വം സഹസ്രനാമം ചൊല്ലുന്നതും ഉത്തമമായിരിക്കും. ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറക്ക് വലം വെച്ച് തൊഴുന്നതും നല്ലതാണ്. തുളസിക്കു ചുറ്റും മൂന്ന് വലത്താണ് വയ്ക്കേണ്ടത് . പ്രദക്ഷിണം ചെയ്യുമ്പോള്‍ ഈ മന്ത്രം ചൊല്ലുന്നത് ഉത്തമം.
‘പ്രസീദ തുളസീ ദേവി പ്രസീതഹരീവല്ലഭേ ക്ഷീരോദ
മദനോദ്ഭൂതേ തുളസീ ത്വം നമാമ്യഹം’
ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം രാവിലെ ഉറക്കമുണര്‍ന്ന് മലരും തുളസിയിലയും ഇട്ട തീര്‍ത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കുക) ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. ക്രമേണ പഴങ്ങള്‍ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം. പുരാണ കഥകള്‍ അനുസരിച്ച് ഒരു ദേവിയാണ് ഏകാദശി ദേവി. ഈ ദേവി വിഷ്ണുവില് നിന്നും ഉല്‍ഭവിച്ചതാണ്. ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യഞ്ജങ്ങളും മറ്റ് പുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: