Categories: Kerala

വനിതാ സുഹൃത്തിന് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കുന്ന പ്രതിരോധവകുപ്പിന്റെ കപ്പലിന്റെ വീഡിയോകള്‍ അയച്ച യുവാവ് അറസ്റ്റില്‍

Published by

കൊച്ചി : കൊച്ചി കപ്പല്‍ശാലയില്‍ ഇന്ത്യന്‍ നാവിക സേനയ്‌ക്കായി നിര്‍മ്മിക്കുന്ന പ്രതിരോധവകുപ്പിന്റെ കപ്പലിന്റെ ചിത്രങ്ങള്‍ വനിതാ സുഹൃത്തിന് അയച്ചുകൊടുത്ത കപ്പല്‍ ശാലജീവനക്കാരനെ അറസ്റ്റ് ചെയ്തു. കപ്പല്‍ശാലയില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിരോധ ആവശ്യത്തിനുള്ള കപ്പലിന്റെ നിര്‍മ്മാണം എന്നത് അതീവരഹസ്യമായ കാര്യമാണ്. ഇതിന്റെ ചിത്രമാണ് ശ്രീനിഷ് പൂക്കോടന്‍ വനിതാ സുഹൃത്തിന്റെ സമൂഹമാധ്യമഅക്കൗണ്ടായ എയ്ഞ്ചല്‍ പായല്‍ എന്ന അക്കൗണ്ടിലേക്ക് അയച്ചത്. വീഡിയോകളും അയച്ചതായി പറയുന്നു.

പ്രതിരോധക്കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍, വിവിഐപികളുടെ സന്ദ‍ര്‍ശന വിവരങ്ങള്‍, കപ്പലിനുള്ളിലെ വിവിധ സാങ്കേതിക വിദ്യകളും സവിശേഷതകളും എന്നിവ വ്യക്തമാക്കുന്ന വീഡിയോകള്‍ അയച്ചുകൊടുത്തിട്ടുള്ളതായി പറയുന്നു.

ഫെയ്സ് ബുക്ക് വഴിയാണ് ശ്രീനിഷ് പൂക്കോടന്‍ ഏയ്ഞ്ചലുമായി പരിചയത്തിലാവുന്നത്. പിന്നീട് സ്ഥിരമായി ഇവര്‍ ചാറ്റു ചെയ്യാറുണ്ട്. ഈ സ്ത്രീ ഒരിയ്‌ക്കല്‍ നേരിട്ട് വിളിക്കുകയും വിവരങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടെന്നും ശ്രീനിഷ് പൂക്കോടന്‍ പൊലിസിന് മൊഴി നല്‍കി.

ഇന്‍റലിജന്‍സ് ബ്യൂറോ, കപ്പല്‍ശാലയിലെ ആഭ്യന്തര സുരക്ഷ അന്വേഷണവിഭാഗം എന്നിവരാണ് ഇക്കാര്യം കണ്ടെത്തിയത്. ഏയ്ഞ്ചലിന്റെ വിദേശബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്.

ചില സന്ദേശങ്ങള്‍ നീക്കം ചെയ്തും സംശയം വര്‍ധിപ്പിക്കുന്നു. ഇത് ബൈസര്‍ ഫോറന്‍സിക് വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടെടുക്കും. ഫോണ്‍കോളുകളുടെയും സമൂഹമാധ്യമഅക്കൗണ്ടിന്റെയും വിവരങ്ങളും അന്വേഷിച്ചുവരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by